ലോകായുക്ത ആവശ്യപ്പെട്ട ഭേദഗതികൾ സർക്കാർ അവഗണിച്ചു
തിരുവനന്തപുരം
ലോകായുക്ത നിയമത്തിൽ തങ്ങൾക്കു ദോഷകരമാകുന്ന വ്യവസ്ഥകൾ ഓർഡിനൻസിലൂടെ തിരുത്താൻ തയാറായ സർക്കാർ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലോകായുക്ത മുന്നോട്ടുവച്ച ഭേദഗതികൾ അവഗണിച്ചു.
ലോകായുക്തയും ഉപലോകായുക്തയും ചേർന്നുകേൾക്കുന്ന കേസുകൾ ലോകായുക്തയുടെ അഭാവത്തിൽ രണ്ടു ഉപലോകായുക്തകൾക്കു കേൾക്കാൻ കഴിയുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യണമെന്നായിരുന്നു ഒരു നിർദേശം. വിധിയിൽ തർക്കമുണ്ടായാൽ മൂന്നു പേരും ഒരുമിച്ചിരുന്നു ഭൂരിപക്ഷ അഭിപ്രായം നോക്കി തീരുമാനിക്കണമെന്ന നിർദേശവും മുന്നോട്ടു വച്ചിരുന്നു. എന്നാൽ, ഭേദഗതി ഓർഡിനൻസ് കൊണ്ടുവന്നപ്പോൾ സർക്കാർ ഇവ പരിഗണിച്ചില്ല.
ശിക്ഷിക്കാൻ അധികാരമില്ല
സംസ്ഥാനങ്ങളിലെ അഴിമതിവിരുദ്ധ ഓംബുഡ്‌സ്മാൻ സംഘടനയാണ് ലോകായുക്ത. കേരളത്തിൽ ലോകായുക്ത നിലവിൽ വരുന്നത് 1998 നവംബർ 15നാണ്. നിയമപ്രകാരം രൂപം കൊണ്ട ഒരു അഴിമതി നിർമാർജന സംവിധാനമാണ് ലോകായുക്ത. ഒരു ലോകായുക്ത. രണ്ട് ഉപ ലോകായുക്തമാർ എന്നിവരടങ്ങിയതാണ് ഈ സംവിധാനം.ലോകായുക്തക്ക് പരിശോധനകൾ നടത്താൻ അധികാരമുണ്ട്. ആരെയും ശിക്ഷിക്കാനുള്ള അധികാരമില്ല. പക്ഷേ, ശിക്ഷ നടപ്പാക്കണമെന്ന് ശുപാർശ ചെയ്യാം. പദവികളിൽനിന്ന് നീക്കുക, തൽസ്ഥാനത്തുനിന്ന് തരം താഴ്ത്തുക, നിർബന്ധിത റിട്ടയർമെന്റ് എടുക്കാൻ ശുപാർശ ചെയ്യുക, ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുക, ശാസന നൽകുക എന്നിങ്ങനെയാണ് ലോകായുക്ത സാധാരണയായി നൽകാറുള്ള ശുപാർശകൾ. നേരിട്ടോ അഭിഭാഷകൻ മുഖാന്തിരമോ ആർക്കും ലോകായുക്തിൽ അഴിമതി വിവരങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."