HOME
DETAILS

വെറുപ്പ് രാഷ്ട്രീയ മൂലധനമാകുമ്പോൾ

  
backup
February 09 2022 | 04:02 AM

456389453-2022

ദാമോദർ പ്രസാദ്


ദേശസുരക്ഷയെ ബാധിക്കുന്നുണ്ടെന്ന കാരണത്താൽ മീഡിയ വൺ ചാനലിന്റെ പ്രവർത്തനം തടഞ്ഞ കേന്ദ്രസർക്കാർ ഉത്തരവിനെതിരേ മാധ്യമം ബ്രോഡ് കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരിക്കുന്നു.
മലയാള ചാനൽ പരിപാടികൾ കാണുന്നയാൾ എന്ന നിലയിൽ മനസിലാകാത്ത കാര്യം മീഡിയാ വൺ ചാനലിന്റെ ഏതു പ്രവർത്തനവും ഏതു പരിപാടിയുമാണ് ദേശസുരക്ഷയെ പ്രതികൂലമായി ബാധിച്ചത് എന്നാണ്. ദേശസുരക്ഷാ കാരണം പൊതുജനങ്ങളെ ബോധ്യപ്പെടുത്തേണ്ടെന്നാവും മറുവാദം.
എങ്കിൽ ഒരു കാര്യം പറയട്ടെ, പെഗാസസ് കേസിൽ ഉന്നതനീതിപീഠം വ്യക്തവും കൃത്യവുമായി പറഞ്ഞത്, ദേശസുരക്ഷ എപ്പോഴും ഏതു കാര്യത്തിനും ഉയർത്തിക്കാട്ടാവുന്ന ഫ്രീപാസല്ലെന്നാണ്. ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് പ്രാണവായു പോലെ അത്യന്താപേക്ഷിതമാണ് അഭിപ്രായസ്വാതന്ത്ര്യം.


ഭരണഘടന നൽകുന്ന അഭിപ്രായസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ ഭാഗമാണ് ഇന്ത്യയിലെ സ്വതന്ത്ര മാധ്യമപ്രവർത്തനം. സ്വതന്ത്ര മാധ്യമപ്രവർത്തനം എന്ന ആശയം ഇന്ത്യൻ പൊതുബോധത്തിന്റെ അവിഭാജ്യഭാഗമാകുന്നത് കൊളോണിയൽ വിരുദ്ധ ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ്. ഇന്ത്യൻ ജനത പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത ആ അവകാശമാണ് 'ദേശസുരക്ഷ' എന്ന അധികാരയുക്തി ഉപയോഗപ്പെടുത്തി തട്ടിപ്പറിക്കുന്നത്.
പ്രതിപക്ഷ-വിമതാഭിപ്രായങ്ങൾ അമർച്ചചെയ്യുന്നതിന് കൊളോണിയൽ അവശിഷ്ടമായ രാജ്യദ്രോഹകുറ്റം ചുമത്തുന്നതും ദേശസുരക്ഷയ്ക്കു ഭീഷണിയെന്ന വാദമുഖമുന്നയിക്കുന്നതും അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന പ്രതീതിയുണ്ടാക്കും.
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ കൂച്ചുവിലങ്ങിട്ട ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയുടെ ദുരനുഭവത്തെ അതിജീവിച്ചതാണ് ഇന്ത്യൻ ജനാധിപത്യം. അതുകൊണ്ട് ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരുടെ പ്രാഥമിക കടമ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ ഏതധികാരം വിലക്കിയാലും അതിനെതിരേ ശക്തമായി പ്രതികരിക്കുകയെന്നതാണ്. ചാനലുകളുടെയോ പത്രങ്ങളുടെയോ രാഷ്ട്രീയക്കാരായ ഉടമകളോടോ എഡിറ്റോറിയൽ നയങ്ങളോടോ സ്ഥാപനത്തോടു തന്നെയോ ഭരണത്തിലിരിക്കുന്നവർക്കും അല്ലാത്തവർക്കും വിയോജിപ്പുണ്ടാകാം. വിയോജിക്കാനുള്ള അവകാശം ജനാധിപത്യപരമാണ്. എന്നാൽ, വിയോജിപ്പും മാധ്യമത്തിന്റെ പ്രവർത്തനസ്വാതന്ത്ര്യം തടയലും രണ്ടാണ്. അതു മനസിലാക്കാൻ ജനാധിപത്യത്തെക്കുറിച്ചുള്ള പ്രാഥമിക ധാരണ മതി.
ദേശസുരക്ഷയുടെ പ്രശ്നമുയർത്തി ഒരു മാധ്യമത്തിന്റെ പ്രവർത്തനം നിരോധിക്കുന്നത് വരാൻ പോകുന്ന വൻവിപത്തുകളുടെ സൂചനയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സുരക്ഷിതവും സമാധാനപൂർണവും സാമുദായിക മൈത്രി നിലനിൽക്കുന്നതുമായ സാമൂഹികജീവിതത്തെ ജനാധിപത്യം അമൂല്യമായാണു കരുതുന്നത്. അതിനെ തുരങ്കം വയ്ക്കുംവിധം ആഭാസകരമാംവിധം സാമുദായിക സ്പർദ്ധ ഇളക്കിവിടുന്ന വിധ്വംസകവും വിവേചനപരവും വിദ്വേഷ പ്രയോഗങ്ങളാൽ അലംകൃതമായ വാർത്തകളും ചർച്ചകളും പ്രചരിപ്പിക്കുന്ന ബഹുജന മാധ്യമങ്ങൾ, വിചിത്രമെന്നു പറയട്ടെ, ദേശസുരക്ഷയുടെ വാദം തന്നെയാണ് തങ്ങളുടെ വിദ്വേഷ പ്രചാരണങ്ങൾക്കായി ആയുധമാക്കുന്നത് !


