പിണറായിയില്‍ എക്സൈസ് സംഘത്തിനു നേരെ അക്രമം; മൂന്നു പേര്‍ക്കു പരുക്ക്
പിണറായി: നിരോധിത പുകയില ഉത്പന്നങ്ങള്‍ക്കായുള്ള തിരച്ചിലിനിടെ പിണറായിയില്‍ എക്സൈസ് സംഘത്തിനു നേരെ കൈയേറ്റം. മൂന്ന് എക്സൈസ് ജീവനക്കാര്‍ക്ക് പരുക്കേറ്റു. അസി. ഇന്‍സ്പെക്ടര്‍ ടി.വി രാമചന്ദ്രന്, പ്രിവന്റീവ് ഓഫിസര്‍ പി.കെ ഷിബു, സിവില്‍ എക്സൈസ് ഓഫിസര്‍ ഒ ലിമേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ വെണ്ടുട്ടായി സ്വദേശി മണാട്ട് പ്രകാശ(40)നെ പൊലിസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ഏഴരയോടെ ഓലയമ്പലം ബസാറില്‍ പരിശോധനക്കെത്തിയതായിരുന്നു എക്സൈസ്. ഇതിനിടെ പൊതുസ്ഥലത്ത് പുകവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രകാശനോട് പിഴ അടക്കാന്‍ പിണറായി ഡിവിഷന് എക്സൈസ് ഇന്‍സ്പെക്ടര്‍ അഭിദാസന് ആവശ്യപ്പെട്ടു. എന്നാല്‍ പിഴ അടക്കാന്‍ കൂട്ടാക്കാതെ പ്രകോപിതനായ ഇയാള്‍ തൊട്ടടുത്ത കടയ്ക്കു സമീപത്ത് നിന്ന് പട്ടികക്കഷണവുമായി വന്ന് അക്രമിക്കുകയായിരുന്നു. എക്സൈസ് സംഘം പാടുപെട്ടാണ് മദ്യലഹരിയിലായിരുന്ന ഇയാളെ കീഴ്പ്പെടുത്തിയത്. സ്ഥലത്തെത്തിയ ധര്‍മ്മടം പൊലിസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."