സമസ്തയും മുസ്‌ലിം ഐക്യവും
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്
ഇസ്‌ലാമിക ആദര്‍ശത്തിന്റെ തനിമ നിലനിര്‍ത്താനായി 95 വര്‍ഷം മുമ്പ് രൂപീകരിച്ച കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ആധികാരിക മതപണ്ഡിത സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ആദര്‍ശത്തില്‍ ഭേദഗതി വരുത്താനോ കൂട്ടിച്ചേര്‍ക്കാനോ വെട്ടിമാറ്റാനോ അനുവദിക്കാതെ, ഒരു പോറലുമേല്‍ക്കാതെ കാത്തുസൂക്ഷിക്കുക എന്നതായിരുന്നു 1921ല്‍ രൂപീകരിക്കപ്പെട്ട സമസ്തയുടെ മുഖ്യലക്ഷ്യം. രൂപീകരണ പശ്ചാത്തലവും അതിന്റെ ഭരണഘടനയും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഭരണഘടനയില്‍ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നിടത്ത് അഞ്ചു കാര്യങ്ങളില്‍ ആദ്യത്തെ രണ്ടും ഊന്നിപ്പറയുന്നത് ആദര്‍ശ സംരക്ഷണത്തെ കുറിച്ചാണ്.
(എ) പരിശുദ്ധ ഇസ്‌ലാം മതത്തിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും അഹ് ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ യഥാര്‍ഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
(ബി) അഹ് ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസത്തിനും ആചാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും പ്രചാരണങ്ങളെയും നിയമാനുസരണം തടയുകയും അത്തരം അബദ്ധങ്ങളെക്കുറിച്ച് മുസ്‌ലിംകള്‍ക്ക് ബോധമുണ്ടാക്കി തീര്‍ക്കുകയും ചെയ്യുക.
പലിശ, മദ്യം, വ്യഭിചാരം തുടങ്ങിയ തിന്മകള്‍ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു മുസ്‌ലിമിനൊപ്പം സൗഹൃദം പങ്കിട്ട് ജീവിക്കുകയും അവന്റെ തിന്മകള്‍ക്കെതിരേ കണ്ണടക്കുകയും ചെയ്യുന്നത് അവന്റെ ദുര്‍നടപ്പിനു പ്രോത്സാഹനമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. മതപരിഷ്‌കരണവാദികളോട് അകലം പാലിക്കുകയും നവീനവാദങ്ങളുടെ ദൗര്‍ബല്യം തുറന്നുകാണിക്കുകയും ചെയ്യുന്ന സമസ്ത നിലപാട് തീര്‍ത്തും സുചിന്തിതമാണ്. ദുര്‍മാര്‍ഗികളോട് സമൂഹം സ്വീകരിക്കുന്ന സമീപനവും മതപരിഷ്‌കരണവാദികളോട് സമസ്ത സ്വീകരിക്കുന്ന നിലപാടും ഒരേ നാണയത്തിന്റെ രണ്ടു പുറങ്ങളാണ്.
രാജ്യത്തെ മുസ്‌ലിം സമൂഹം നേരിടുന്ന പൊതുപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന വേദികളില്‍ എല്ലാ വിഭാഗം ആളുകളുമായി സഹകരിക്കാമെന്ന വിശാലമായ കാഴ്ചപ്പാടാണ് സമസ്ത സ്വീകരിച്ചുപോന്നിട്ടുള്ളത്. രാഷ്ട്രീയപാര്‍ട്ടികളില്‍ സമസ്തയുടെ പ്രവര്‍ത്തകര്‍ അംഗത്വമെടുക്കുന്നത് അതിന്റെ പ്രകടമായ ഉദാഹരണമാണ്. 1937ല്‍ മലബാര്‍ ജില്ലാ മുസ്‌ലിം ലീഗ് രൂപീകരിച്ചപ്പോള്‍ സമസ്ത സ്ഥാപകനായിരുന്ന പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരും തന്റെ ആദര്‍ശ ശത്രു കെ.എം മൗലവിയും ഒരുമിച്ച് മുസ്‌ലിം ലീഗ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചു. 1985ലെ പ്രസിദ്ധമായ ശരീഅത്ത് സംരക്ഷണ സമരത്തില്‍ സമസ്ത ഇതരരോടൊപ്പം ഒരുമിച്ചുനിന്ന് പ്രവര്‍ത്തിച്ചത് മറ്റൊരു ഉദാഹരണം. എന്നാല്‍ മതനവീകരണവാദികളോടൊപ്പം ഒരുകാരണവശാലും വേദി പങ്കിടാന്‍ പാടില്ലെന്ന്, തീര്‍ത്തും സങ്കുചിതമായ തീവ്രനിലപാട് സ്വീകരിച്ച് വേറിട്ടുപോയി സംഘടന രൂപീകരിച്ച് പ്രവര്‍ത്തിച്ചവര്‍ പില്‍ക്കാലത്ത് സമസ്തയുടെ അതേ പ്രായോഗിക സമീപനം സ്വീകരിക്കുന്നതാണ് പിന്നീട് നാം കണ്ടത്. കൊച്ചിയില്‍ നടന്ന പൗരത്വനിയമ വിരുദ്ധ മുസ്‌ലിം ഐക്യസമ്മേളനം ഉദാഹരണം.
