'കോണ്‍ഗ്രസ് തെമ്മാടികള്‍ 130 കോടി ജനതയുടെ വികാരത്തെ വ്രണപ്പെടുത്തി'; സചിന്റെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിച്ചതിനെതിരെ ശ്രീശാന്ത്
തിരുവനന്തപുരം: വിവാദ ട്വീറ്റിനെ തുടര്‍ന്ന് ക്രിക്കറ്റ് താരം സചിന്‍ ടെന്‍ഡുല്‍ക്കറുടെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നടപടിയെ വിമര്‍ശിച്ച് ക്രിക്കറ്റര്‍ ശ്രീശാന്ത്. 130 കോടി ജനതയുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'കോണ്‍ഗ്രസ് തെമ്മാടികളുടെ പ്രവൃത്തി അമ്പരപ്പിക്കുന്നു. ക്രിക്കറ്റ് ദൈവവും ഇതിഹാസവും ഭാരത് രത്‌നയുമായ സചിന്റെ ചിത്രത്തിന് മേല്‍ കരിഓയില്‍ ഒഴിച്ചതിലൂടെ 130 കോടി ജനതയുടെ വികാരത്തെ വ്രണപ്പെടുത്തിയിരിക്കുകയാണ്. ഇതിനെ അപലപിക്കുന്ന കേരളത്തിലെ ജനതക്കൊപ്പമാണ് ഞാന്‍' - ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.
Appalled by the disgraceful act by @INCKerala hoodlums.
— Sreesanth (@sreesanth36) February 6, 2021
By pouring ink on the god of Cricket, legend & Bharat Ratna, @sachin_rt, they have hurt the feelings of 130 Crore
I stand with the people of Kerala in condemning this act.#KeralaWithSachin #NationWithSachin.
സച്ചിന്‍ പാജി ഒരു വികാരമാണെന്നും തന്നെപോലെ നിരവധി ആണ്‍കുട്ടികള്‍ നമ്മുടെ രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിച്ചതിന്റെ കാരണം സച്ചിനാണെന്നും ശ്രീശാന്ത് പറഞ്ഞു.
'സച്ചിനോടുള്ള എന്റെ സ്‌നേഹം പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ഇന്ത്യയില്‍ ജനിച്ചതിന് നന്ദി. നിങ്ങള്‍ ഇപ്പോഴും എല്ലായ്‌പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും', ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം കൊച്ചിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്റെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിച്ചത്. കര്‍ഷക സമരത്തെ പിന്തുണച്ച സെലിബ്രിറ്റികള്‍ക്കെതിരെ സച്ചിന്‍ ട്വീറ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."