ബാബുവിനെ ആശുപത്രിയിലെത്തിച്ചു; അവശ നിലയിലെന്ന് റിപ്പോര്‍ട്ട്
പാലക്കാട്: 46 മണിക്കൂര്‍ മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റി. മലമുകളിലെത്തിച്ച ബാബു അവശ നിലയിലായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ ഹെലികോപ്റ്റര്‍ മലയിലെത്തുകയായിരുന്നു. ഗോവണി ഉപയോഗിച്ചാണ് ഹെലികോപ്റ്ററില്‍ കയറ്റിയത്.
ബാബു രക്തം ഛര്‍ദ്ദിച്ചതായും പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്നും രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. രക്ഷപ്പെടുത്തി ഒന്നര മണിക്കൂറിന് ശേഷമാണ് ബാബുവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്നത്. നിര്‍ജലീകരണ പ്രശ്നം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആശുപത്രിയില്‍ എല്ലാ വിധ ചികിത്സയും സജ്ജമായതായി അധികൃതര്‍ അറിയിച്ചു.
ആര്‍മിയും എന്‍.ഡി.ആര് .എഫും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്നലെ രാത്രി ചെറാട് മലയിലെത്തിയ സൈന്യം രാവിലെ 9 മണിക്കാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.തന്നെ രക്ഷപ്പെടുത്തിയ രക്ഷാപ്രവര്‍ത്തകരെ ചുംബിച്ചാണ് ബാബു സ്നേഹം പ്രകടിപ്പിച്ചത്. ഇന്ന് രാവിലെ 10.15ഓടെ ബാബുവിനെ സൈന്യം മലമുകളിലേക്ക് എത്തിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും ചോറോട് മല കയറിയത് . തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി..കുടുങ്ങിയ ബാബു തന്നെയാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇന്ന് പുലര്‍ച്ചെ വരെ ബാബുവിന്റെ അടുത്തെത്താന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ 9 മണിയോടെയാണ് വടം കെട്ടി ബാബുവിനടുത്തേക്ക് സൈനികര്‍ ഇറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."