കൊലയറകളാകരുത് ലോക്കപ്പ് മുറികള്‍
പരിഷ്‌കൃത സമൂഹമെന്ന കേരളീയ പൊതുബോധത്തെ ലജ്ജിപ്പിക്കുന്നതാണ് സംസ്ഥാനത്തെ പൊലിസ് ലോക്കപ്പ് മുറികളില്‍ ഇടക്കിടെ അരങ്ങേറുന്ന കൊലപാതകങ്ങള്‍. പൊലിസിന്റെ അപൂര്‍വ നന്മകള്‍ ആഘോഷിക്കപ്പെടുന്നതില്‍ നിന്നുതന്നെ പൊലിസ്, ഭരണകൂടത്തിന്റെ മര്‍ദനോപകരണമാണെന്ന പൊതുബോധത്തെയാണ് അരക്കിട്ടുറപ്പിക്കുന്നത്. നിരപരാധികള്‍ പൊലിസിന്റെ ക്രൂരമര്‍ദനങ്ങള്‍ക്കിരയായി ലോക്കപ്പ് മുറികളില്‍ കൊല്ലപ്പെടുന്നത് ഇപ്പോഴും അവസാനിച്ചിട്ടില്ല. പൊലിസുകാര്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടിട്ടും കസ്റ്റഡി മരണങ്ങള്‍ പിന്നെയും നിര്‍ബാധം തുടരുന്നു. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.
കോഴിക്കോട് റീജ്യനല്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന പി. രാജന്‍ കക്കയം പൊലിസ് ക്യാപില്‍ ഉരുട്ടിക്കൊലക്ക് നിഷ്ഠുരമാംവിധം വിധേയമാക്കപ്പെട്ടതോടെയാണ് കേരളത്തില്‍ കസ്റ്റഡി മരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അവിടുന്നിങ്ങോട്ട് എത്രയോ നിരപരാധികളുടെ രക്തത്തുള്ളികളാണ് കാപാലികരായ ചില പൊലിസുകാരുടെ കാക്കി യൂനിഫോമില്‍ തെറിച്ചുവീണത്. 1976 മാര്‍ച്ച് ഒന്നിനായിരുന്നു പി. രാജന്‍ കക്കയം പൊലിസ് ക്യാംപില്‍ കൊല്ലപ്പെട്ടത്. മകന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ചുനടന്ന പിതാവ് ഈച്ചരവാര്യരുടെ കേരളത്തിലുടനീളമുള്ള അലച്ചില്‍ സമൂഹത്തിന്റെ സങ്കടക്കാഴ്ചയായിരുന്നു. ഇന്നും അതൊരു വിങ്ങുന്ന ഓര്‍മയാണ്. മൃതദേഹം പോലും ആ പിതാവിന് കാണാനായില്ല. മകന്റെ ശവസംസ്‌കാരം യഥാവിധി നടത്താന്‍ കഴിയാത്ത ദുഃഖഭാരത്തോടെയാണ് ആ പിതാവ് എന്നന്നേക്കുമായി കണ്ണടച്ചത്.
ഇടുക്കി വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായ ഒന്‍പത് പൊലിസുകാരെ പ്രതികളാക്കി സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. കൊലക്കുറ്റമാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. നെടുങ്കണ്ടം പൊലിസ് സ്റ്റേഷനിലെ എസ്.ഐ ആയിരുന്ന സാബുവാണ് ഒന്നാം പ്രതി. എസ്.പി അടക്കമുള്ള പ്രമുഖരായ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള അന്വേഷണം പൂര്‍ത്തിയാവാത്തതിനാല്‍ അവരെ കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടില്ല. 2019 ജൂണ്‍ 21 നാണ് രാജ്കുമാര്‍ പീരുമേട് സബ് ജയിലില്‍ മരണപ്പെടുന്നത്. നിയമസഭയിലും പുറത്തും ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് സര്‍ക്കാര്‍ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് പി. നാരായണക്കുറിപ്പിനെ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനായി നിയമിച്ചത്. രാജ്കുമാറിന്റെ മരണം പൊലിസിന്റെ കസ്റ്റഡി കൊലപാതകമാണെന്ന് കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. രാജ്കുമാറിന്റെ ബന്ധുക്കളും ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2020 ജനുവരി 24ന് ഹൈക്കോടതിയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ അന്വേഷണത്തെ തുടര്‍ന്നാണിപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വനിതാ സി.പി.ഒ ഗീതു ഗോപിനാഥും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടത് കേരളം നടുക്കത്തോടെയായിരിക്കും ശ്രവിച്ചിട്ടുണ്ടാവുക. രാജ്കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയെ കൊടുംപീഡനത്തിന് ഇരയാക്കിയതിനാണ് ഗീതു ഗോപിനാഥും പ്രതിപ്പട്ടികയില്‍ വന്നത്. കേരളാ പൊലിസിന്റെ ചരിത്രത്തില്‍ ആദ്യമാണ് ഒരു വനിതാ പൊലിസ് ഉദ്യോഗസ്ഥ കസ്റ്റഡി കൊലപാതകത്തില്‍ പ്രതിയാകുന്നത്. രാജ്കുമാറിന്റെ അറസ്റ്റ് നിയമപരമായി രേഖപ്പെടുത്താതെ പൊലിസ് നടത്തിയ മര്‍ദനമുറകളായിരുന്നു ആ മനുഷ്യന്റെ ജീവനൊടുക്കിയത്.
