HOME
DETAILS

നോക്കൂ ആ ചിത്രശലഭം മരിച്ചിട്ടില്ല

  
backup
February 07 2021 | 05:02 AM

5745668465-rabiya-kalleri-07-02-2021

റാബിയ കല്ലേരി എന്ന യുവ കവയിത്രി മരിക്കുന്നതുവരേ എനിക്കാരുമായിരുന്നില്ല. എണ്ണമറ്റ വാട്‌സാപ്പ് സൗഹൃദങ്ങള്‍ക്കിടയിലെ ഒരുവള്‍ മാത്രം. അതില്‍ കൂടുതലായി അറിയാന്‍ ഞാന്‍ ശ്രമിച്ചതുമില്ല. വാട്‌സാപ്പിലേക്ക് പലപ്പോഴായി അവള്‍ അയച്ച കവിതകളോ കഥകളോ വായിക്കാനും സാധിച്ചിരുന്നില്ല. സാധിച്ചിരുന്നുവെങ്കില്‍ അവള്‍ അന്നേ എന്റെ പ്രിയപ്പെട്ട സൗഹൃദങ്ങളിലൊന്നാകുമായിരുന്നു.
ജീവനുള്ള കവിതകള്‍. പൊട്ടിത്തെറിക്കുന്ന ആശയങ്ങള്‍. ആ വാക്കുകളിലെയും വാക്യങ്ങളിലെയും തീപ്പൊരികളെ തിരിച്ചറിയാന്‍ അവളുടെ മരണംവരെ കാത്തിരിക്കേണ്ടിവന്നു. വെറുമൊരു കവയിത്രിയായിരുന്നില്ല റാബിയ. കുടുംബത്തിന്റെ നെടുംതൂണായിരുന്നു. കുടുംബത്തിനും കൂടെപ്പിറപ്പുകള്‍ക്കും അവളുടെ വേര്‍പ്പാടിനെ അതിജീവിക്കാനുള്ള കരുത്ത് ദൈവം നല്‍കട്ടെ.
കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത കല്ലേരിയിലായിരുന്നു റാബിയയുടെ വീട്. കുട്ടിക്കാലത്തുതന്നെ ഉമ്മ യാത്രയായി. മൂത്ത മകളായിരുന്നു റാബിയ. നാലു പറക്കമുറ്റാത്ത സഹോദരങ്ങളെ അവളുടെ കൈകളില്‍ ഏല്‍പ്പിച്ചായിരുന്നു ഉമ്മയുടെ മടക്കം. അതോടെ അവര്‍ക്കുകൂടി ഉമ്മയായി റാബിയ. ഉമ്മ പോകുമ്പോള്‍ പാതിവഴിയിലായിരുന്നു വീടെന്ന സ്വപ്‌നം. അതു പൂര്‍ത്തീകരിക്കാന്‍ ഓടിത്തളര്‍ന്നതും റാബിയയായിരുന്നു. ഉമ്മയുടെ വിയോഗത്തോടെ തളര്‍ന്നുപോയ ഉപ്പക്ക് കൂട്ടായതും റാബിയ. മരണംവരെ അദ്ദേഹത്തിന് ജീവജലം നല്‍കി ശുശ്രൂഷിച്ചതും അവള്‍. എന്തായാലും അവളുടെ വരവറിഞ്ഞ് വാരിപ്പുണരാന്‍ സ്വര്‍ഗത്തില്‍ കാത്തിരിപ്പുണ്ടാവും ആ പ്രിയപ്പെട്ട ഉമ്മയും ഉപ്പയും.

