രാജേഷിന്റെ ഭാര്യയുടെ നിയമനം: യോഗ്യതയുള്ള മൂന്നുപേരെ മറികടന്നെന്ന കത്ത് പുറത്ത്: നിനിത ഒന്നാമതെത്തിയതില്‍ കടുത്ത വിയോജിപ്പുണ്ടെന്നും വിദഗ്ധര്‍
തിരുവനന്തപുരം: എം.ബി രാജേഷിന്റെ ഭാര്യയെ കാലടി സര്‍വകലാശാലയില്‍ നിയമിച്ച സംഭവത്തില്‍ യോഗ്യതയുള്ള രണ്ടോ മൂന്നോ പേരെ മറികടന്നാണ് നിയമനം നടത്തിയതെന്നു ചൂണ്ടിക്കാട്ടി വിഷയവിദഗ്ധരുടെ കത്ത് പുറത്ത്. ജനുവരി 31ന് കാലടി സര്‍വകലാശാല വി.സിക്ക് അയച്ച കത്തിന്റെ കോപ്പിയാണ് പുറത്തായത്. ഇന്‍ര്‍വ്യുബോര്‍ഡിന്റെ തീരുമാനം സര്‍വകാലാശാല നടപ്പാക്കണമെന്നാണ് കത്തിലെ ആവശ്യം. നിനിത ഒന്നാമതെത്തിയതില്‍ കടുത്ത വിയോജിപ്പുണ്ടെന്നും ഇവര്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഡോ.ഉമര്‍ തറമേല്‍, കെ.എം ഭരതന്‍,ടി. പവിത്രന്‍, തുടങ്ങി മൂന്നുപേര് ഒപ്പിട്ട കത്തിലാണ് ഈ ആവശ്യം.
ലിസ്റ്റില്‍ രാജേഷിന്റെ ഭാര്യ നിനിതയായിരുന്നില്ല മുന്നിലുണ്ടായിരുന്നത്. നിനിതയ്ക്ക് നിയമനം നല്‍കിയത് രണ്ടോ അതിലധികമോ പേരെ മറികടന്നാണെന്ന് കത്തില്‍ പറയുന്നു. നിയമനം തങ്ങളുടെ ധാര്‍മ്മികതയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്. ഇന്റര്‍വ്യൂ ബോഡിന്റെ തീരുമാനം നടപ്പാക്കാന്‍ സര്‍വ്വകലാശാല തയ്യാറാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടുന്നു.
റാങ്ക് പട്ടികയില്‍ സ്വജന പക്ഷപാതമുണ്ട്. യോഗ്യതയുള്ള വരെ തഴഞ്ഞാണ് സിപിഎം നേതാവിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്നും കാണിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിനും ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കോളജധ്യാപകരെ നിയമിക്കാനായി പിഎസ്‌സി 2017-ല്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ 212-ാം റാങ്കുകാരി മാത്രമായിരുന്നു നിനിതയെന്നും പരാതിയില്‍ പറയുന്നുണ്ട്.
എന്നാല്‍ നിനിത കണിച്ചേരിയെ കാലടി നിയമിച്ചതില്‍ അപാകതയില്ലെന്ന് ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടിയിരുന്നു, ഇത് സംബന്ധിച്ച് കൃത്യമായ മാനദണ്ഡം പാലിച്ചാണ് നിയമനമെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ വാദം.
ഇന്റര്‍വ്യൂ ബോര്‍ഡില്‍ യു.ജി.സി നിര്‍ദ്ദേശിച്ച വിദഗ്ധരാണ് ഉള്ളത്. ആരോപണം ഉന്നയിച്ച വിദഗ്ധന് രാഷ്ട്രീയം കാണുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ആരോപണമുന്നയിച്ചിരുന്നു.
ഇന്റര്‍വ്യൂ ചെയ്ത ഓരോരുത്തരും എഴുതിയത് രേഖകളിലുണ്ടാകും. ഏത് കോടതിയും ഇത് പരിശോധിക്കട്ടെയെന്ന് കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതൊരു പുകമറ മാത്രമെന്നും എ.എ റഹീം പറഞ്ഞിരുന്നു.
എന്നാല്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ മലയാള- കേരള വിഭാഗത്തിലെ പ്രൊഫസറായ പ്രൊഫ.ഉമര്‍ തറമേലാണ് നിനിത കണിച്ചേരിയുടെ നിയമനത്തില്‍ ക്രമക്കേട് സൂചിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇതോടെയാണ് വിവാദം കത്തിയത്. റാങ്ക് ലിസ്റ്റ് തന്നെ ശീര്‍ഷാസനം ചെയ്ത സ്ഥിതിയാണെന്നും, ഇത്തരമൊരു അനുഭവം തനിക്ക് ജീവിതത്തിലിതാദ്യമാണെന്നും ഡോ. ഉമര്‍ തറമേല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."