കാടിറങ്ങുന്ന മരണഭീഷണിക്ക് ശാശ്വത പരിഹാരം ഉണ്ടാകണം
ജനങ്ങളുടെ ജീവന് ഭീഷണിയായി കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മുമ്പൊക്കെ വനത്തിലൂടെ സഞ്ചരിക്കുമ്പോൾ മാത്രമേ കാട്ടുമൃഗങ്ങളെ പേടിക്കേണ്ടതുണ്ടായിരുന്നുള്ളൂ. എന്നാലിപ്പോൾ സ്ഥിതി മാറി. വന്യമൃഗങ്ങൾ നിത്യവും നാട്ടിലിറങ്ങി മനുഷ്യരുടെ സ്വൈരജീവിതം തകർക്കുകയാണ്. റോഡിലൂടെ സഞ്ചരിക്കുകയാണെങ്കിൽ കാട്ടുപന്നികളെ വരെ പേടിക്കേണ്ട സ്ഥിതിയാണ്. ഹൈറേഞ്ച് മേഖലകളിലും വനത്തോട് ചേർന്ന പ്രദേശങ്ങളിലുമായിരുന്നു നേരത്തെ ഈ ഭീഷണിയെങ്കിൽ ഇന്ന് സ്ഥിതി അതല്ല. കടുവകളും കാട്ടാനകളും കാട്ടുപന്നികളും കാടിറങ്ങി നാട്ടിൽ കൃഷി നശിപ്പിക്കുകയും മനുഷ്യരെ അക്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. വീടിനകത്തും പുറത്തും സുരക്ഷിതമായി കഴിയാനാവാത്ത അവസ്ഥ. വീടിനകത്തിരുന്നാൽ വീടു തകർക്കും പുറത്തിറങ്ങിയാൽ കാട്ടുപന്നികളും കാട്ടാനകളും ഓടിയെത്തി ആക്രമിക്കും. അത്തരമൊരു ദുരന്തമാണ് അച്ഛനോടും മുത്തച്ഛനോടുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ അതിരപ്പിള്ളിയിലെ കണ്ണൻ കുഴിയിൽ വച്ച് അഞ്ചു വയസ് മാത്രം പ്രായമുള്ള ആഗ്നിമിയ എന്ന കൊച്ചുബാലികയ്ക്ക് ഉണ്ടായത്. ദാരുണമായിരുന്നു കുഞ്ഞിന്റെ അന്ത്യം. കൂടെയുണ്ടായിരുന്ന അച്ഛനും മുത്തച്ഛനും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. സംഭവത്തിൽ പ്രതിഷേധിച്ചു നാട്ടുകാർ ചൊവ്വാഴ്ച അതിരപ്പിള്ളിയിൽ മണിക്കൂറുകൾ അന്തർ സംസ്ഥാന പാത ഉപരോധിക്കുകയുണ്ടായി.
