മുനവ്വര്‍ ഫാറൂഖിക്ക് സുപ്രിം കോടതിയില്‍ ജാമ്യം; വ്യക്തതയില്ലാത്ത എഫ്.ഐ.ആറെന്ന് നിരീക്ഷണം
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. എഫ്.ഐ.ആറില്‍ വ്യക്തതയില്ലെന്ന് അദ്ദേഹത്തിന്റെ ജാമ്യം ഹരജി പരിഗണിക്കവേ കോടതി നിരീക്ഷിച്ചു.
ജനുവരി 2നാണ് ഗുജറാത്ത് സ്വദേശിയായ മുനവര്‍ ഫാറൂഖി ഉള്‍പ്പടെ അഞ്ച് പേരെ ഇന്‍ഡോര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിന് ഇന്‍ഡോറിലെ ഒരു കഫേയില്‍ വച്ച് നടത്തിയ പരിപാടിയില്‍ വച്ച് ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അപമാനിച്ചു എന്നായിരുന്നു പരാതി. ബി.ജെ.പി എം.എല്‍.എ മാലിനി ഗൗറിന്റെ മകന് ഏകലവ്യ സിംഗ് ഗൗറാണ് പരാതി നല്‍കിയത്. പ്രാദേശിക കോടതി ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും മദ്ധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിക്കയുമായിരുന്നു. തടുര്‍ന്ന് മുനവ്വര്‍ സുപ്രിംകോടതിയെ സമീപിച്ചു. മുനവ്വര്‍ ഉള്‍പെടെ അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.
അതേസമയം, ഫാറൂഖി മതവികാരം വ്രണപ്പെടുത്തി എന്ന പരാതി തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ ഇല്ലെന്ന് ഇന്‍ഡോര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ കമലേഷ് ശര്‍മ പറഞ്ഞതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഫാറൂഖി നിരന്തരം ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്ന് കേട്ടിരുന്നു. അതുകൊണ്ടാണ് ടിക്കറ്റെടുത്ത് കയറിയതെന്നും പരിപാടിയില്‍ ഫാറൂഖി ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അധിക്ഷേപിച്ചു എന്നുമാണ് അറസ്റ്റിനു പിന്നാലെ ഏകലവ്യ ഗൗര്‍ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."