46 മണിക്കൂർ മലയിടുക്കിൽ കുടുങ്ങിയ യുവാവ് സുരക്ഷിതമായി ജീവിതത്തിലേക്ക്
ജംഷീർ പള്ളിക്കുളം
പാലക്കാട്
മരണമുനമ്പിൽ മനക്കരുത്തുകൊണ്ട് 46 മണിക്കൂറിലധികം പിടിച്ചുനിന്ന ഇരുപത്തിമൂന്നുകാരൻ ബാബു സൈന്യത്തിന്റെ കൈകളിൽ സുരക്ഷിതമായി ജീവിതത്തിലേക്ക്. കുറുമ്പാച്ചി മലയിലെ ചുട്ടുപൊള്ളുന്ന പാറയിടുക്കിൽ ഭക്ഷണവും വെള്ളവുമില്ലാതെ അതിജീവിച്ച യുവാവിനുവേണ്ടി കുടുംബവും നാടും നടത്തിയ പ്രാർഥന സഫലമായി. ഒരു വ്യക്തിക്കായി കേരളം നടത്തിയ ഏറ്റവും വലിയ രക്ഷാദൗത്യത്തിന് ഇന്നലെ രാവിലെ 10.15നു സമാപനം.
ഒന്നെത്തിനോക്കിയാൽ പോലും താഴേക്കു പതിക്കുമായിരുന്ന ചെറിയൊരു പാറയിടുക്കിൽനിന്ന് ബാബുവിനെ രക്ഷിക്കാൻ തിങ്കളാഴ്ച ഉച്ചമുതൽ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയും ഭൂപ്രകൃതിയും വില്ലനായി.
ചരിത്രദൗത്യം ഏറ്റെടുത്ത് ഇന്ത്യൻ സൈന്യം ചൊവ്വാഴ്ച രാത്രി മലമ്പുഴയിലെ ചെറാട് കുറുമ്പാച്ചി മലയിലെത്തി. രാവിലെ ഒൻപതരയോടെ ദൗത്യമാരംഭിച്ച സൈന്യം 40 മിനിറ്റിൽ ബാബുവിനെ മലമുകളിലെത്തിച്ചു. ചെങ്കുത്തായ മലയിൽ റോപ്പിലൂടെ ഇറങ്ങിയ സൈനികൻ ബാബുവിനു വെള്ളവും ഭക്ഷണവും നൽകിയശേഷം സുരക്ഷാ ജാക്കറ്റിട്ട് ചേർത്തുപിടിച്ച് മുകളിലേക്ക് എത്തിക്കുകയായിരുന്നു.
സൈനികരുടെ ഒപ്പം മുറിവേറ്റ കാലുമായി മലകയറിയെത്തിയ ബാബുവിന്റെ ആത്മവിശ്വാസത്തിനും മനക്കരുത്തിനും ഒരുപോറൽപോലും ഏറ്റിരുന്നില്ലെന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവരുടെ സാക്ഷ്യം.
നഷ്ടപ്പെട്ടുപോകുമെന്നു കരുതിയ തന്റെ ജീവൻ തിരിച്ചുനൽകിയ കരസേനാ ഉദ്യോഗസ്ഥരോട് ബാബു നന്ദിയറിയിച്ചത് ചേർത്തുപിടിച്ച് ചുംബനം നൽകിയാണ്. തനിക്കായി അടിവാരത്ത് കാത്തുനിന്ന മാതാവ് റഷീദയോടും കുടുംബത്തോടും ഫോണിൽ സംസാരിച്ചു. തുടർന്ന് അടിയന്തര വൈദ്യസഹായം നൽകി ഹെലികോപ്റ്റർ മാർഗം കഞ്ചിക്കോട് ബെമൽ ഗ്രൗണ്ടിലെത്തിച്ചു. തുടർന്ന് റോഡ് മാർഗം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇതോടെ സമാനതകളില്ലാത്ത രക്ഷാദൗത്യത്തിന് വിജയകരമായ പരിസമാപ്തിയായി. ഭക്ഷണമില്ലാതെ രണ്ടുദിവസം കഴിഞ്ഞതിനാൽ അവശനായിരുന്ന ബാബുവിനെ ഐസി.യുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മാതാവും സഹോദരനും ആശുപത്രിയിലുണ്ട്.
ചരിത്രദൗത്യം പൂർത്തിയായതോടെ ഇന്ത്യൻ സൈന്യത്തിന് ജയ് വിളികൾ മുഴങ്ങി. പൊന്നാടയും പൂമാലയും ചാർത്തി നാട്ടുകാർ നന്ദിയറിയിച്ചു. രണ്ട് യൂനിറ്റ് കരസേന, 20 അംഗ എൻ.ഡി.ആർ.എഫ് ടീം, ഫയർഫോഴ്‌സ് എന്നിവരാണ് രക്ഷാദൗത്യത്തിനു നേതൃത്വം നൽകിയത്. കേണൽ ശേഖർ അത്രിയായിരുന്നു ടീം ലീഡർ. മലയാളിയായ ലഫ്. കേണൽ ഹേമന്ദ് രാജും സംഘത്തിലുണ്ടായിരുന്നു.
മൂന്നു സുഹൃത്തുക്കൾക്കൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. കയറുന്നതിനിടയിൽ ക്ഷീണം തോന്നിയ സുഹൃത്തുക്കൾ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്കു പോയി.
അവിടെനിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോൾ കാൽവഴുതി താഴേക്കുവീണാണ് പാറയിടുക്കിൽ കുടുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."