വന്യജീവികളുടെ നാട്ടിലിറങ്ങിയുള്ള ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ ഉപരോധസമരം. നിർഭാഗ്യകരമെന്നു പറയട്ടെ, നാട്ടുകാരുടെ ചിരകാലാവശ്യമായ ഈയൊരു ജീവൽപ്രശ്നത്തിന് നേരെ വർഷങ്ങളായി വനം വകുപ്പ് കണ്ണടച്ചിരിപ്പാണ്. വനം വകുപ്പിന്റെ നിരുത്തരവാദപരമായ നിലപാടുകളാണ് വന്യമൃഗങ്ങൾ അടുത്ത കാലത്തായി വൻതോതിൽ കൃഷിനാശം വരുത്തുന്നതിനും ഒപ്പം ആളുകളെ ആക്രമിക്കുന്നതിനും പ്രധാന കാരണമെന്ന് ഇവിടെയുള്ള നാട്ടുകാർ ആരോപിക്കുന്നു. തങ്ങളോട് ശത്രുക്കളോടെന്ന പോലെയാണ് വനം വകുപ്പ് പെരുമാറുന്നതെന്ന ആരോപണവും കർഷകർ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് കാട്ടാനകളും കാട്ടുപന്നികളും കൂടി ഉണ്ടാക്കിയത്. നൂറിലധികം പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം 25 പേരാണ് വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഈയൊരു പശ്ചാത്തലത്തിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശാശ്വതമായ പരിഹാരം വേണമെന്ന ആവശ്യം ഉയർത്തി ഇരകളാകുന്ന നാട്ടുകാർ നടത്തുന്ന പ്രതിഷേധങ്ങൾക്കും ഉപരോധ സമരങ്ങൾക്കും ന്യായീകരണമുണ്ട്. കൊല്ലപ്പെട്ട ആഗ്നിമിയയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നാണ് വനം മന്ത്രി എ.കെ ശശീന്ദ്രൻ പറയുന്നത്. ഈ നഷ്ടപരിഹാരം കൊണ്ടു തീരുന്നില്ല വന്യജീവി ആക്രമണങ്ങൾ. ആളുകൾ ഇനിയും മരിച്ചേക്കാം, കൃഷിഭൂമിയിലെ വിളകൾ നശിപ്പിക്കപ്പെട്ടേക്കാം. ഇതെല്ലാം ഇല്ലാതാക്കാൻ ശാശ്വത പരിഹാരമാണ് സർക്കാരിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. അതിന് സർക്കാർ തയാറുണ്ടോ എന്നതാണിപ്പോൾ ഉയരുന്ന പ്രസക്ത ചോദ്യം.
കുടിയേറ്റക്കാലത്ത് കാട്ടുമൃഗങ്ങളുടെ ആക്രമണം പതിവായിരുന്നു. പിന്നീടത് കുറഞ്ഞുവന്നതാണ്. എന്നാലിപ്പോൾ കാട്ടുമൃഗങ്ങൾ ജനവാസ പ്രദേശങ്ങളിൽ ഇറങ്ങി നാശം വിതയ്ക്കാൻ തുടങ്ങിയിരിക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ എന്നത് സംബന്ധിച്ച് ഒരു പഠനം അനിവാര്യമായിരിക്കുകയാണ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റമാണോ അതോ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയിൽ ഉണ്ടായ പാളിച്ചകളാണോ ഇതിന് കാരണമെന്നതും കണ്ടെത്തണം. അതുമല്ലെങ്കിൽ വനം വിസ്തൃതി കുറഞ്ഞുവന്നതോ ഇടക്കിടെ കാടുകളിലും ഉണ്ടാകുന്ന പ്രളയങ്ങളോ എന്തായിരിക്കാം കാരണമെന്നത് സംബന്ധിച്ച് സമഗ്രവും വിശദവുമായ പഠനമാണ് ഉണ്ടാകേണ്ടത്.
കാട്ടുമൃഗങ്ങൾക്ക് മനുഷ്യരോട് ശത്രുത പുലർത്തേണ്ട ഒരാവശ്യവുമില്ല. വനഭൂമി തോട്ടം മേഖലയാക്കിയതിലൂടെ വനവിസ്തൃതി കുറത്തിരിക്കാം. ഇവ സ്വാഭാവിക വനഭൂമിയാക്കുന്നത് സംബന്ധിച്ച് ആലോചിക്കാവുന്നതാണ്. വനപ്രദേശത്ത് സർക്കാർ തന്നെ തേക്ക് പ്ലാന്റേഷൻ നടത്തുന്നുണ്ട്. ഇതിലൂടെയെല്ലാം വനത്തിന്റ സ്വാഭാവികത നഷ്ടപ്പെടുന്നുണ്ടാകാം. ഇത്തരമൊരു പരിതസ്ഥിതിയിൽ അതിജീവനത്തിനു വേണ്ടിയാണോ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി കണ്ണിൽ കണ്ടതെല്ലാം തച്ചുതകർക്കുന്നത്? പഠനത്തിലൂടെ മാത്രമേ ഇതിൽ വ്യക്തത വരുത്താനാകൂ.