2006ല്‍ ടി.ടി.സി പഠന കാലം. അതിനുമുന്‍പേ കവിത അവളുടെ ഹൃദയം കയ്യടക്കിയിരുന്നു. വായന ലഹരിയായി കൂടെ പാര്‍ത്തിരുന്നു. എവിടെ കവിയരങ്ങുണ്ടോ അവിടെയൊക്കെ ഓടിയെത്തി. സാഹിത്യ സദസുകളിലെ വിരുന്നുകാരിയായി. സാഹിത്യ അക്കാദമിയിലെ ക്യാംപുകളിലും പതിവുകാരിയായി. ഉമ്മയോട് വണ്ടിക്കൂലി വാങ്ങി യാത്രയാകും. സദസുകളില്‍ കവിതചൊല്ലിയാല്‍ സംഘാടകര്‍ നല്‍കുന്ന ചെറിയ കവര്‍ ഉമ്മയെത്തന്നെ തിരികെ ഏല്‍പ്പിച്ചു. ഉമ്മയുടെ ചിരിക്കൊപ്പം ചിരിച്ചു ജീവിച്ചു. പെട്ടെന്നായിരുന്നു ആ ചിരിയോടൊപ്പം വേദന പൂത്തത്. 2010ല്‍ എന്നെന്നേക്കുമായി ഉമ്മയുടെ ചിരി മാഞ്ഞു.
ഒഴുകിത്തീര്‍ത്ത വഴിയേക്കാള്‍ ഒഴുകി തീരാത്ത വഴിയായിരുന്നു അവള്‍ക്കുമ്മ. പറഞ്ഞുവച്ച കഥകളില്‍ തിരഞ്ഞുതീരാത്ത വരികളായി പിടഞ്ഞുകത്തുന്ന വേനലായിരുന്നു ആ ഉമ്മ. ഒരു സന്ധ്യയ്ക്കപ്പുറത്തേക്ക് ഉമ്മയെ പിരിഞ്ഞിരുന്നിട്ടില്ലാത്ത റാബിയക്ക് അവരുടെ വേര്‍പ്പാട് അത്രക്കസഹ്യമായിരുന്നു. എന്നിട്ടും യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെട്ടു. സഹിച്ചു. ക്ഷമിച്ചു.


കവിതയോടായിരുന്നു പ്രണയം. കത്തുന്ന വാക്കുകള്‍കൊണ്ട് സാമൂഹിക വിഷയങ്ങളെ അവള്‍ വിചാരണ ചെയ്തു. ആനുകാലികങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രതികരണങ്ങള്‍ നിറഞ്ഞു. 'മോഹന്‍ജെദാരോ' എന്ന കവിതാ സമാഹാരം പലപ്പോഴായി പൂത്തു തളിര്‍ത്ത വാക്കുകളുടെ സമാഹാരമായിരുന്നു. വേണ്ടതുപോലെ വായനക്കാരിലേക്കതെത്തിയില്ല. എന്നിട്ടും എഴുത്തു നിര്‍ത്തിയില്ല. ഏറ്റവും ഒടുവില്‍ വിശപ്പിന് അന്നം തേടിയിറങ്ങിയ ഗര്‍ഭിണിയായ പിടിയാനയോട് മനുഷ്യന്‍ കാണിച്ച മഹാക്രൂരതയെക്കുറിച്ചുപോലും അവള്‍ എഴുതി.


ഒരാന ചത്തു അതിനിപ്പോള്‍ എന്താ. അങ്ങനെ എത്ര ജീവികള്‍ ചാവുന്നു അല്ലേ.? മനുഷ്യനെതന്നെ വെട്ടിയും കുത്തിയും കൊല്ലുന്നവര്‍ക്ക് പറയാനുണ്ടാവുക ഇത്രമാത്രമായിരിക്കില്ലേ...? എന്നാല്‍ ഒന്നോര്‍ക്കണം. പന്നിയെ ഓടിക്കാന്‍ പടക്കം വയ്ക്കുമ്പോള്‍ പന്നിയും ഈ ഭൂമിയില്‍ മനുഷ്യനെപോലെ ജീവിക്കാന്‍ അര്‍ഹതയും അവകാശവുമുള്ള ജീവിയാണെന്ന്. ആനയായാലും പുലിയായാലും അവര്‍ തേടിയിറങ്ങുന്നത് ഒരുനേരത്തെ ആഹാരം മാത്രമാണ്. മനുഷ്യരെപോലെ കൂടെപ്പിറപ്പിനെ കൊല്ലാനോ കുഞ്ഞുങ്ങളെ പീഡിപ്പിക്കാനോ ലാഭക്കൊതിമൂത്തോ ഇവരാരും ഇന്നുവരേ കാടിറങ്ങിവന്നിട്ടില്ല. അവര്‍ വിശപ്പിനാണ് ആഹാരം തേടുന്നത്. ആര്‍ത്തിക്കല്ല. എന്നെഴുതിയ റാബിയ ആ കുറിപ്പ് അവസാനിപ്പിച്ചത് ഇങ്ങനെയാണ്.