ഭരണകൂട പിന്തുണയോടെയാണ് അത്തരം മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനു ഭരണഘടന നൽകുന്ന അവകാശങ്ങളെ ദുരുപയോഗം ചെയ്തു പ്രവർത്തിക്കുന്ന അത്തരം മാധ്യമങ്ങളുടെ ഉടമസ്ഥത ആരുടെതെന്ന് നോക്കാതെ അവയുടെ പ്രവർത്തനരീതി തിരുത്തകയാണു ജനാധിപത്യത്തിൽ മീഡിയ റെഗുലേറ്ററി സ്ഥാപനങ്ങൾ ആദ്യം ചെയ്യേണ്ടത്. ദേശ സുരക്ഷാവ്യവഹാരം മുൻനിർത്തി വിദ്വേഷമഴിച്ചുവിടുന്ന ബഹുജന മാധ്യമങ്ങളുടെ ദൃഷ്ടിയിൽ മത-ഭാഷാ ന്യൂനപക്ഷങ്ങൾ സംശയത്തിന്റെ നിഴലിലാണ്. മത-ഭാഷാ ന്യൂനപക്ഷങ്ങൾക്കുനേരേ ആ മാധ്യമങ്ങൾ നിത്യേന വിദ്വേഷപ്രചാരണം നടത്തുകയും ചെയ്യുന്നു. അതു നടക്കുന്നതാകട്ടെ ഭരണകൂടത്തിന്റെ ആശിർവാദത്തോടെയും!


