യാത്രാ വിലക്കിനെ തുടർന്ന് ദുബൈയിൽ കുടുങ്ങിയവർ പലരും നാട്ടിലേക്ക് മടങ്ങിത്തുടങ്ങി
ദുബായ്: കൊവിഡ് മഹാമാരി കാരണം ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് നേരിട്ട് വിമാന യാത്ര അനുവദിക്കാത്തതിനാൽ ദുബായ് വഴി സഊദിയിലേക്ക് കടക്കാൻ നാട്ടിൽ നിന്ന് പുറപ്പെട്ടു യുഎഇയിൽ കുടുങ്ങി കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരിൽ പലരും ഒടുവിൽ നാടുകളിലേക്ക് തിരിച്ചു തുടങ്ങി. സഊദിഅറേബ്യ പ്രവേശന വിലക്ക് ഏർപ്പെടുത്തിയ പുതിയ രാജ്യങ്ങളിൽ യുഎഇ കൂടി ഉൾപ്പെട്ടത് കാരണം നിരവധി പ്രവാസികൾ യുഎഇയിൽ കുടുങ്ങിയിരിക്കുകയാണ്. നേരിട്ട് വിമാനമില്ലാത്തതിനാലാണ് സഊദിയിൽ നിന്നും അവധിയിൽ പോയവർ വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്താൻ യുഎഇ തിരഞ്ഞെടുത്തത്. ഇവിടെ 14 ദിവസത്തെ ക്വാറന്റൈനിൽ കഴിഞ്ഞു അടുത്ത ദിവസങ്ങളിൽ സഊദിയിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായ പുതിയ വിലക്ക് പ്രഖ്യാപനം വന്നത്.
ദുബൈയിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരിൽ പലരും തങ്ങളുടെ ജോലി പോലും ഭീഷണിയായ അവസ്ഥയിലാണ് തിരിച്ചു മടങ്ങേണ്ടി വരുന്നത്. പലരും ട്രാവൽ ഏജൻസികൾ ബുക്ക് ചെയ്ത താമസ സൗകര്യത്തിന്റ സമയപരിധി അവസാനിച്ചു പെരുവഴിയിലായ അവസ്ഥയാണ്. ഒട്ടുമിക്ക പേരുടെ കയ്യിൽ ഭക്ഷണത്തിനു പോലും പണമില്ല. ഇതിൽ ഭൂരിപക്ഷം പേരും അടുത്ത ദിവസങ്ങളിൽ സഊദിയിൽ പ്രവേശിക്കാനായില്ലെങ്കിൽ വിസാ കാലാവധി അവസാനിച്ചു ജോലി നഷ്ടപെടുമെന്ന ഭീതിയും പങ്കു വെച്ചു. കഴിഞ്ഞ ദിവസം ദുബൈയിൽ നിന്നും മടങ്ങിയവരിൽ ഒരു വിമാനത്തിലെ ഒട്ടു മിക്ക യാത്രികരും ഇത്തരത്തിലുള്ളവരായിരുന്നു. സഊദിയിലേക്ക് പ്രവേശിക്കാനായി ദുബൈയിൽ എത്തിയവരിൽ ദുബായ് വിസ കാലാവധി കഴിയുന്നവരും താമസ സൗകര്യം ഇല്ലാത്തവരുടെയും മുമ്പിൽ വേറൊരു മാർഗ്ഗവുമില്ല. മാർഗ്ഗങ്ങൾ ഉണ്ടാക്കേണ്ട ഇന്ത്യൻ, കേരളം സർക്കാരുകൾക്ക് ഇത് ഒരു വിഷയമേ അല്ലെന്ന സ്ഥിതിയാണിപ്പോൾ. ഇവിടെ നിന്നും ഒമാൻ പോലെയുള്ള രാജ്യങ്ങൾ വഴി മടങ്ങാനും ചിലർ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇനിയും ഭീമമായ പണവും സമയവും ഇവർക്ക് കാണേണ്ടി വരുന്നത് സാധാരണക്കാർക്ക് ഇതും തിരിച്ചടിയാണ്.
നിലവിൽ ഇവിടെ കഴിയുന്നവരിൽ ഭൂരിഭാഗവും തങ്ങളുടെ പാക്കേജ് കഴിയും വരെയെങ്കിലും പിടിച്ച് നിൽക്കാനുള്ള ശ്രമത്തിലാണ്. അതിനിടയിൽ സഊദി പ്രവേശന വിലക്കിൽ എന്തെങ്കിലും ഇളവ് ലഭിച്ചേക്കുമെന്ന് പ്രതീക്ഷ മാത്രമാണ് ഇവർക്കുള്ളത്. എന്നാൽ, ആയിരക്കണക്കിന് പ്രവാസികൾ യുഎഇയിലെ പലരുടെയും സഹായത്തോടെയാണ് ദിനങ്ങൾ തള്ളിനീക്കുന്നതെന്ന് അവിടെ നിന്നുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. യുഎഇയിലെ ഏതാനും ചില മനുഷ്യ സ്‌നേഹികൾ ഇവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെങ്കിലും തുടർച്ചയായി നൽകുന്നതിലെ പ്രയാസങ്ങൾ ഇവരെ അലട്ടുന്നുണ്ട്. അതേസമയം, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ അടിയന്തിര ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനകൾ രംഗത്തെത്തി. ഈയാവശ്യമുന്നയിച്ച് വിവിധ സംഘടനകൾ സർക്കാരുകൾക്ക് അടിയന്തിര കത്ത് നൽകുകയും ചെയ്‌തിട്ടുണ്ട്.
കേന്ദ്ര സംസ്ഥാന സർക്കാർ തലത്തിൽ അടിയന്തിര ഇടപെടലുകൾ നടത്തി ഇവരെ സഊദിയിലെത്തിക്കാൻ സംവിധാനം ഉണ്ടാക്കണമെന്നും സഊദി വിസ കാലാവധിയുള്ളവർക്ക് യുഎഇയിൽ യിൽ നിന്ന് സഊദിയിലേക്ക് പ്രവേശനാനുമതി ലഭിക്കുന്നത് വരെ യുഎഇ ഇന്ത്യൻ എംബസ്സി മുഖേന താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ ഒരുക്കുകയോ അവരെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുപോവാനുള്ള സംവിധാനം ഏർപെടുത്തുകയോ ചെയ്യണമെന്നുമാണ് ആവശ്യം. അതേസമയം, പ്രവാസികൾക്ക് കുവൈത്തും രണ്ടാഴ്ച്ചത്തെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിമാന സർവ്വീസുകൾ രണ്ടാഴ്ചത്തേക്ക് നിർത്തി വെക്കാനുള്ള കുവൈത്തിന്റെ തീരുമാനം ഇന്ന് മുതൽ നിലവിൽ വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."