മനുഷ്യന് എന്തു മനസിലാകാനാണ്? മനുഷ്യര്‍ക്ക് ഒന്നും മനസിലാകില്ല, മൃഗങ്ങള്‍ക്കാണ് ചിലപ്പോള്‍ മനുഷ്യത്വം ഉണ്ടാവാറ്. എത്ര അര്‍ഥവത്തായ നിരീക്ഷണം. അങ്ങനെ എഴുതാന്‍ റാബിയക്കുമാത്രമേ സാധിക്കുകയുള്ളൂ.


കവിതകളിലും പുതിയ നിരീക്ഷണങ്ങളും നിര്‍വചനങ്ങളും നിറച്ചുവച്ചിട്ടുണ്ട് റാബിയ. ആയുസിന്റെ പുസ്തകത്താളില്‍ ഇനി വേദനയും പ്രതീക്ഷയും തരുന്ന കുറേ അക്ഷരങ്ങളെ ബാക്കിവച്ചാണ് അവള്‍ മടങ്ങിയത്. ആയുസ് തീര്‍ത്തു പെയ്തുതീരാന്‍ ഓര്‍മകള്‍ കൊന്നുകളഞ്ഞിട്ടും ഒരേയൊരേട് എന്ന് റാബിയ എഴുതിവച്ചിട്ടുണ്ട്. വേനലിനെ മഴയോളം തണുപ്പിക്കാറില്ല, തോരാതെ പെയ്തുവീണാലും ഒരു മഞ്ഞുകാലമെന്നും റാബിയ ഉണര്‍ത്തിയിട്ടുണ്ട്.
മാസ്‌ക് എന്ന ചെറുകവിതയിലെ വരികള്‍ നോക്കൂ.

എളുപ്പമായിരുന്നു ഒളിപ്പിക്കാന്‍
ചിരിക്കുകയാണെന്നു
കരുതുന്നുണ്ടാവും
കാണുന്നവര്‍
കണ്ണുകള്‍ക്ക് ഒന്നുമറിയില്ല
പാവങ്ങള്‍
മൂക്കിനെയും വായയേയും അടച്ചുവച്ചിട്ടുണ്ട്
ഉള്ളിലൊരു മൂര്‍ച്ചവച്ച
പകക്കനലിനെ ഒളിപ്പിക്കാന്‍
കണ്ണുകളെ വായിക്കുവാന്‍ പഠിക്കണം
നോവുകളുടെ ആഴങ്ങളറിയാന്‍
നിനക്കറിയില്ല എന്നെ
എനിക്കറിയില്ല എന്നെതന്നെ
നമുക്കറിയില്ല നമ്മേ തന്നെ
ഉള്ളിലെ ഇരുട്ടിനെപൂട്ടിവച്ചു
പരസ്പരം പകരാതിരിക്കാന്‍
രക്ഷപ്പെട്ടവരാണ്
മുഖം മറച്ചവര്‍
അഴിച്ചുമാറ്റരുത് മുഖമറകള്‍
നാം മനുഷ്യരാകുംവരേ


