സഊദിയിൽ സ്വന്തം റൂമിലല്ലാതെ നാലിലധികം തൊഴിലാളികൾ ഒരുമിച്ച് കൂടുന്നതിന് വിലക്ക്, മുന്നറിയിപ്പ് ആവർത്തിച്ച് പബ്ലിക് പ്രോസിക്യൂഷ്യൻ
റിയാദ്: സഊദിയിൽ തൊഴിലാളികൾ തങ്ങളുടേതല്ലാത്ത താമസ കേന്ദ്രങ്ങൾ, റസ്റ്റ് ഹൗസുകൾ, ഫാമുകൾ എന്നിവിടങ്ങളിൽ ഒരുമിച്ച് കൂടുന്നതിനെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷ്യൻ. ഒരു സ്ഥലത്ത് ഒരുമിച്ച് താമസിക്കാൻ അനുവാദമില്ലാത്തവർ തങ്ങൾക്കനുവദിച്ച സ്ഥലത്തല്ലാതെ ഇത്തരത്തിൽ ഒരുമിച്ച് കൂടുന്നതിനേരെയാണ് മുന്നറിയിപ്പ്. ഒരുമിച്ച് താമസിക്കാൻ അനുവാദമില്ലാത്ത അഞ്ചോ അതിലധികമോ പേർ സ്വന്തം താമസ കേന്ദ്രങ്ങളിൽ അല്ലാതെ ഒരുമിച്ച് കൂടുന്നതിനെതിരെ നടപടികൾ സ്വീകരിക്കുമെന്ന് പ്രോസിക്യൂഷൻ നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി.
മൂന്നാം തവണ കുറ്റം ആവർത്തിക്കപ്പെട്ടാൽ പങ്കെടുത്തവർ, ക്ഷണിച്ചവർ, കാരണക്കാരൻ, ഒത്തുചേരൽ നടന്ന സ്ഥലത്തിന്റെ ഉടമ എന്നിവർക്കെതിരെ ക്രിമിനൽ നടപടികൾ പ്രകാരം കേസ് ചുമത്തുമെന്നും മുന്നറിയിപ്പിൽ പറയുന്നു. രാജ്യത്ത് വൈറസ് വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും മുന്നറിയിപ്പ് നൽകിയത്. ഒത്തുചേരലുകൾ പരിമിതപ്പെടുത്തുന്നതിനുള്ള നിയന്ത്രണ ലംഘനമായി കണക്കാക്കിയാണ് നടപടി.
നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ നിയമ ലംഘനം കണ്ടെത്തിയാൽ ഉടമകൾക്ക് 50,000 റിയാലും പങ്കെടുത്തവർക്കും ഒരുമിച്ച് കൂടാൻ ക്ഷണിക്കുന്നവർക്കും 5,000 റിയാൽ വീതവും പിഴ ഈടാക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകിയ മുന്നറിയിപ്പിൽ പറയുന്നത്. ലംഘനം ആവർത്തിച്ചാൽ ഇത് ഒരു ലക്ഷം റിയാലായും പങ്കെടുത്തവർക്ക് പതിനായിരം റിയാലായും ആയി പിഴ ഉയർത്തും.
മൂന്നാം തവണയും ലംഘനങ്ങൾ കണ്ടെത്തിയാൽ പിഴ ഇരട്ടിയാക്കുന്നതിനു പുറമെ പബ്ലിക് പ്രോസിക്യൂഷന് കേസ് കൈമാറുകയും ചെയ്യുമെന്നും മന്ത്രാലയം ജനുവരിയിൽ നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഒരുമിച്ച് കൂടലിന് വേദിയാകുന്ന സ്ഥാപനത്തിനു ആദ്യ ലംഘനത്തിന് മൂന്ന് മാസത്തേക്കും വീണ്ടും ലംഘനം കണ്ടെത്തിയാൽ ആറു മാസത്തേക്കും അടച്ചു പൂട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."