ഹിജാബ്: വിദ്യാർഥിനികളെ അനുകൂലിച്ച് ദലിത് വിദ്യാർഥികളുടെ പ്രകടനം
ബംഗളൂരു
കർണാടകയിൽ ഹിജാബ് വിലക്കിൽ പ്രതിഷേധിച്ചും കോളജിൽ നിന്ന് പുറത്താക്കപ്പെട്ട പെൺകുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ദലിത് വിദ്യാർഥികൾ നീല ഷാൾ ധരിച്ച് മാർച്ച് നടത്തി. ചിക്കമംഗളൂർ ഐ.ഡി.എസ്.ജി ഗവ. കോളജിലെ വിദ്യാർഥികളാണ് ജയ് ഭീം മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയത്. നേരത്തെ കാവി ഷാൾ ധരിച്ച് ഹിന്ദുത്വവാദി വിദ്യാർഥികളും പ്രകടനം നടത്തിയിരുന്നു. ഹിജാബിനെതിരേയുള്ള നടപടിക്ക് പിന്നാലെ കോളജിലെ എ.ബി.വി.പി പ്രവർത്തകരും ദലിത് വിദ്യാർഥികളും തമ്മിൽ അസ്വാരസ്യം ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെ കർണാടക സർക്കാരും യൂനിഫോം സംബന്ധിച്ച സർക്കുലർ ഇറക്കിയതോടെയാണ് വിദ്യാർഥികൾ പ്രതിഷേധവുമായും ഹിജാബ് ധരിക്കുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ചും രംഗത്തെത്തിയത്. അതിനിടെ, കർണാടകയിലെ മറ്റ് കോളജുകളിലും ഹിജാബ് ധരിക്കുന്നതിനെതിരേ എ.ബി.വി.പിയുടെ നേതൃത്വത്തിൽ കാവി ഷാൾ ധരിച്ച് പ്രതിഷേധം നടക്കുകയാണ്. വിജയപുര ജില്ലയിലെ ശന്തേശ്വര പി.യു.സി കോളജിലും ജി.ആർ.ബി കോളജിലും കാവി ഷാൾ ധരിച്ച് സംഘ്പരിവാർ അനുകൂല വിദ്യാർഥികൾ ക്ലാസിലെത്തി. ഉഡുപ്പി ജില്ലയിലെ കുന്ദാപൂർ വെങ്കടരാമണ കോളജിൽ കാവി ഷാൾ ധരിച്ചെത്തിയവരെ പൊലിസ് തടഞ്ഞു. കുന്ദാപൂർ പൊലിസ് സ്റ്റേഷനിലെ എസ്.ഐ സദാശിവ ഗവറോജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കോളജ് വളപ്പിൽ വിദ്യാർഥികൾ പ്രവേശിക്കുന്നത് തടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."