കാട്ടിനുള്ളില്‍ സര്‍ക്കാര്‍ കെട്ടിടം
കണ്ണൂര്‍: സബ് രജിസ്ട്രാര്‍ ഓഫിസില്‍ എത്തുന്നവര്‍ ആദ്യം ഭയക്കും. കാരണം സര്‍ക്കാര്‍ ഓഫിസോ കാടോ എന്നു തിരിച്ചറിയാന്‍ പറ്റാത്ത വിധമാണ് കെട്ടിടത്തിനു ചുറ്റും കാട് മൂടിക്കിടക്കുന്നത്. ഇഴജന്തുക്കള്‍ക്ക് സുഖവാസത്തിനനുയോജ്യമായ സാഹചര്യമാണ് ഓഫിസിന്റെ പിറകുവശം. ഓഫിസിലെ ശുചീകരണ കാംപയിന്‍ പാതിവഴിയിലായതിനാല്‍ ഉദ്യോഗസ്ഥര്‍ ഇത് ഗൗനിക്കാറില്ലെന്ന് ഇവിടെയെത്തുന്നവര്‍ പറയുന്നു. ഓഫിസ് വളപ്പില്‍ അങ്ങിങ്ങായി കിടക്കുന്ന കുപ്പികളിലും ചിരട്ടകളിലും ഐസ്‌ക്രീം കപ്പുകളിലുമടക്കം മഴവെള്ളം കെട്ടിക്കിടക്കുന്നു. ഇതുമൂലം കൊതുകുകള്‍ പെറ്റുപെരുകി രോഗഭീഷണിയും ഉയര്‍ത്തുന്നു. സ്ഥിരമായി പ്ലാസ്റ്റിക്കും കടലാസും കത്തിക്കുന്നതും സമീപവാസികള്‍ക്ക് ദുരിതമാകുന്നുണ്ട്. കാട് നിറഞ്ഞതിനാല്‍ കന്നുകാലി ശല്യവും രൂക്ഷമാണ്.
ഓഫിസിലേക്കുള്ള ഗേറ്റ് തുറന്നുകിടക്കുന്നതിനാല്‍ രാത്രികാലത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തുന്നവര്‍ക്ക് ടോയ്‌ലറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെയില്ല. വാതിലുകള്‍ തകര്‍ന്ന് ശോച്യാവസ്ഥയിലായതിനാല്‍ മാസങ്ങള്‍ക്കു മുമ്പ് ശുചിമുറികള്‍ പൂട്ടി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരാണ് ഇതിനാല്‍ ഏറെ പ്രയാസപ്പെടുന്നത്.
ചിലകാര്യത്തിനായി ഓഫിസിലെത്തിയാല്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിയും വരുന്നു.
ഓഫിസിനകത്ത് ഒരു ശുചിമുറിയുണ്ടെങ്കിലും അത് ജീവനക്കാര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. എടക്കാട്, എളയാവൂര്‍, പുഴാതി, ചേലോറ, പള്ളിക്കുന്ന് പഞ്ചായത്തുകളെല്ലാം ഈ സബ് രജിസ്ട്രാര്‍ ഓഫിസിനെയാണ് ആശ്രയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."