കൊവിഡിനെ അകറ്റാന്‍ മനുഷ്യന്‍ പണിത മുഖാവരണത്തെ ഒരിക്കലും അഴിച്ചുമാറ്റരുതെന്നാണ് കവയിത്രി നമ്മോട് പറയുന്നത്. രോഗം പകരാതിരിക്കാനല്ല, നമ്മള്‍ മനുഷ്യരാകുംവരേ അതവിടെത്തന്നെയിരിക്കട്ടെ എന്ന് റാബിയ പറഞ്ഞുവയ്ക്കുന്നത് മനുഷ്യ മനസുകളിലെ വിചിത്ര ഭൂപടങ്ങളെ കാണാനുള്ള അകക്കണ്ണുണ്ടായതുകൊണ്ടാണ്. മനുഷ്യ മനസുകളില്‍ ഒളിപ്പിച്ചുവച്ച പകയുടെ കനലുകളിലേക്കും നോവിന്റെ ആഴങ്ങളിലേക്കുമെല്ലാമാണ് ആ വരികള്‍ ആഴ്ന്നിറങ്ങുന്നത്.


പുതിയകാലത്തെ സ്ത്രീ ജീവിതങ്ങളെക്കുറിച്ച്, മരിക്കാത്ത ശലഭങ്ങളെക്കുറിച്ച്, കടല്‍പ്പക്ഷികളെക്കുറിച്ചും എല്ലാം റാബിയ വാചാലയാകുന്നു. സ്ത്രീ ജീവിതങ്ങള്‍ അഗ്നിപരീക്ഷകളെ ജയിക്കാന്‍ എന്തുചെയ്യണം? ഓരോ പെണ്‍കുട്ടിയും ഓരോ ശൂലങ്ങളും ഓരോ വാള്‍ത്തലപ്പുകളും ഓരോ കുന്തമുനകളും ഓരോ തീപ്പന്തങ്ങളും ആകേണ്ടതുണ്ടെന്നും മറ്റൊരു കവിതയില്‍ റാബിയ തുടങ്ങിവയ്ക്കുന്നു. ഓരോ പെണ്‍കുട്ടിയും ഓരോ നീതിപീഠങ്ങളും ഓരോ പൊട്ടിത്തെറികളുമായി തീരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഈ കവിതയില്‍ തുടര്‍ന്ന് ഉപന്യസിക്കുന്നത്.

ജീവിതത്തില്‍ നിന്ന് ഉമ്മ പടിയിറങ്ങിപ്പോയ വഴിയിലേക്ക് ഉപ്പയും യാത്രയായപ്പോള്‍ അവളും തിടുക്കം കൂട്ടിയിരുന്നു. അസുഖത്തെക്കുറിച്ച് ചോദിച്ചവരോടെല്ലാം കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞു. ആരെയും സങ്കടപ്പെടുത്താന്‍ റാബിയ ആഗ്രഹിച്ചില്ല. പ്രയാസങ്ങളുടെ പെട്ടി തുറക്കാനും തുനിഞ്ഞില്ല. ഒടുവില്‍ ഉപ്പയും ഉമ്മയും പോയ വഴിയിലേക്കുതന്നെ അവളും വളരെ പെട്ടെന്നു യാത്രപോയിരിക്കുന്നു. അവിടേക്കല്ലാതെ മറ്റെവിടേക്കുപോകാന്‍?


അസാമാന്യ പ്രതിഭയുണ്ടായിട്ടും വേണ്ടത്ര എഴുതിയില്ല റാബിയ. എഴുതിയതോ അച്ചടി വിപണിയില്‍ വേണ്ടതുപോലെ എഴുതപ്പെട്ടതുമില്ല. മുപ്പതു വയസിനിടെ ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളെയും വകഞ്ഞുമാറ്റിയാണിപ്പോഴത്തെ യാത്ര. ശേഷിക്കുന്നത് ആ ചിത്രശലഭം അവശേഷിപ്പിച്ചുപോയ അക്ഷരങ്ങളാണ്. ഇനിയും കുറച്ചുകാലം കൂടി ജീവിച്ചിരുന്നുവെങ്കില്‍ ഏറെ ഉയരത്തിലെത്തേണ്ടതായിരുന്നു ആ വാക്കുകള്‍. പ്രിയപ്പെട്ടവരേ ആ ചിത്രശലഭം മരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആ അക്ഷരങ്ങളെ അനാഥമാക്കരുതേ...

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago