അശ്വത്ഥാമാവ് വെറുമൊരു ആനയല്ല
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
അധികാരത്തിൻ്റെ ഉന്നതങ്ങളിൽ നിൽക്കുമ്പോഴാണ് എം. ശിവശങ്കർ സ്വർണക്കടത്തു കേസിൽ പ്രതിയായത്. ചോദ്യം ചെയ്യലും തടങ്കലും കോടതി കയറലും ജുഡിഷ്യൽ കസ്റ്റഡിയുമൊക്കെയായി നീണ്ടത് 102 ദിവസം. ശിവശങ്കർ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ദിവസങ്ങൾ. ഇപ്പോഴിതാ ശിവശങ്കറിന്റെ പുസ്തകം: 'അശ്വത്ഥാമാവ് വെറും ഒരു ആന'. പുസ്തകത്തിന്റെ പേരിൽ ഏറ്റുമുട്ടലിനിറങ്ങിയിരിക്കുകയാണ് സ്വപ്നാ സുരേഷ്. ശിവശങ്കറും സ്വപ്നയും വീണ്ടും മാധ്യമങ്ങളിൽ. അന്വേഷണത്തിന്റെയും ചോദ്യം ചെയ്യലിന്റെയും രാഷ്ട്രീയ വിവാദങ്ങളുടെയും കൊടുങ്കാറ്റും അതിന്റെയൊക്കെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പും കഴിഞ്ഞ ശേഷമാണ് ശിവശങ്കറിൻ്റെ പുസ്തകവും അതിനു പ്രതികരണമായി സ്വപ്നയുടെ അഭിമുഖങ്ങളും പുതിയ വിവാദങ്ങളുയർത്തുന്നത്.
അന്ന് അന്വേഷണത്തിനു കൂടുതൽ വഴി കാണാതെ കേന്ദ്ര ഏജൻസികൾ ബുദ്ധിമുട്ടി. യു.എ.ഇയുടെ തിരുവനന്തപുരം കോൺസുലേറ്റ് ഓഫിസിലെ പ്രധാന ഉദ്യോഗസ്ഥരുടെ പേരുകൾ ഉയർന്നുവെങ്കിലും അവരിലേയ്ക്ക് അന്വേഷണം നീണ്ടതേയില്ല. സ്വർണക്കടത്ത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രധാനമന്ത്രിക്കു കത്തെഴുതിയതും വലിയ വാർത്തയായി. കേന്ദ്ര ഏജൻസികൾ വരികയും അന്വേഷണം പല തലങ്ങളിലേയ്ക്കു നീളുകയും ചെയ്തുവെങ്കിലും സ്വർണക്കടത്തിനു പിന്നിലെ യഥാർഥ ശക്തികളിലേയ്ക്കോ ഇന്ത്യയിൽ സ്വർണം എത്തിച്ചേർന്ന കേന്ദ്രങ്ങളിലേയ്‌ക്കോ അന്വേഷണം എത്തിയതേയില്ല. അവസാനം ശിവശങ്കറും തടവിൽനിന്നു പുറത്തുവന്നു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പരിരക്ഷകളുടെ ബലത്തിൽ ശിവശങ്കർ വീണ്ടും ജോലിയിൽ തിരികെ കയറുകയും ചെയ്തു.
നേരത്തെ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന വലിയ ചുമതലയായിരുന്നു ശിവശങ്കറിന്. ഒപ്പം ഐ.ടി സെക്രട്ടറി സ്ഥാനവും പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ ഐ.ടി വകുപ്പ് കൂടി ഏറ്റെടുക്കുകയായിരുന്നു. ഒന്നാം പിണറായി സർക്കാർ ഐ.ടി വകുപ്പിനു നൽകിയ പ്രാധാന്യത്താൽ പ്രഗത്ഭനായ ഉദ്യോഗസ്ഥൻ എന്നു പേരെടുത്തിരുന്ന ശിവശങ്കർ യു.ഡി.എഫ് ഭരണകാലത്തും ഉയർന്നസ്ഥാനങ്ങൾ വഹിച്ചിരുന്നു.