മറ്റൊന്ന്, പെറ്റുപെരുകുന്ന കാട്ടുപന്നികളെപ്പോലുള്ള മൃഗങ്ങളെ വേട്ടയാടുന്നതിൽ ഉണ്ടായ നിരോധനമാണ്. ഇവക്ക് കാട്ടിൽ ഭക്ഷണം മതിയാകാതെ വരുമ്പോൾ നാട്ടിലേക്കിറങ്ങുന്നു. വനം വകുപ്പാകട്ടെ ഇവയുടെ പെറ്റുപെരുകൽ നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുന്നുമില്ല. വന്യമൃഗങ്ങളുടെ നിലനിൽപ്പിന് പ്രാധാന്യം കൊടുക്കുന്നത് പോലെ മനുഷ്യ ജീവനും പ്രാധാന്യം നൽകേണ്ടതുണ്ട്. വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുമ്പോൾ വലിയ കോലാഹലങ്ങൾ ഉണ്ടാകുമെങ്കിലും അത് താൽക്കാലികം മാത്രമാണ്. കാര്യങ്ങൾ പിന്നെയും പഴയപടിയിൽ തന്നെ തുടരുകയാണ് പതിവ്.
മറ്റു രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും ഇത്തരം പ്രതിസന്ധികൾ പരിഹരിക്കാൻ പല മാർഗങ്ങളുമുണ്ട്. കാട്ടുമൃഗങ്ങൾ പെരുകുന്നതനുസരിച്ച് അവയെ കൊല്ലാൻ പല വിദേശ രാജ്യങ്ങളും അനുവദിക്കുന്നുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പരിഗണിച്ചു കൊല്ലാനുള്ള അനുവാദം ഉണ്ട്. നമ്മൾ ഇപ്പോഴും അനുവാദത്തിനായി കേന്ദ്രത്തിന് അപേക്ഷയും നൽകി കാത്തു കഴിയുന്നു. കാട്ടുമൃഗങ്ങളെ മനുഷ്യരിൽനിന്ന് രക്ഷിക്കാൻ നിയമമുള്ള സംസ്ഥാനത്ത് മനുഷ്യരെ വന്യജീവികളുടെ ആക്രമണത്തിൽനിന്ന് സംരക്ഷിക്കാൻ യാതൊരു നിയമവും ഇല്ല. കാട്ടുപന്നിയെ വെടിവയ്ക്കണമെന്നുണ്ടെങ്കിൽ ഗ്രാമസഭ വരെ കൂടണമെന്ന വിചിത്രമായൊരു തീരുമാനം കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് എടുത്തിരുന്നു.
കർഷകരോടും വനങ്ങളോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലെ നാട്ടുകാരോടും ബഹുഭൂരിപക്ഷം വരുന്ന വനം ഉദ്യോഗസ്ഥരുടെ പെരുമാറ്റം നല്ല രീതിയിലല്ല എന്നൊരു ആരോപണമുണ്ട്. ഇതിനൊരു മാറ്റം വേണം. നാട്ടുകാരെ വിശ്വാസത്തിലെടുത്ത് കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുകയാണ് വനം വകുപ്പ് ചെയ്യേണ്ടത്. എന്തുകൊണ്ട് വന്യമൃഗങ്ങൾ വൻതോതിൽ കാടിറങ്ങി വന്ന് മനുഷ്യരെ കൊല്ലുകയും കൃഷി ഭൂമി നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നത് സംബന്ധിച്ച് ശാസ്ത്രീയമായ പഠനവും അനിവാര്യമാണ്. ഇതിനു മുൻകൈയെടുക്കേണ്ടത് വനം വകുപ്പും മന്ത്രി എ.കെ ശശീന്ദ്രനുമാണ്. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം മന്ത്രാലയത്തെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള സത്വര നടപടികളും ഉണ്ടാകേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."