മത്സരിക്കണമെന്ന് ആവശ്യം: ഹിന്ദു മഹാസഭാ നേതാവിൻ്റെ
ഹരജി തള്ളി
ന്യൂഡൽഹി
സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അനുമതി തേടി അഖില ഭാരത ഹിന്ദു മഹാസഭയുടെ അധ്യക്ഷനെന്നവകാശപ്പെടുന്ന സ്വാമി ചക്രപാണി സമർപ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. സംഘടനക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളെത്തുടർന്ന് മത്സരിക്കുന്നതിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ചക്രപാണിക്കും കൂടെയുള്ളവർക്കും വിലക്കേർപ്പെടുത്തിയിരുന്നു. നിങ്ങൾ പാർട്ടിക്കുള്ളിൽ അടിപിടികൂടുകയാണ്. താൻ അധ്യക്ഷനാണെന്ന് ഒരാൾ പറയുന്നു. അല്ല താനാണ് അധ്യക്ഷനെന്ന് മറ്റൊരാൾ പറയുന്നു. ഇതിനിടയിൽ കോടതി എന്ത് ചെയ്യുമെന്നും ജസ്റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷയായ ബെഞ്ച് ചോദിച്ചു.
നേരത്തെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിയിരുന്നു. ഹരജിക്കാരനെ ഹിന്ദു മഹാസഭയുടെ പ്രസിഡൻ്റായി അംഗീകരിക്കാനാവില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചത്. ഹിന്ദു മഹാസഭയെ പ്രതിനിധീകരിച്ച് ആരെങ്കിലും മത്സരിക്കേണ്ടതുണ്ടെന്ന് ഹരജിക്കാരൻ സുപ്രിംകോടതിയിൽ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഹരജിക്കാരനെ അധ്യക്ഷനായി അംഗീകരിക്കാനാവില്ലെന്നും സുപ്രിംകോടതി തീരുമാനിക്കട്ടെയെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞതായും ചക്രപാണിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രിംകോടതിയിൽ പറഞ്ഞെങ്കിലും കോടതി പരിഗണിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."