അധികാര പ്രമത്തതയും എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യവുമാണ് പൊലിസ് സേനയിലെ പലരെയും ഈ പ്രാകൃതമുറയില്‍ അഭിരമിക്കാന്‍ ഇന്നും പ്രേരണ നല്‍കുന്നത്. കുറ്റകൃത്യം തെളിയിക്കാനുള്ള എളുപ്പമാര്‍ഗമായി ചില പൊലിസുകാരെങ്കിലും ക്രൂരമര്‍ദന മുറകള്‍ പുറത്തെടുക്കുന്നു. നൂതനമായ സാങ്കേതിക വിദ്യകളോടെ, ശാസ്ത്രീയമായ രീതിയില്‍ ഇന്ന് ഏതൊരു കുറ്റവും തെളിയിക്കാമെന്നിരിക്കെ അത്തരം മാര്‍ഗങ്ങളൊന്നും അവലംബിക്കാതെ ചില പൊലിസുകാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രാകൃതമുറകള്‍ മനുഷ്യത്വത്തിന് വെല്ലുവിളിയാണ്. ഇതിനൊക്കെപുറമെ വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ച് കൊലപാതകങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. വര്‍ഗീസ് ഇങ്ങനെയാണ് കൊല ചെയ്യപ്പെട്ടത്. മാവോയിസ്റ്റ് മുദ്രകുത്തി നിരവധി പേരെയാണ് ഇതിനുശേഷം പൊലിസ് വനങ്ങളില്‍ കയറി കൊല ചെയ്തത്. ഇവര്‍ക്കെതിരേയൊന്നും ഒരന്വേഷണവും ഇപ്പോഴും നടക്കുന്നില്ല.
2020 മാര്‍ച്ച് വരെയുള്ള മാസത്തിനിടയില്‍ 1,71,216 പേരാണ് ഇന്ത്യയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ദിവസേന അഞ്ചുപേര്‍ കസ്റ്റഡിയില്‍ ഇന്ത്യന്‍ ജയിലുകളില്‍ കൊല ചെയ്യപ്പെടുന്നുവെന്ന് സാരം. സംസ്ഥാനത്ത് 1,129 പൊലിസുകാര്‍ ക്രിമിനല്‍ കേസ് പ്രതികളാണ്. ഇവര്‍ക്കെതിരേ പൊലിസ് ആക്ടിലെ 89-ാം വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ 2018 ഏപ്രില്‍ 12ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ അനങ്ങിയില്ല. അടിയന്തരാവസ്ഥയില്‍ പൊലിസ് കസ്റ്റഡിയില്‍ കൊല ചെയ്യപ്പെട്ടവരുടെ പുറത്തുവന്ന വിവരങ്ങള്‍ പേടിപ്പെടുത്തുന്നതായിരുന്നു. ആ കാലത്താണ് മുറിവേറ്റ ശരീരവും ചോര പുരണ്ട വസ്ത്രവുമായി ഒരു ജനപ്രതിനിധി കടന്നുവന്ന് കേരള നിയമസഭയെ അമ്പരപ്പിച്ചത്. പൊലിസ് മര്‍ദനത്തിന്റെ നേര്‍സാക്ഷ്യമായി വന്ന ആ ജനപ്രതിനിധി ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ആറുപേര്‍ ഭരണകൂടത്തിന്റെ പീഡനമുറികളില്‍ കൊല ചെയ്യപ്പെട്ടത്.
നീതിരഹിതമായ പൊലിസിന്റെ ഇടപെടലുകളാണ് കസ്റ്റഡി മരണത്തില്‍ കലാശിക്കുന്നത്. മനുഷ്യത്വത്തെക്കുറിച്ചും നീതിന്യായ വ്യവസ്ഥയെക്കുറിച്ചും പൊലിസ് സേനയില്‍ ഇനിയും അവബോധമുണ്ടായിട്ടില്ല. അഥവാ തങ്ങള്‍ കുടുങ്ങിയാല്‍ രക്ഷിക്കാന്‍ പൊലിസ് സംഘടനകള്‍ ഉണ്ടെന്ന അഹങ്കാരത്തിലായിരിക്കാം ചില പൊലിസുകാര്‍ ഇത്തരം മുറകള്‍ തുടര്‍ന്നുപോരുന്നത്. ലോക്കപ്പ് മുറികളിലെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ പൊലിസ് സംഘടനകള്‍തന്നെ മുന്‍പോട്ട് വരേണ്ടതുണ്ട്. ശ്രീവാസ്തവയുടെ ഉപദേശമോ ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വമോ തുടര്‍ന്നുകൊണ്ടിരിക്കുന്ന ലോക്കപ്പ് കൊലപാതകങ്ങള്‍ക്ക് വിരാമമിടുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."