102 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞുവെങ്കിലും തികഞ്ഞ ആശ്വാസത്തോടെയാണ് ശിവശങ്കർ പുറത്തിറങ്ങിയത്. ചികിത്സയും വിശ്രമവുമായി കുറെ ദിവസം. പിന്നെ പുനർനിയമനം. സ്‌പോർട്‌സ്-യുവജന ക്ഷേമ വകുപ്പു സെക്രട്ടറിയായി. മുമ്പുണ്ടായിരുന്ന അധികാരസ്ഥാനങ്ങൾ തിരികെ കിട്ടിയില്ലെങ്കിലും ശിവശങ്കറിന് സെക്രട്ടേറിയറ്റിൽ ഒരു കസേര കിട്ടിയതു വലിയ കാര്യമായി. അങ്ങനെ അധികാരത്തിന്റെ ഇടനാഴികളിൽ വീണ്ടും ശിവശങ്കർ. അതൊരു വലിയ തിരിച്ചുവരവുതന്നെയായിരുന്നു. കടുത്ത വേട്ടയാടലിൽ നിന്നുള്ള തിരിച്ചുവരവ്. അന്ന് ശിവശങ്കറിനു നേരേ കസ്റ്റംസ് വകുപ്പിന്റെ അന്വേഷണത്തിന്റെ മുന നീണ്ടപ്പോൾത്തന്നെ അദ്ദേഹം വാർത്തകളിൽ നിറയാൻ തുടങ്ങി. അതു തികച്ചും സ്വാഭാവികം മാത്രം. പ്രതിപക്ഷവും ബി.ജെ.പിയും ശിവശങ്കറിനെതിരേ മാത്രമല്ല, മുഖ്യമന്ത്രിക്കെതിരേയും തിരിഞ്ഞു. സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കും പങ്കെന്ന ആരോപണത്തിനു മൂർച്ചയേറി. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സ്വർണക്കടത്തും ശിവശങ്കറും സ്വപ്നയുമെല്ലാം പ്രധാന വിഷയങ്ങളുമായി. എങ്കിലും പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണിതന്നെ ഉജ്ജ്വല വിജയത്തോടെ ഭരണത്തുടർച്ച നേടി. സ്വർണക്കടത്തു കേസിന്റെ ചൂടും ചൂരുമൊക്കെ ചോർന്നു. പ്രധാന പ്രതികളിലൊരാളായ സ്വപ്നാ സുരേഷും ജാമ്യത്തിലിറങ്ങി.
'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകം പ്രസിദ്ധീകരിച്ച എം. ശിവശങ്കർ വീണ്ടും വിവാദച്ചുഴിയിലായിരിക്കുന്നു.കേന്ദ്ര അന്വേഷണ ഏജൻസികളെയും മാധ്യമങ്ങളെയും പുസ്തകത്തിലൂടെ ആക്രമിച്ച ശിവശങ്കറിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് സ്വപ്നാ സുരേഷ് മുന്നോട്ടുവന്നതോടെ മാധ്യമങ്ങൾക്കും ഉത്സാഹമായി. പറ്റെ വെട്ടി ഭംഗിയാക്കി നിറം പിടിപ്പിച്ച മുടിയും മനോഹരമായി മേക്കപ്പിട്ട മുഖവും ഇംഗ്ലീഷും മലയാളവും ചേർത്ത സംസാരവുമായി സ്വപ്ന ടെലിവിഷൻ സ്‌ക്രീനുകളിൽ തിളങ്ങി. അളന്നു മുറിച്ച വാചകങ്ങളുമായി. നയതന്ത്രബാഗ് വഴി സ്വർണം കടത്തുന്ന വിവരം ശിവശങ്കറിനറിയാമെന്നാണ് സ്വപ്ന വിവിധ ചാനലുകൾക്കു നൽകിയ അഭിമുഖ സംഭാഷണത്തിൽ പറഞ്ഞത്. സ്വർണം പിടികൂടിയപ്പോഴും ശിവശങ്കറുമായി കണ്ടു സംസാരിച്ചു. മുമ്പും ഇതുപോലെ നയതന്ത്ര ബാഗേജ് വന്നപ്പോൾ കസ്റ്റംസിൽനിന്ന് പുറത്തിറക്കാൻ ശിവശങ്കറിനോടു സഹായം തേടിയിട്ടുണ്ടെന്നും സ്വപ്നയുടെ സാക്ഷ്യം.
ബാങ്ക് ലോക്കറിൽനിന്നു അന്വേഷണ ഏജൻസികൾ പിടിച്ചെടുത്ത തുകയുടെ കാര്യത്തിലും സ്വപ്ന മനസു തുറന്നു. അത് ലൈഫ് പദ്ധതിയിൽനിന്നു കിട്ടിയ കമ്മിഷൻ തുക തന്നെയാണെന്ന് സ്വപ്ന സമ്മതിച്ചു. പണം ബാങ്ക് ലോക്കറിൽ വയ്ക്കാൻ സ്വന്തം ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ പരിചയപ്പെടുത്തി തന്നത് ശിവശങ്കർ തന്നെ. ഒരു പരിചയവുമില്ലാത്ത ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ പേരിൽ ലോക്കർ എടുക്കേണ്ട കാര്യം തനിക്കില്ലെന്നും ആ പണം ആരുടേതെന്ന് മനസിലാക്കാൻ വേറെ കാരണമൊന്നും ആവശ്യമില്ലെന്നും പറഞ്ഞ് സ്വപ്ന കത്തിക്കയറി. ലക്ഷ്യം ആരെന്നു വ്യക്തം.