പൊതുവിഷയങ്ങളില്‍ ഒന്നിക്കുമ്പോഴും വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശബോധവും പൂര്‍വിക നിലപാടുകളും കാത്തുസൂക്ഷിച്ച പാരമ്പര്യമാണ് സമസ്തയുടേത്. മുജാഹിദ്, ജമാഅത്ത് തുടങ്ങിയ നവീനവാദികളുടെ പരിപാടികളില്‍ പങ്കെടുക്കുകയോ അവരെ നമ്മുടെ പരിപാടികളില്‍ പങ്കെടുപ്പിക്കുകയോ ചെയ്യരുതെന്ന പൂര്‍വകാല ബന്ധവിച്ഛേദന നയം സമസ്ത ഇന്നും അതേപടി പിന്തുടരുന്നു. ഒരുവര്‍ഷം മുമ്പ് പോലും സമസ്ത ഈ നിലപാട് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. 'നവീന ചിന്താഗതിയും തീവ്രവാദ പ്രവര്‍ത്തനങ്ങളും ഒരുപോലെ അപകടകരമാണെന്നും ഇക്കാര്യത്തില്‍ സമുദായം അതീവ ജാഗ്രത പുലര്‍ത്തണ'മെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം അഭ്യര്‍ഥിച്ചു. തിരുനബിയും അനുചരരും മുന്‍കാല മഹത്തുക്കളും കാണിച്ചുതന്ന ഋജുവായ പാതയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പിന്തുടരുന്നത്. സമസ്തയുടെ പാരമ്പര്യ നിലപാട് സുതാര്യവും സുവ്യക്തവുമാണ്.
സമുദായത്തെ ബാധിക്കുന്ന പൊതുപ്രശ്‌നങ്ങളില്‍ മറ്റു മുസ്‌ലിം സംഘടനകളുമായും അല്ലാത്തവരുമായും വേദി പങ്കിടാം. എന്നാല്‍ അതിലപ്പുറം ബിദഈ പ്രസ്ഥാനങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതും വേദി പങ്കിടുന്നതും പാടില്ലെന്നത് സമസ്ത ഇന്നേവരെ തുടര്‍ന്നവരുന്ന നിലപാടുകളാണ്. ബിദാഈ പ്രസ്ഥാനക്കാരും വ്യാജ ത്വരീഖത്തുകാരും സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഉത്തരവാദപ്പെട്ട പദവികളില്‍ ഇരിക്കുന്നവരും പ്രവര്‍ത്തകരും പങ്കെടുക്കാവുന്നതല്ല. തീവ്രവാദത്തോടുള്ള സമസ്തയുടെ നിലപാടില്‍ മാറ്റമില്ല. സമുദായ സൗഹാര്‍ദവും രാജ്യസ്‌നേഹവും ഊട്ടിയുറപ്പിക്കാന്‍ എന്നും മുന്നില്‍നിന്ന പ്രസ്ഥാനമാണ് സമസ്ത. അതിനു കളങ്കമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഈ വിഷയത്തില്‍ സമുദായം അതീവ ജാഗ്രത പുലര്‍ത്തണമെന്നും യോഗം അഭ്യര്‍ഥിച്ചു'. (സുപ്രഭാതം 16.12.2020)
ഭിന്നത എക്കാലവും അതേപടി തുടരണമെന്ന് സമസ്ത ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കിയ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്ത് ഒരേ നിലപാട് സ്വീകരിക്കാന്‍ സമസ്ത തന്നെ മുന്‍കൈയെടുത്ത സംഭവങ്ങള്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. 1945 മെയ് 27, 28 തീയതികളിലാണ് സമസ്തയുടെ കാര്യവട്ടം സമ്മേളനം നടന്നത്. സമ്മേളനത്തോടനുബന്ധിച്ച് ഒരുദിവസം വഹാബി പ്രസ്ഥാനവുമായുള്ള ഭിന്നതയ്ക്ക് ആധാരമായ കാര്യങ്ങള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് പരിഹാരം ഉണ്ടാക്കാനാവുമോ എന്ന് ശ്രമിക്കാമെന്ന് സമസ്ത തീരുമാനിച്ചു.
