സ്‌പെയിനിനെ പ്രണയിച്ച ചരിത്രകാരന്‍
ചില വിയോഗങ്ങള്‍ നികത്താനാവാത്ത നഷ്ടങ്ങളായിരിക്കും ലോകത്തിന് സമ്മാനിക്കുക. മണ്ണും വിണ്ണും അവര്‍ക്കുവേണ്ടി കണ്ണീര്‍ പൊഴിക്കും. മായ്ക്കാനാവാത്ത ചില അടയാളപ്പെടുത്തലുകള്‍ നടത്തിയിട്ടാവും അവര്‍ യാത്രയാവുക. ജനുവരി പതിനെട്ടിന് സ്‌പെയിനിലെ മാഡ്രിഡില്‍ വച്ച് വിടപറഞ്ഞ പ്രമുഖ ഇസ്‌ലാമിക ചരിത്രകാരന്‍ ഡോ. അബ്ദു റഹ്മാന്‍ അലിയ്യുല്‍ ഹിജ്ജിയുടെ വിയോഗം ഈ ഗണത്തില്‍ പെടുന്നതാണ്. ഇസ്‌ലാമിക ചരിത്രത്തിന് വിലമതിക്കാനാവാത്ത സംഭവാനകള്‍ അര്‍പ്പിച്ച ചരിത്ര പണ്ഡിതനാണ് അബ്ദു റഹ്മാന്‍ ഹിജ്ജി. അദ്ദേഹം കൂടുതല്‍ ശ്രദ്ധ ചെലുത്തിയത് മുസ്‌ലിം സ്‌പെയിനിന്റെ (ഉന്‍ദുലുസ്) ശോഭന നാളുകളെ കുറിച്ച് വിവരിക്കാനാണ്. ഇസ്‌ലാമിക സ്‌പെയിനിനെ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കിയതില്‍ ഹിജ്ജിയുടെ പങ്ക് നിസ്തുലമാണ്.
വിദ്യാഭ്യാസ ജീവിതം
ഇറാഖിലെ മിഖ്ദാദിയ്യ പട്ടണത്തിലാണ് ഹിജ്ജി ജനിച്ചത്. കര്‍ഷക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പഠനത്തിന്റെ പ്രാരംഭ ഘട്ടത്തിലൊക്കെ പകല്‍ മുഴുവന്‍ പിതാവിനോടൊപ്പം കാര്‍ഷിക വൃത്തിയില്‍ വ്യാപൃതനാവുകയും രാത്രി സമയങ്ങളില്‍ ധൈഷണിക രംഗത്ത് സജീവമാവുകും ചെയ്യലായിരുന്നു പതിവ്. ഇറാഖിലെ ദിയാല പട്ടണത്തില്‍ വച്ച് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ അബ്ദുറഹ്മാന്‍ ഹിജ്ജി ഈജിപ്തിലെ കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദം നേടി. ഐനുശ്ശംസ് യൂനിേഴ്‌സിറ്റിയില്‍ നിന്നു മന:ശാസ്ത്രത്തില്‍ ഡിപ്ലോമയും നേടി. ശേഷം, സ്‌പെയിനിലെ മാഡ്രിഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നു തത്വ ശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. പിന്നീട്, ഇംഗ്ലണ്ടിലെ കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തെ കുറിച്ച് നടത്തിയ ഗവേഷണത്തില്‍ ഡോക്ടറേറ്റ് നേടി.
ഒട്ടനവധി യൂനിവേഴ്‌സിറ്റികളില്‍ അധ്യാപകനായി വിളങ്ങി നിന്ന അലിയ്യുല്‍ ഹിജ്ജിയുടെ അക്കാദമിക് യാത്ര ബഗ്ദാദ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ആരംഭിച്ച് ശേഷം സ്‌പെയിനിലേക്കും യമനിലേക്കും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ധാരാളം അറബ് യൂനിവേഴ്‌സിറ്റിയുടെ ചരിത്ര വിഭാഗത്തിന്റെ കരിക്കുലം നിര്‍മാണത്തില്‍ അദ്ദേഹം പങ്കാളിയായിട്ടുണ്ട്.