ദൈനദിനം ഇത്തരം അവഹേളനങ്ങൾ തുടരുന്നുവെന്നു മാത്രമല്ല അതു ജീവിതത്തിന്റെ ഓരോ സവിശേഷ മണ്ഡലത്തിലേയ്ക്കും വ്യാപിക്കുകയും ചെയ്യുന്നു വെന്നതാണ് ഭീതിത യാഥാർഥ്യം. വിദ്വേഷപ്രചാരണത്തിൽ സാമൂഹ്യമാധ്യമങ്ങളെ അപേക്ഷിച്ചു ബഹുജനമാധ്യമങ്ങളുടെ വ്യാപ്തി പരിമിതമാണ്. സാമൂഹ്യ മാധ്യമങ്ങളാണ് വിദ്വേഷ പ്രചാരണങ്ങളുടെ ഉത്ഭവ കേന്ദ്രം. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റർ തുടങ്ങിയുള്ള വിപുലമായ സാമൂഹ്യമാധ്യമ ശൃംഖല വഴിയാണ് ഇതു വ്യാപകമായി പ്രചരിപ്പിക്കുപ്പെടുന്നത്.
പരസ്പര വിനിമയത്തിനും സമ്പർക്കത്തിനുമുള്ള ഉപാധിയെന്ന നിലയിൽ നിന്ന് ബഹുജന സംവേദനത്തിന്റെ സ്വഭാവത്തിലേയ്ക്കു സാമൂഹ്യ മാധ്യമങ്ങൾ മാറിക്കഴിഞ്ഞു. സാമൂഹികശാസ്ത്രജ്ഞ ഷെറി റ്റർക്ൾ പറയുന്നതു പോലെ ആധികാരിക സാമൂഹികത നഷ്ടമായിരിക്കുന്നു. അതിനു പകരം സോഷ്യൽ റോബോട്ടുകളെപ്പോലുള്ള ഉപകാരണാത്മക വ്യക്തിത്വങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്നത്.
സാമൂഹ്യമാധ്യമങ്ങളിലെ ജനാധിപത്യ സംവേദനങ്ങളെ അർധ ഫാസിസ്റ്റ് ഗ്രൂപ്പുകൾ കൈയടിക്കി തുടങ്ങിയിരിക്കുന്നു. ജനാധിപത്യ സംവേദനത്തിന്റെ വ്യാജ പ്രതീതി നൽകുന്ന വിധത്തിലാണ് ഇവരുടെ സാമൂഹ്യമാധ്യമ ഇടപെടലുകൾ എന്നതുകൊണ്ടാണ് അർധ ഫാസിസ്റ്റുകൾ എന്നു വിളിക്കുന്നത്. പരപീഡന ലഹരിയിൽ അർമാദിക്കുന്നവർക്കും ഏറ്റവും വിഹാരസ്വാതന്ത്യമുള്ള ഇടമായിരിക്കുന്നു സൈബർസ്‌പേസ്. വ്യക്തികളെ ഭ്രാന്തമായ വിധത്തിലാണ് സൈബർ ഇടങ്ങളിൽ കടന്നാക്രമിക്കുന്നത്.
വ്യക്തികളുടെ സ്വതന്ത്ര സംവേദന മണ്ഡലത്തെ വിഷലിപ്‌തമാക്കുക വഴി എല്ലാ ജനാധിപത്യ സംവേദന സാധ്യതകളെയും റദ്ധാക്കുകയെന്നതാണ് പ്രധാനമായും സൈബർ ആക്രമണം കൊണ്ടു ലക്ഷ്യമാക്കുന്നത്. രാഷ്ട്രീയം സൈബർ ആക്രമണത്തിനുള്ള മറയാണ്. രാഷ്ട്രീയമായ എതിരഭിപ്രായങ്ങളെ നേരിടേണ്ടവിധം ഇതല്ലെന്നു രാഷ്ട്രീയപാർട്ടികൾക്ക് അറിയാഞ്ഞിട്ടല്ല. സൈബർ മണ്ഡലത്തിൽ നടക്കുന്ന ഹിംസയുടെ ഉത്തരവാദിത്തം ഒരു രാഷ്ട്രീയ പാർട്ടിയും ഏറ്റെടുക്കാറില്ല. രാഷ്ട്രീയകൊലപാതകങ്ങളുടെ കാര്യത്തിലെന്ന പോലെ പാർട്ടികൾ അതിനെ നിന്ദയോടെ തള്ളിപ്പറയുകയുമാണ് പതിവ്. എന്നിട്ടും, രാഷ്ട്രീയകൊലപാതകങ്ങൾ ആവർത്തിക്കുന്നപോലെ, സൈബർ ആക്രമണവും ഇടവേളകളില്ലാതെ തുടരുന്നു. മാഫിയാസംഘങ്ങൾ രാഷ്ട്രീയകൊലപാതകത്തിന്റെ കൂടി ക്വട്ടേഷൻ ഏറ്റെടുക്കുന്നതിനു സമാനമായ വിധത്തിലാണ് സൈബർ മേഖലയിലും ക്വട്ടേഷൻ പ്രവർത്തനമെന്ന നിലയിലാണ് ആക്രമണങ്ങൾ നടക്കുന്നത്.


സൈബർ സീരിയൽ ഹിംസകർ അവരുടെ പരപീഡനങ്ങൾക്കു സാധുത ലഭിക്കാൻ രാഷ്ട്രീയപാർട്ടികളുടെ പിന്തുണക്കാരെന്ന നിലയിൽ സൈബർ അരങ്ങുകളിൽ പ്രത്യക്ഷമാകുന്നു. ഏറ്റവും ഹീനമായവിധത്തിലുള്ള ആക്രമണമാണു നടക്കുന്നത്. രാഷ്ട്രീയപ്രത്യയശാസ്ത്ര നിരപേക്ഷമായി ഫാസിസ്റ്റ് പ്രവണതകൾ സാമൂഹ്യ മാധ്യമങ്ങളെ വിഴുങ്ങാൻ തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയധികാരത്തെ അലോസരപ്പെടുത്തുന്ന അഭിപ്രായങ്ങളെ നിശബ്ദമാക്കാനും അത്തരം അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നവരെയും പ്രകടിപ്പിക്കുന്നവരെയും കൂട്ടപലായനം ചെയ്യിപ്പാക്കാൻ ഏറ്റവും ഉതകുന്നതാണ് ഭരണിപ്പാട്ടിന്റെ മാതൃക.


