വാളയാര്‍ ചെക്ക് പോസ്റ്റില്‍ മിന്നല്‍പരിശോധന: മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റിന് സമീപം ദേശീയപാതയില്‍ അര്‍ധരാത്രി ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി വാഹനങ്ങള്‍ തടഞ്ഞു പരിശോധന നടത്തി. മൂന്നുലക്ഷം രൂപയുടെ നികുതി വെട്ടിച്ചുകടന്ന അഞ്ചു വാഹനങ്ങള്‍ അരമണിക്കൂര്‍ കൊണ്ട് പിടികൂടി. ആര്‍. ടി. ഒ ചെക്‌പോസ്റ്റിലും കമ്മിഷണര്‍ പരിശോധന നടത്തി.
ക്രമക്കേട് കാണിച്ച അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുല്‍ബാരി, സഫര്‍ ഇഖ്ബാല്‍, പ്യൂണ്‍ സാബുജോസ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഡി.ശ്രീകുമാര്‍, യു.സുനില്‍കുമാര്‍ എന്നിവരെ സ്ഥലം മാറ്റി. പരിശോധനയില്‍പ്പെടാതെ വാഹനങ്ങള്‍ കേരളത്തിലേക്കെത്തുന്നുവെന്നതിന് വ്യക്തമായ തെളിവാണിത്. ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിമാറ്റ സമയത്ത് ഇടനിലക്കാരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മാഫിയ ഇത്തരത്തില്‍ ലോറികള്‍ കടത്തിവിടുന്നതായും സംശയമുണ്ട്.
വാളയാര്‍ ചെക്‌പോസ്റ്റ് കടന്നു പാലക്കാടു ഭാഗത്തേക്കു വന്ന വാഹനങ്ങളാണു ഗതാഗതകമ്മിഷണര്‍ പരിശോധിച്ചത്. പെര്‍മിറ്റില്ലാതെയും നികുതി അടയ്ക്കാതെയും വന്ന യാത്രാവാഹനങ്ങളും ചരക്കുലോറികളും കമ്മിഷണര്‍ പിടിച്ചു.
ബംഗളുരുവില്‍ നിന്നു മലപ്പുറത്തേക്കു ഗ്രാനൈറ്റ് കൊണ്ടുവന്ന ലോറി ചെക്‌പോസ്റ്റില്‍ ഒരു നികുതിയുമടയ്ക്കാതെയാണ് എത്തിയത്.
ഒരു രേഖയുമില്ലാതെ ലോറി ചെക്‌പോസ്റ്റ് കടന്നപ്പോള്‍ രണ്ടരലക്ഷം രൂപയുടെ വെട്ടിപ്പാണ് ഉദ്യോഗസ്ഥരും ഇടനിലക്കാരും നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."