എഴുത്ത് ജീവിതം
ഇരുപത്തൊന്നില്‍ കൂടുതല്‍ കട്ടിയും കനവുമുള്ള പുസ്തകങ്ങള്‍ അബ്ദുറഹ്മാന്‍ ഹിജ്ജി രചിച്ചു. ചരിത്രം, ഭൂമി ശാസ്ത്രം, പുരാവസ്തു ശാസ്ത്രം തുടങ്ങി വിവിധ ശാഖകളിലൂടെ അവ കടന്നുപോകുന്നു. അദ്ദേഹത്തിന്റെ സുപ്രധാന ചരിത്ര ഗ്രന്ഥങ്ങളില്‍ പെട്ടവയാണ് സ്‌പെയിന്‍ ചരിത്രം; ഇസ്‌ലാമിന്റെ കടന്നുകയറ്റം മുതല്‍ ഗ്രാനഡയുടെ തകര്‍ച്ച വരെ, സ്പാനിഷ് സംഗീതത്തിന്റെ ചരിത്രം, പ്രാര്‍ഥിച്ചും സംവദിച്ചും സ്‌പെയിനിനോടൊപ്പം, ഇബ്‌നു സൈദൂന്‍, ഗ്രാനഡയുടെ തകര്‍ച്ചയും സ്‌പെയിന്‍ പണ്ഡിതരുടെ പാലായനവും, സ്‌പെയിനിലെ ഇസ്‌ലാമിക നാഗരികത തുടങ്ങിയവ.
സ്‌പെയിനില്‍ വികാസം പ്രാപിച്ച അറബി സാഹിത്യത്തിന്റെ ചരിത്രവും അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്. കൂടുതല്‍ കാല്‍പനികത കലര്‍ന്നതും സജീവവുമായിരുന്നല്ലോ സ്‌പെയിനിലെ അറബി സാഹിത്യം. വൈജ്ഞാനിക രചനകള്‍ക്ക് പുറമെ സാഹിതീയമായ എഴുത്തുകള്‍ കൂടി ഹിജ്ജി നിര്‍വഹിച്ചു. സ്‌പെയിനിനെ കുറിച്ച് അദ്ദേഹം എഴുതിയ കവിതകളും നോവലുകളും മനോഹരമാണ്.
മരണത്തിന്റെ തൊട്ടുമുന്‍പ് വരെ അബ്ദുറഹ്മാന്‍ ഹിജ്ജി ഖുര്‍ആനിന്റെ അമാനുഷികതയും പ്രാചകത്വവും എന്ന പുതിയ പുസ്തകത്തിന്റെ അവസാനഘട്ട മിനുക്ക് പണിയിലായിരുന്നെന്ന് മകന്‍ അയ്മന്‍ സ്മരിക്കുന്നുണ്ട്. സാധാരണ ഒരു ദിവസം എട്ടുമണിക്കൂറില്‍ കൂടുതല്‍ അദ്ദേഹം ഗവേഷണത്തിനും രചനക്കുമായി മാറ്റിവയ്ക്കാറുണ്ടായിരുന്നത്രെ.
സ്‌പെയിന്‍ ചരിത്രം
ഇസ്‌ലാമിക ചരിത്രത്തിലെ പ്രശോഭിക്കുന്ന അധ്യായമായ മുസ്‌ലിം സ്‌പെയിനിന്റെ പ്രൗഢമായ ചരിത്രം മനോഹരമായി വരിച്ചിടുന്നതില്‍ ഹിജ്ജി മുഖ്യ പങ്കുവഹിച്ചു. നൂറ്റാണ്ടുകളോളം സ്‌പെയിന്‍ നാഗരികതയുടെ കേന്ദ്രവും കലാവിദ്യയുടെയും ഭൗതിക ശാസ്ത്രത്തിന്റെയും എന്നുവേണ്ട വിശിഷ്ടമായ എല്ലാതരം വിജ്ഞാനത്തിന്റെയും ഇരിപ്പിടവുമായിരുന്നു. സ്‌പെയിനിലെ മുസ്‌ലിം ഭരണത്തിന്റെ ഉദയം മുതല്‍ തകര്‍ച്ച വരെയുള്ള സംഭവവികാസങ്ങള്‍ സമഗ്രവും മനോഹരവുമായി ഹിജ്ജി ചിത്രീകരിക്കുന്നു. നഷ്ടപ്പെട്ട പറുദീസയെന്നാണ് അദ്ദേഹം സ്‌പെയിനിനെ വിളിച്ചത്. സ്‌പെയിന്‍ ചരിത്രത്തോട് കാണിച്ച അദമ്യമായ ആവേശം സ്‌പെയിനിന്റെ കാമുകന്‍ എന്ന വിളിപ്പേര് വരെ അദ്ദേഹത്തിന് സമ്മാനിച്ചു. സ്‌പെയിന്‍ ചരിത്രകാരന്മാരുടെ നായകന്‍ എന്ന പേരിലും അദ്ദേഹം വിശ്രുതനായി. ഇറാഖ് പണ്ഡിതന്മാര്‍ക്കിടയില്‍ ആദ്യമായിട്ടാണ് ഒരാള്‍ സ്‌പെയിനിന്റെ ചരിത്രം ഇത്രയും മനോഹരമായി വിസ്തരിക്കുന്നത്. ചരിത്ര രചനയില്‍ അദ്ദേഹം പുലര്‍ത്തിയ നിഷ്പക്ഷതയും വ്യക്തതയും സൂക്ഷ്മതയും കണിശതയും ഗവേഷകര്‍ക്കിടയില്‍ പോലും വലിയ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."