റിയാദ്: അബ്ഷിർ വഴി ലഭ്യമാകുന്ന ഡിജിറ്റൽ ഇഖാമ സംവിധാനം സഊദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് രാജകുമാരൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്മാർട്ട് ഫോണുകളിൽ ഇഖാമ കാർഡ് സൂക്ഷിക്കാൻ വിദേശികൾക്ക് അവസരമൊരുക്കുന്ന ഹവിയ്യതു മുഖീമിന്റെ (ഇഖാമ) ഇലക്‌ട്രോണിക് കാർഡ് സേവനമാണ് ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തത്.
അബ്ഷിർ വഴി എടുക്കാൻ കഴിയുന്ന ഇ- ഇഖാമ മൊബൈലിൽ സേവ് ചെയ്ത് വെച്ച് വിദേശികൾക്ക് ഉപയോഗിക്കാനാകും. ഇതോടെ, നിലവിലെ കാർഡ് ഇഖാമ എടുക്കാൻ മറന്നാലും ഇനി കുഴപ്പമില്ല.
അതോടൊപ്പം ഗൾഫ് പൗരന്മാർക്കും വിസിറ്റ് വിസക്കാർക്കും ആശ്രിത വിസക്കാർക്കും ഇഖാമ നമ്പറും ബോർഡർ എൻട്രി നമ്പറും നൽകി 'അബ്ശിർ' പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കുന്ന സേവനവും മന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.