ലോകായുക്ത ഭേദഗതിയെ കുറിച്ച് സി.പി.െഎ ; ഭരണഘടനാ വിരുദ്ധം
പ്രശ്‌നമുണ്ടെങ്കിൽ മുന്നണിയിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി ഗോവിന്ദൻ
തിരുവനന്തപുരം
ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താനുള്ള വിവാദ ഓർഡിനൻസിൽ നിലപാടിൽനിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കി സി.പി.ഐ. ഇടതുമുന്നണിയിലെ മറ്റുകക്ഷികളൊന്നും എതിർക്കാതിരുന്നിട്ടും തങ്ങൾക്കുള്ള കടുത്ത എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ച് നേതാക്കൾ രംഗത്തെത്തി.
1999 ൽ ഇ.കെ നായനാർ സർക്കാർ കൊണ്ടുവന്ന മൂലനിയമത്തെ ഇല്ലാതാക്കുന്ന നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു. ഇടതുമുന്നണി ചേർന്ന് ആലോചിച്ചാണ് നായനാർ സർക്കാർ 14ാം വകുപ്പ് കൊണ്ടുവന്നത്. ജഡ്ജിമാർ ഇരിക്കുന്ന ലോകായുക്ത ഉത്തരവിട്ടാൽ പിന്നെന്തിന് തർക്കിച്ച് മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങിനിൽക്കണം?. 14 ാം വകുപ്പിലെ ഭേദഗതി ഇടതുമുന്നണിയുടെ ജനപക്ഷമുഖം ഇല്ലാതാക്കുമെന്നും പ്രകാശ് ബാബു ഒരു സ്വകാര്യ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
ലോകായുക്ത നിയമഭേദഗതി ബിൽ നിയമസഭയിൽ കൊണ്ടുവരുന്നത് ഇടതുമുന്നണിയിൽ ചർച്ച നടത്തിയിട്ടു മാത്രമെന്ന് സി.പി.എം ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും തങ്ങളെ വെട്ടി മുന്നോട്ടുപോയതിന്റെ അമർഷത്തിലാണ് സി.പി.ഐ. ഓർഡിനൻസ് ഒപ്പുവച്ച സമയത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ബോധ്യപ്പെട്ട കാര്യം സി.പി.ഐക്കും ബോധ്യപ്പെടണമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് എതിർപ്പ് പരസ്യമായി അറിയിക്കാൻ നേതാക്കൾ രംഗത്തെത്തുന്നത്.
അതേസമയം ഓർഡിനൻസിലെ സി.പി.ഐ എതിർപ്പിനെതിരേ മന്ത്രി എം.വി ഗോവിന്ദൻ രംഗത്തെത്തി. ആരെങ്കിലുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ അത് ഇടതുമുന്നണിയിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
മന്ത്രിസഭയാണ് ഓർഡിനൻസ് ഗവർണർക്ക് അയച്ചത്. ഇക്കാര്യം ചർച്ച ചെയ്തില്ലെന്നു പറയുന്നത് ശരിയല്ല.
മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസാണ് ഗവർണർ അംഗീകരിച്ചത്. ഇനി ഈ വിഷയത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിൽ അതും ചർച്ച ചെയ്യുമെന്നും മന്ത്രി ഗോവിന്ദൻ പറഞ്ഞു.
1999ലെ നിയമത്തിലെ 14ാം വകുപ്പു പ്രകാരം ലോകായുക്തയുടെ ഉത്തരവ് അധികാരികൾ അതേപടി അംഗീകരിച്ച് കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ അധികാര സ്ഥാനത്തുനിന്നു നീക്കണം. ഭേദഗതി ഓർഡിനൻസിൽ ഗവർണർ കഴിഞ്ഞ ദിവസം ഒപ്പുവച്ചതോടെ പൊതുപ്രവർത്തകർക്കെതിരായ ലോകായുക്ത വിധി ഇനി സർക്കാരിന് തള്ളാം. വിധികളിൽ സർക്കാരിന് അപ്പീൽ കേൾക്കാനാവും.
മുഖ്യമന്ത്രിക്കെതിരെയുള്ള ലോകായുക്ത വിധി ഗവർണർക്കും മന്ത്രിമാർക്കെതിരെയുള്ള വിധികളും പരാമർശങ്ങളും മുഖ്യമന്ത്രിക്കും പരിഗണിച്ച് വിധി പ്രഖ്യാപിക്കാം. മറ്റു പൊതു പ്രവർത്തകർക്കെതിരേയുള്ള വിധിയിൽ സർക്കാരിനും അപ്പീൽ കേൾക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."