നെടുമ്പാശ്ശേരിയിൽ റാപിഡ് പി.സി.ആർ നിരക്ക് കുറച്ചേക്കും
നെടുമ്പാശ്ശേരി
കൊച്ചി വിമാനത്താവളത്തിലെ റാപിഡ് പി.സി.ആർ പരിശോധനാ നിരക്ക് കുറയ്ക്കാൻ നീക്കമാരംഭിച്ചു. 2,490 രൂപയാണ് ടെസ്റ്റിനായി ഇപ്പോൾ ഈടാക്കുന്നത്. ഇതിനെതിരേ വിവിധ പ്രവാസി സംഘടനകളും യാത്രക്കാരും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളേണ്ടത് സംസ്ഥാനമായതിനാൽ പരിശോധിച്ച് നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ് മുഖ്യമന്ത്രിക്ക് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് നിരക്ക് കുറയ്ക്കാനുള്ള നടപടിക്കായി മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളിൽ റാപിഡ് പി.സി.ആർ പരിശോധനയുടെ നിരക്ക് കുറയ്ക്കാൻ കേന്ദ്ര സർക്കാർ രണ്ട് മാസം മുൻപ് ഉത്തരവിറക്കിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ഡിസംബർ ഏഴ് മുതൽ കരിപ്പൂർ വിമാനത്താവളത്തിൽ നിരക്ക് 1580 രൂപയായി കുറച്ചിരുന്നു. എന്നാൽ നെടുമ്പാശ്ശേരി, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങൾ എയർപോർട്ട് അതോറിറ്റിക്ക് കീഴിൽ അല്ലാത്തതിനാൽ ഇവിടങ്ങളിൽ നിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിച്ചിരുന്നില്ല. പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് പുനർവിചിന്തനത്തിന് സംസ്ഥാന സർക്കാർ തയാറായത്.
റാപിഡ് പി.സി.ആർ നിരക്ക് 1580 രൂപയായി പുനർനിർണയിക്കാനാണ് സാധ്യത. ഇതിനിടെ നെടുമ്പാശേരിയിൽ നിരക്ക് കുറച്ചതായി ചില വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."