HOME
DETAILS
MAL
മുസ്ലിം ലീഗിനെ വിജയരാഘവന് വിമര്‍ശിച്ചത് ജമാഅത്തെ ഇസ്ലാമിയെന്ന വര്‍ഗീയശക്തിയുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍: മുഖ്യമന്ത്രി
backup
February 06 2021 | 04:02 AM
തിരുവനന്തപുരം: മുസ്ലിം ലീഗിനെ സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന് വിമര്‍ശിച്ചത് ജമാഅത്തെ ഇസ്ലാമിയെന്ന വര്‍ഗീയശക്തിയുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെന്ന നിലയിലാണ് ലീഗിനെ വിമര്‍ശിച്ചത്. ഒരു പാര്‍ട്ടി മറ്റൊരു പാര്‍ട്ടിയെ വിമര്‍ശിച്ചെന്നൊക്കെ വരും. ശബരിമല വിഷയം എല്ലാ തെരഞ്ഞെടുപ്പടുക്കുമ്പോഴും എടുത്തിട്ടാല്‍ വോട്ട് കിട്ടുമെന്നാണ് യു.ഡി.എഫിന്റെ വിചാരം. ശബരിമല വിഷയത്തില്‍ ഇനിയൊരു നിലപാടെടുക്കേണ്ടി വന്നാല്‍ അത് പൊതുസമൂഹത്തിലെ വിവിധ വിഭാഗങ്ങളോട് കൂടിയാലോചിച്ച് എടുക്കും.ലീഗിനെ വിമര്‍ശിക്കുന്നതിനെ ഏന്തെങ്കിലും രീതിയില്‍ വര്‍ഗീയമായി കാണേണ്ടതില്ല. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ മുന്‍കൈയെടുത്തത് ലീഗാണ്. അതു പൊതുസമൂഹത്തിന്റെ വികാരത്തിനെതിരാണ്. അതിനെ ചൊല്ലി യു.ഡി.എഫില്‍ തന്നെ രണ്ടഭിപ്രായങ്ങളുണ്ടായി. ജമാഅത്തെ ഇസ്ലാമിയുമായി അവര്‍ ഇപ്പോള്‍ വീണ്ടും രാഷ്ട്രീയ ബാന്ധവത്തിനു ശ്രമിക്കുകയാണ്. അതിനെയാണ് ഇപ്പോള്‍ ഞങ്ങള്‍ വിമര്‍ശിക്കുന്നത്. ലീഗിനെ വിമര്‍ശിച്ചാല്‍ അതില്‍ എന്താണ് വര്‍ഗീയത?
നാലു സീറ്റിനും ചില്ലറ വോട്ടിനും വേണ്ടി വര്‍ഗീയ ശക്തികളുമായി സമരസപ്പെടുന്നത് നാടിനു നല്ലതല്ല. അതാണ് പക്ഷേ യു.ഡി.എഫ് ചെയ്യുന്നത്. നാം കാണേണ്ട വസ്തുത കേരളത്തിലെ ബഹുജനങ്ങളില്‍ മഹാഭൂരിഭാഗം മതനിരപേക്ഷമായി ചിന്തിക്കുന്നവരാണെന്നതാണ്. തെറ്റായ മാര്‍ഗത്തിലൂടെ താല്കാലിക ലാഭമുണ്ടാക്കാന്‍ വര്‍ഗീയതയുമായി സമരസപ്പെടുന്നവരും നീക്കുപോക്കുണ്ടാക്കുന്നവരും നാടിനു തന്നെ ഹാനികരമായ സ്ഥിതിയാണുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."