പുസ്തകമെഴുതി വല്ലാത്ത കുരുക്കിൽപ്പെട്ടിരിക്കുകയാണ് ശിവശങ്കർ. സ്വർണക്കടത്തു കേസിൽ പ്രധാന പ്രതിയായി കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ സ്വപ്നാ സുരേഷ് തനിക്കെതിരേ ഇത്ര രൂക്ഷമായി പ്രതികരിക്കുമെന്ന് ശിവശങ്കർ കരുതിയിട്ടുണ്ടാവില്ല. ദീർഘകാലം വളരെ അടുത്തുതന്നെ കഴിഞ്ഞിരുന്ന ശിവശങ്കർ പുസ്തകത്തിൽ തനിക്കെതിരേ നടത്തിയ ചില പരാമർശങ്ങൾ സ്വപ്നയെ വേദനിപ്പിച്ചുവെന്നത് വ്യക്തം.ഇത് ഒരു പകയായി മാറുകയായിരുന്നു.ചാനലുകളിൽ നീണ്ട അഭിമുഖവുമായി സ്വപ്ന എല്ലാം തുറന്നടിക്കുകയായിരുന്നു.
അന്വേഷണ ഏജൻസികൾക്കു മുമ്പാകെ നൽകിയ മൊഴിയിലും മജിസ്‌ട്രേറ്റിനു മുമ്പിൽ നൽകിയ രഹസ്യമൊഴിയിലും പറഞ്ഞതൊക്കെത്തന്നെയാണ് സ്വപ്ന ചാനൽ അഭിമുഖങ്ങളിലും പറഞ്ഞത്. ഏജൻസികളോടു പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾക്ക് അപ്പപ്പോൾത്തന്നെ ചോർത്തിക്കിട്ടിയത് തീകത്തുന്ന വാർത്തകളാവുകയായിരുന്നു. ശിവശങ്കറിന്റെ പുസ്തകത്തിൽ പ്രധാനമായും കാണുന്നത് മാധ്യമങ്ങളോടുള്ള പകയാണ്.
അന്വേഷണ ഏജൻസികൾ ശിവശങ്കറിനെ ഏറെ പീഡിപ്പിച്ചു എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ ഏജൻസികളെ കുറ്റപ്പെടുത്തുന്നതാണ് പുസ്തകത്തിലെ പ്രധാന ഭാഗം. ഏജൻസികളുടെ ശരിക്കുള്ള ഉന്നം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നുവെന്നു നേരിട്ടു വ്യക്തമാക്കുകയാണ് ശിവശങ്കർ. ഏറെ സമ്മർദം ചെലുത്തിയിട്ടും ശിവശങ്കർ മുഖ്യമന്ത്രിക്ക് ഇതിലെന്തെങ്കിലും പങ്കുള്ളതായി പറഞ്ഞില്ല. ഏജൻസികൾക്കു പിന്നിലെ രാഷ്ട്രീയ ശക്തികളെക്കുറിച്ചും നേരത്തേ തന്നെ ധാരാളം റിപ്പോർട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ഏതെങ്കിലും തരത്തിൽ ഈ കേസിൽ കുരുക്കുക എന്ന അജൻഡ കേന്ദ്ര ഏജൻസികൾക്കു പിന്നിൽ പ്രവർത്തിച്ച രാഷ്ട്രിയ ശക്തികൾക്കുണ്ടായിരുന്നു.
പക്ഷേ സമ്മർദങ്ങൾക്കൊന്നും ശിവശങ്കർ വഴങ്ങിയില്ല. സ്വപ്നാ സുരേഷിന്റെ മൊഴിയിൽ പറയുന്ന കാര്യങ്ങളെല്ലാം തെളിയിക്കാൻ മതിയായ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ ഏജൻസികൾക്കും കഴിഞ്ഞില്ല. അവസാനം ശിവശങ്കർ തടവിൽനിന്നു മോചനം നേടുമ്പോൾ അന്വേഷണ ഏജൻസികൾക്കു കാര്യമായി ഒന്നും പറയാനുണ്ടായിരുന്നില്ല. ശിവശങ്കർ ആകെ തടവിൽ കഴിഞ്ഞതു 102 ദിവസം. 2020 ഒക്‌ടോബർ 28ാം തീയതിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജാമ്യം കിട്ടിയത് 2021 ഫെബ്രുവരി മൂന്നിന്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കെതിരായി പ്രതിപക്ഷത്തിനു കിട്ടിയ പ്രധാന ആയുധമായിരുന്നു സ്വർണക്കടത്തു കേസും ശിവശങ്കറും സ്വപ്നാ സുരേഷും: സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്കുണ്ടെന്നായി പ്രതിപക്ഷവും ബി.ജെ.പിയും. സ്വപ്ന നേരിട്ട് ചാനലുകൾക്കു നൽകിയ അഭിമുഖം പുതിയ തീയും പുകയും സൃഷ്ടിച്ചിരിക്കുന്നു. വരാൻ പോകുന്ന ബജറ്റ് സമ്മേളനത്തിലും ശിവശങ്കറും സ്വപ്നയും പ്രധാന ചർച്ചാ വിഷയമാവും തീർച്ച. അശ്വത്ഥാമാവ് വെറുമൊരാനയാണോ എന്ന ചോദ്യം സമൂഹത്തിനു മുന്നിൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."