വിമാനത്താവളങ്ങളിലെ കൊവിഡ് ടെസ്റ്റ് നിരക്ക് നിർണയിക്കുന്നത് സംസ്ഥാന സർക്കാരെന്ന് കേന്ദ്രമന്ത്രി
കൊണ്ടോട്ടി
വിമാനത്താവളങ്ങളിലെ ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ നിരക്ക് നിർണയിക്കുന്നത് അതതു സംസ്ഥാന സർക്കാരുകളാണെന്ന് വ്യോമയാന സഹമന്ത്രി ഡോ. വി.കെ സിങ്. അബ്ദുസ്സമദ് സമദാനി എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും നിശ്ചയിച്ചിരിക്കുന്ന നിരക്കുകൾ അനുസരിച്ചാണ് വിമാനത്താവളങ്ങളിലെ ലാബുകൾ ടെസ്റ്റ് നടത്തുന്നതെന്ന് സമദാനിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി പറഞ്ഞു. ടെസ്റ്റിന്റെ സ്റ്റാൻഡേർഡ് നിരക്ക് 500 രൂപയാണ്. എന്നാൽ 3,000 രൂപവരെ നിലവിലുണ്ടെന്നും മന്ത്രി അറിയിച്ചു. പരിശോധനയ്ക്ക് ഉപയോഗിക്കുന്ന സാങ്കേതിക രീതികളുടെ വ്യത്യാസമാണ് ഈ ഏറ്റക്കുറച്ചിലിനു കാരണം.
സംസ്ഥാനങ്ങളാണ് ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ നിരക്ക് തീരുമാനിക്കുന്നതെന്ന് ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാറും മറ്റൊരു ചോദ്യത്തിനുള്ള മറുപടിയിൽ സമദാനിയെ അറിയിച്ചു. വിമാനത്താവളത്തിലെ നിർബന്ധിത ആർ.ടി.പി.സി.ആർ ടെസ്റ്റ് മൂലം പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടിയായിരുന്നു സമദാനിയുടെ രേഖാമൂലമുള്ള ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."