ഭരണിപ്പാട്ടിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള കേരളചരിത്രം സാക്ഷ്യപ്പെടുത്തുന്ന കാര്യങ്ങൾ പരിശോധിച്ചാൽ ഇതു മനസിലാകും. അതൊരു ലഹരിയാണ്. പരപീഡനവ്യഗ്രർക്കു ലഹരിപിടിക്കുന്ന ആശയങ്ങളെയും വാചകങ്ങളെയും ഉദരംഭരികളായ ആശാന്മാർ രാഷ്ട്രീയസമ്മതിയോടെയുള്ള ആസ്ഥാനങ്ങളിൽ നിന്നു നിർമിച്ചുവിടുന്നു. കൂടുതൽ മികച്ച ഫാസിസ്റ്റു പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് കൂടുതൽ ആരാധകരെന്ന നിലയിലായിരിക്കുന്നു കാര്യങ്ങൾ. ഇതിനെ ചെറുത്തില്ലെങ്കിൽ സ്വന്തന്ത്രവിനിമയങ്ങളുടെ ഇടമായിരിക്കും ജനാധിപത്യത്തിനു നഷ്ടമാവുക. സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ അനുഭാവപൂർവം കാണാത്ത സ്വേച്ഛാധികാരികൾ സാമൂഹ്യമാധ്യമങ്ങളിലെ സ്വതന്ത്ര വിനിമയങ്ങൾക്കുമേൽ വിലക്ക് ഏർപ്പെടുത്തുവാനുള്ള സാധ്യതകൾ തള്ളിക്കളയേണ്ടതില്ല. സുള്ളി ഡീൽസ് മുതൽ ബുള്ളി ഭായ് വരെയുള്ള സാമൂഹ്യ മാധ്യമ വിദ്വേഷ പ്രചാരണങ്ങൾ ഉറവെടുക്കുന്നതു സമൂഹത്തിൽ വ്യാപകമായി വിഷജ്വരം പോലെ പടരുന്ന ഇസ് ലാമോഫോബിയിൽ നിന്നാണ്.


മുസ് ലിം മാനേജ്‌മെന്റ് നടത്തുന്ന മാധ്യമം ദേശ സുരക്ഷയെ ബാധിക്കുന്നു എന്ന അനുമാനം ഏതു തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് പൊതുസമൂഹത്തിനെ അറിയിക്കാൻ ഭരണകൂടത്തിനു ബാധ്യതയുണ്ട്. കർണാടകയിൽ കോളജുകളിൽ ഹിജാബ് ധരിച്ചു പോകുന്നതിനെതിരേ ഉയരുന്ന എതിർപ്പും ഇത്തരത്തിലുള്ള വിദ്വേഷ ജനകമായ സാഹചര്യത്തിന്റെ ഉൽപന്നമാണ്.


ആധുനികതയുടെ ഭാഷണത്തിലേക്ക് ഇത്തരം വിദ്വേഷത്തെ പകർത്തിയെഴുതുന്ന സ്ഥിതിയുമുണ്ട്. സ്കൂൾ യൂനിഫോമിന്റെ ആധുനികവൽക്കരണത്തെ എതിർക്കുന്ന മതയാഥാസ്ഥിതികത എന്ന നിലയിൽ സാമൂഹിക ചർച്ചകളെ നിയന്ത്രിക്കാനും കൈയടക്കാനും ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കു പാതവെട്ടാനും സാമൂഹിക പരപീഡർക്ക് അവസരമാകുന്നു.
വികസനമെന്ന ആധുനികതയുടെ ഭാഷണത്തെ മുൻ നിർത്തിയും ഇത്തരം പരപീഡന ലീലകൾക്ക് രാഷ്ട്രീയ സാധുത നേടിയെടുക്കുന്ന വിചിത്ര സാഹചര്യം സാമൂഹിക മാധ്യമങ്ങളിൽ അനുഭവപ്പെടുന്നുണ്ട്. സാമൂഹിക സ്പർദ്ധ രാഷ്ട്രീയ മൂലധനമാകുന്ന സാംസ്കാരികാന്തരീക്ഷത്തിൽ വിദ്വേഷപ്രചാരണത്തിനു പൊതുസ്വഭാവമുണ്ടാകുന്നു.


