ന്യൂഡൽഹി: കേന്ദ്ര സര്‍വീസുകളില്‍ 8,75,158 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്ന കണക്കുകള്‍ പുറത്ത്. രാജ്യത്തെ യുവജനങ്ങള്‍ തൊഴിലിലായ്മ മൂലം പൊറുതിമുട്ടുമ്പോഴാണ് ലക്ഷക്കണക്കിന് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത്. രാജ്യ സഭയില്‍ ഡോ. വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് യൂണിയന്‍ പേഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് & പെന്‍ഷന്‍സ് വകുപ്പ് സഹ മന്ത്രി ഡോ. ജിതേന്ദ്ര സിങ് നല്‍കിയ മറുപടിയിലാണ് കേന്ദ്ര സര്‍വീസുകളില്‍ ഇത്രയധികം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായി വെളിപ്പെട്ടത്. ഗ്രൂപ്പ് എ വിഭാഗത്തില്‍ 21,255 ഒഴിവുകളും, ഗ്രൂപ്പ് സി വിഭാഗത്തില്‍ 7,56,146 തസ്തികകളുമാണ് ഒഴിഞ്ഞ് കിടക്കുന്നത്.
അതെ സമയം ഇന്ത്യന്‍ റെയില്‍വേയില്‍ മാത്രം റെയില്‍വേയില്‍ 2,65,547 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് മുറുപടി നല്‍കിയിരുന്നു. 2177 ഗസറ്റഡ് തസ്തികകളും 263370 നോണ്‍ ഗസറ്റഡ് തസ്തികകളും ഉള്‍പ്പെടെ ആകെ 2,65,547 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത് .
റെയില്‍വേയുടെ റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ക്ക് എതിരെ ബിഹാറിലും ഉത്തര്‍പ്രദേശിലും വലിയ പ്രതിഷേധങ്ങള്‍ നടക്കുമ്പോഴാണ് വന്‍ തോതിലുള്ള തസ്തിക ഒഴിവുകള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ഉണ്ടെന്ന കണക്കുകള്‍ പുറത്ത് വന്നത്.