ഇക്കാര്യം അറിയിച്ചുകൊണ്ട് മുജാഹിദ് പണ്ഡിതസഭയുടെ അധ്യക്ഷന്‍ കെ.എം മൗലവിക്ക് സമസ്ത കത്തയച്ചു. എന്നാല്‍ മുജാഹിദ് വിഭാഗത്തിന്റെ പ്രതികരണം ആശാവഹമായിരുന്നില്ല. ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനമായതിനാല്‍ ആ സമ്മേളനത്തില്‍ അല്ലാഹുവിന്റെ ശാപം ഇറങ്ങുമോ എന്ന് ഭയപ്പെടുന്നതിനാല്‍ ഞങ്ങള്‍ ചര്‍ച്ചയ്ക്കില്ലെന്ന നിഷേധാത്മകമായ മറുപടിയാണ് രജിസ്റ്റര്‍ കത്തിലൂടെ മുജാഹിദ് പണ്ഡിതസഭ സമസ്തയെ അറിയിച്ചത്.മുസ്‌ലിം ഐക്യത്തിന് വിട്ടുവീഴ്ച ചെയ്യുമ്പോഴും ആദര്‍ശത്തില്‍ ഒരു തരിമ്പുപോലും സമസ്ത വിട്ടുവീഴ്ച ചെയ്തില്ല. മുസ്‌ലിം ഐക്യവേദിയിലേക്ക് പ്രതിനിധിയെ അയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുജാഹിദ് വിഭാഗം അയച്ച കത്തിന് 16.06.1979 ചേര്‍ന്ന മുശാവറ ഇപ്രകാരം കത്ത് നല്‍കാന്‍ തീരുമാനിച്ചു. മുസ്‌ലിം ഐക്യ വേദിയാണല്ലോ ആവശ്യം. അതിനാല്‍ സുന്നികള്‍ മുസ്‌ലിംകളാണെന്ന് തീരുമാനിച്ചാലേ ആ വേദിയിലേക്ക് സുന്നികളെ ക്ഷണിക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട് സുന്നികള്‍ മുസ്‌ലിംകളാണെന്നും അവര്‍ മുശ്‌രിക്കുകള്‍ അല്ലെന്നും ആദ്യമായി തീരുമാനിക്കുക, എന്നിട്ട് ക്ഷണിക്കുക. പരിഗണിക്കാം (സമസ്ത സ്മരണിക-12. പേജ് 437)
സുന്നികള്‍ മുസ്‌ലിംകളാണെന്നും മുശ്‌രിക്കുകള്‍ അല്ലെന്നും അംഗീകരിക്കാനുള്ള വിട്ടുവീഴ്ചാമനോഭാവം പോലും കാണിക്കാത്തവരാണ് വഹാബി പ്രസ്ഥാനക്കാര്‍. ഐക്യചര്‍ച്ചയ്ക്ക് (മുനാളറ) ക്ഷണിച്ചാല്‍ സുന്നി പരിപാടിയില്‍ ശാപം ഇറങ്ങുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്ന നിലപാട് ആര്‍ക്കാണ് അംഗീകരിക്കാന്‍ കഴിയുക? സ്ഥിരം മുസ്‌ലിം കോഡിനേഷന്‍ എന്ന ഐക്യവേദി വേണ്ടെന്ന് സമസ്ത മുശാവറ എടുത്ത തീരുമാനം പൂര്‍വിക നിലപാടുകളുടെ ആവര്‍ത്തനമാണ്.
പൊതുസ്വീകാര്യനായ പാണക്കാട് തങ്ങള്‍ വിളിച്ചുചേര്‍ക്കുന്ന മുസ്‌ലിം സംഘടനകളുടെ യോഗങ്ങളില്‍ പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്യാമെന്ന സമസ്ത തീരുമാനം ശ്രദ്ധേയമാണ്. ഇസ്‌ലാമിക ആദര്‍ശത്തിന്റെ തനിമ നിലനിര്‍ത്താനും മുസ്‌ലിം സമുദായത്തിന് പൊതുനന്മ കാംക്ഷിക്കുകയും ചെയ്യുന്ന ഒരു സംഘടനയ്ക്ക് ഇങ്ങനെ തീരുമാനിക്കാനേ പറ്റൂ.സംഘടനയില്‍നിന്ന് വേറിട്ടുപോയവരുമായി അനുരഞ്ജന ചര്‍ച്ചകൾ പലപ്പോഴും നടന്നിട്ടുണ്ട്. ഐക്യനിർദേശവുമായി മധ്യസ്ഥൻമാർ സമസ്തയെ സമീപിച്ച ഒരു ഘട്ടത്തിലും സമസ്ത നിഷേധാത്മക നിലപാട് സ്വീകരിച്ചിട്ടില്ല. വിവിധ ഘട്ടങ്ങളിൽ വേറിട്ടുപോയവർക്ക് തിരിച്ചുവരാനും സമസ്തയെന്ന ആദർശ കോട്ടയെ സംരക്ഷിക്കാനും ഒരുമിച്ചു നിൽക്കാനും ഇനിയും സാധ്യതകൾ ഏറെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."