മലകയറിയ ബാബുവിനെതിരേ കേസെടുക്കുമെന്ന് വനംവകുപ്പ്
സ്വന്തം ലേഖകൻ
പാലക്കാട്
മലകയറ്റത്തിനിടെ കാൽവഴുതി മലയിടുക്കിൽ കുടുങ്ങിയ ചെറാട് സ്വദേശി ബാബുവിനെതിരെ വനംവകുപ്പ് നിയമം സെക്ഷൻ 27 പ്രകാരം കേസെടുക്കുമെന്ന് പാലക്കാട് ഡി.എഫ്.ഒ കൂറാ ശ്രീനിവാസ്.
ബാബുവിനോടൊപ്പം കാടുകയറിയ സുഹൃത്തുക്കൾക്കെതിരെയും കേസെടുക്കും. വനംവകുപ്പിന്റെ അനുമതി വാങ്ങിക്കാതെ വനത്തിനകത്ത് അതിക്രമിച്ചു കയറിയതിനാണ് കേസ്. 25,000 രൂപ പിഴയും ആറു മാസം തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന് ഡി. എഫ്.ഒ അറിയിച്ചു. പാലക്കാട് വനം ഡിവിഷനിലെ വാളയാർ റേഞ്ചിലെ അകത്തേത്തറ സെക്ഷനിൽപെടുന്ന ചെറാട് എലിച്ചിരത്താണ് കുറുമ്പാച്ചിമല സ്ഥിതി ചെയ്യുന്നത്. പുള്ളിപ്പുലിയും കരടിയും കടുവയുമൊക്കെ കാണപ്പെടുന്ന പ്രദേശമാണിത്. ജനവാസകേന്ദ്രത്തിൽ പുള്ളിപ്പുലി പ്രസവിച്ചു കിടന്ന സ്ഥലം ഇതിനടുത്താണ്. ഇപ്പോൾ ജില്ലാശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ബാബുവിനെ ഡിസ്ചാർജ് ചെയ്തതിനു ശേഷമാവും വനംവകുപ്പ് മറ്റു നടപടികളിലേക്ക് നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."