രാഷ്ട്രീയ പ്രത്യയശാസ്ത്ര ഭിന്നതകളെ റദ്ദ് ചെയ്യുന്ന വിധത്തിൽ സൈബർ പരപീഡനവും അപരഹിംസയും നിറവ്യത്യാസങ്ങളില്ലാതെ ഒന്നായിത്തീരുന്നു. പരസ്പര വിശ്വാസരാഹിത്യത്തിലേയ്ക്കും വിഘടനത്തിലേയ്ക്കും നീങ്ങുന്ന സമൂഹത്തെ ഏറ്റവും എളുപ്പം ഗ്രസിക്കാൻ ഫാസിസത്തിനു സാധിക്കുന്നു. അത്തരത്തിലുള്ള സോഷ്യൽ ന്യൂറോസിസിന്റെ അവസ്ഥയിൽ ഇതിന്റെ പ്രധാന ഉത്ഭവ കേന്ദ്രമെന്ന നിലയിൽ സാമൂഹികമാധ്യമങ്ങളുടെ വിഷനിർമുക്തികരണത്തിന് സൈബർ ചികിത്സാലയങ്ങളും സാമൂഹിക മനഃശാസ്ത്ര കൗൺസലിങ്ങിന്റെയും സൗകര്യങ്ങൾ ഒരുക്കാൻ പൗര സമൂഹ സ്ഥാപനങ്ങൾക്ക് കഴിയണം. സുബോധമുള്ള സമൂഹത്തിനു താങ്ങാൻ കഴിയാത്തവിധമുള്ള മാനസികാസ്വാസ്ഥ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രകടമാകുന്നത്.
വിഷലിപ്‌തവും ഹിംസാത്മകവുമായ സംവേദനങ്ങൾ ത്വരിതവേഗതയിലാണ് പ്രചരിക്കുക. വിദ്വേഷജനകമായ ആശയങ്ങൾ ഉൽപാദിപ്പിക്കുന്നവരും അതിനെ ഭിന്നമായ രീതിയിൽ പുനർവിന്യസിക്കുന്നവരും നവമാധ്യമ ശൃംഖലകളിലൂടെ ഇതെല്ലാം പങ്കുവയ്ക്കുവരും പ്രചരിപ്പിക്കുന്നവരുമുൾപ്പെടെ വലിയ സൈബർ സൈനികവ്യൂഹം ഈ പ്രവൃത്തിയിൽ പങ്കാളിത്തം വഹിക്കുന്നു. പരസ്പര സംവേദനത്തിനുള്ള നവമാധ്യമ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന നമ്മളും അധികാരത്തിന്റെ ഓരോ നിലയിൽ അറിഞ്ഞോ അറിയാതെയോ പങ്കാളികളാവുന്നുണ്ട്.


പങ്കാളികളാകുന്നുവെന്നു മാത്രമല്ല സൈബർ മുഠാളത്തിനു സാധുത നൽകുന്ന അധികാരഘടനയുടെ ഭാഗമാവുകയും ചെയ്യുന്നു. സൈബർ ബുള്ളിയിങ്‌, ലിഞ്ചിങ് എന്നൊക്കെ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന ആണത്തകേമത്ത പ്രകടനം സാധ്യമാക്കുന്നത് അതിനെ അനുവദിക്കുന്ന അധികാരഘടനയാണ്. അധികാരം സൈബർ ശൃംഖലയുടെ അകത്തും പുറത്തും പ്രവർത്തിക്കുന്നു. ഒറ്റപ്പെട്ട വ്യക്തികളല്ല സൈബർ ആക്രമണത്തിൽ പങ്കെടുക്കുന്നത്, സംഘങ്ങളായാണ്, ആൾക്കൂട്ടങ്ങളായാണ്.
അംഗീകൃത ഐഡികളും അനവധി വ്യാജ ഐഡികളും ഇതിനു പിറകിലുണ്ട്. ആൾക്കൂട്ടങ്ങൾക്ക് അതിക്രമിക്കാനുള്ള അംഗീകാരം സിദ്ധമാകുന്നത് സൈബറിന്റെ പുറത്തു പ്രവർത്തിക്കുന്ന അധികാര ശക്തിയിൽ നിന്നാണ്. പ്രസ്തുത അധികാര ശക്തിയുടെ രഹസ്യമോ പരോക്ഷമായ പിന്തുണയോ ലഭിക്കാതെ ആക്രമണോത്സകമായ പ്രതികരണം സാധ്യമാവില്ല. ഇരയെ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നത് സൈബറിടത്തിനു പുറത്തു പ്രവർത്തിക്കുന്ന അധികാരശക്തിയാണ്.
പരപീഡനം ആത്യന്തികമായി അധികാരത്തിന്റെ അനുഭൂതിയാണ്. അധികാരത്തിന്റെ ഞെരമ്പുരോഗാനുഭൂതികൾ ജനാധിപത്യത്തിന് ഹാനികരമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago