ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് മീററ്റിൽ വലിയ പ്രതീക്ഷയിൽ സമാജ്‌വാദി പാർട്ടിയും
പ്രത്യേക ലേഖകൻ
മീററ്റ്
പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുമെന്ന ആശങ്കയ്ക്കിടയിലും മീററ്റ് ജില്ലയിൽ മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് എസ്.പി നേതാക്കളും പ്രവർത്തകരും. എന്നാൽ ജില്ല മൊത്തം തൂത്തുവാരുമെന്ന അവകാശവാദവുമില്ല. ജില്ലയിലെ ഏഴു മണ്ഡലങ്ങളിൽ നാലിലെങ്കിലും വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണവർ.
നിലവിൽ ജില്ലയിലെ ഏഴു സീറ്റുകളിൽ ഒന്നു മാത്രം കൈവശമുള്ള പാർട്ടിക്ക് ഇതെങ്ങനെ സാധ്യമാകുമെന്ന ചോദ്യത്തിന് എസ്.പി സൗത്ത് മണ്ഡലം കമ്മിറ്റി ഉപാധ്യക്ഷൻ പ്രവീൺ രാജു സിങ്ങിന് ഉത്തരമുണ്ട്. പഴയ രാഷ്ട്രീയ സാഹചര്യം ഏറെ മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ജാട്ട്, യാദവ സമുദായങ്ങളിൽ ഒരു വിഭാഗത്തിന്റെ വോട്ടുകൾ ബി.ജെ.പിക്ക് കിട്ടിയിരുന്നു.
ഇത്തവണ അതുണ്ടാവില്ല. ഈ വിഭാഗങ്ങളിലെ കർഷകർക്ക് ഇപ്പോൾ ബി.ജെ.പിയോട് എതിർപ്പുണ്ട്. ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കാൻ തൊട്ടടുത്ത എതിരാളിയായ എസ്.പിക്കു തന്നെ അവർ വോട്ട് ചെയ്യും. കൂടാതെ നേരത്തെ തന്നെ പാർട്ടിക്കൊപ്പമുള്ള മുസ്‌ലിം വോട്ടുകളിൽ ഒരുതരത്തിലും ഇളക്കം സംഭവിക്കില്ലെന്ന വിശ്വാസവും അദ്ദേഹത്തിനുണ്ട്.
ബി.എസ്.പിയുടെ സാന്നിധ്യം എസ്.പിയുടെ വിജയസാധ്യത കുറയ്ക്കില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പണ്ടത്തെപ്പോലെ മായാവതിയെ ഇപ്പോൾ നാട്ടുകാർ വിശ്വസിക്കുന്നില്ലെന്നും യോഗിയെ ഒളിഞ്ഞു സഹായിക്കുന്ന നിലപാടാണ് അവരിപ്പോൾ സ്വീകരിക്കുന്നതെന്നും പ്രവീൺ പറഞ്ഞു. നേരത്തെ ബി.എസ്.പിക്കു ലഭിച്ചിരുന്ന ദലിത് വോട്ടുകളിൽ വലിയൊരു പങ്ക് ഇത്തവണ എസ്.പിക്കു ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."