പൗരത്വം, കാര്‍ഷികം ; സമരച്ചൂളയൊരുക്കിയ രണ്ട് ശൈത്യകാലങ്ങള്‍
ആകാശങ്ങളോളമുയരുന്ന മുദ്രാവാക്യങ്ങള്‍. മേഘം തൊടാന്‍ ഉയരുന്ന അനേകായിരം കരുത്തുറ്റ മുഷ്ടികള്‍ വെയിലും മഴയും തണുപ്പും വകഞ്ഞുമാറ്റി ഒഴുകുന്ന കാഴ്ച. കഴിഞ്ഞ രണ്ടുവര്‍ഷമായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തെരുവോരങ്ങള്‍ ഇങ്ങനെയാണ്. പ്രതിഷേധത്തിന്റെ തീച്ചൂള കത്തിയാളുകയായിരുന്നു ഡല്‍ഹിയെ മഞ്ഞ് പുതപ്പിക്കുന്ന ഈ രണ്ട് ശൈത്യവും. രണ്ടും നിലനില്‍പിന്റെ സമരങ്ങളായിരുന്നു.
ഒരു രാജ്യത്തെ ഒരു വിഭാഗത്തെ മാത്രം ആട്ടിയോടിക്കാന്‍ കോപ്പുകൂട്ടിയപ്പോഴാണ് ആദ്യം ഡല്‍ഹി തെരുവുണര്‍ന്നത്. ഈ നാടു വിട്ടുപോവില്ലെന്ന ഉറപ്പിനെ തച്ചും തളര്‍ത്തിയും കൊന്നും തോല്‍പിക്കാനൊരുങ്ങി ഭരണകൂടം. അടുത്ത സമരവും നിലനില്‍പിന്റേതായിരുന്നു. ജീവനത്തിന്റെതായിരുന്നു. നാടിനെ അന്നമൂട്ടുന്നവരുടെ കടക്കല്‍ കത്തിവയ്ക്കാന്‍ നാടു ഭരിക്കുന്നവര്‍ ഇറങ്ങിയപ്പോഴാണ് അവര്‍ തെരുവിലേക്കെത്തിയത്.
സമാനതകള്‍ ഏറെ
സമരത്തിനും സമരവിരുദ്ധതക്കും
ലോകത്തിനു മുന്നില്‍ സംഘ് അധികാരത്തെ തുറന്നുകാണിച്ച സംഭവങ്ങളായിരുന്നു രണ്ടു സമരങ്ങളും. രാജ്യത്തിന്റെ നെടുംതൂണുകളായ വിദ്യാര്‍ഥികളോടും അടിത്തറയായ കര്‍ഷകരോടും രാജ്യത്തിന്റെ ഭരണകൂടം ചെയ്തതെന്താണെന്ന് ലോകം മുഴുവന്‍ കണ്ടു. ആരോപണങ്ങള്‍. അതിക്രമങ്ങള്‍. വിദ്വേഷ പ്രചാരണങ്ങള്‍. അടിച്ചമര്‍ത്തലുകള്‍ എല്ലാത്തിനും ഒരേ ഭാഷ. ഒരേ രൂപം. ഒരേ താളത്തിലൊഴുകിയ ഇരു സമരങ്ങളിലും വില്ലന്‍മാര്‍ക്കും ഒരേ നിറമായിരുന്നു. ഒരേ സ്വരവും.
'നിയമങ്ങള്‍ നിങ്ങള്‍ക്കു വേണ്ടിയാണ്'
പൗരത്വ നിയമങ്ങള്‍ കൊണ്ടുവന്നപ്പോഴും അവര്‍ പറഞ്ഞത് ഇതു തന്നെയായിരുന്നു. ഈ നിയമങ്ങള്‍ രാജ്യത്തിനു വേണ്ടിയാണ്. രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടിയാണ്. നാടിന്റെ സുരക്ഷക്കു വേണ്ടിയാണ്. ഉന്നത സ്ഥാനങ്ങളില്‍ വിരാജിക്കുന്നവര്‍ തൊട്ട് ഇങ്ങ് നാട്ടുമ്പുറത്തെ കടത്തിണ്ണകളില്‍ വരെ ഇതിന്റെ അലയൊലികള്‍ എത്തിച്ചു അന്നവര്‍. ഇത് ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ.് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നപ്പോഴും വരികള്‍ ഒന്നു മാറ്റിയെഴുതി അവര്‍ പാരഡി പാടിക്കൊണ്ടേയിരുന്നു. ഇത് കര്‍ഷകരുടെ ഉന്നമനത്തിനാണ്. രാജ്യ പുരോഗതിക്കാണ്. എന്തിനാണിവര്‍ സമരം ചെയ്യുന്നതെന്ന് അവരും അവര്‍ പഠിപ്പിച്ചുവിട്ടവരും മന:പൂര്‍വ്വം അത്ഭുതം കൂറി.
'തെറ്റിദ്ധരിപ്പിക്കപ്പെട്ടു,
പ്രതിപക്ഷത്തിന്റെ കളി...'
പിന്നീടവര്‍ പറഞ്ഞത് സമരക്കാര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്നാണ്. ഒന്നുമറിയാത്ത വിവര ദോഷികള്‍. ആദ്യം രാജ്യത്തെ മുസ്‌ലിംകള്‍. ഇപ്പോഴിതാ കര്‍ഷകരും. ഭരണകൂടം ചെയ്യുന്നത് അവരുടെ നന്മക്കാണെന്ന് അവരറിയുന്നില്ല. ആരൊക്കെയോ എന്തൊക്കെയോ തെറ്റിദ്ധാരണകളുണ്ടാക്കുകയാണ്. തെറ്റിദ്ധാരണകള്‍ 'നീക്കാന്‍' ദൂതന്‍മാരുമെത്തി. പിന്നീട് പഴി പ്രതിപക്ഷത്തിനായി. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പ്രതിപക്ഷം തുനിഞ്ഞിറങ്ങിയതാണെന്നായിരുന്നു ആക്ഷേപം.
തീവ്രവാദം, പാകിസ്താന്‍, ഖാലിസ്താന്‍...
മയത്തിലുള്ള ആക്ഷേപങ്ങള്‍ കൊണ്ട് ഫലമില്ലെന്നായപ്പോള്‍ അവര്‍ സ്ഥിരം ആയുധം പുറത്തെടുത്തു. ഷഹീന്‍ബാഗ് സമരത്തിനു പിന്നില്‍ തീവ്രവാദികളാണെന്നായി കണ്ടെത്തല്‍. പാകിസ്താനികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നുമുണ്ടായി ആരോപണം. ഷഹീന്‍ ബാഗില്‍ നിന്ന് സമരം സിക്രിയിലെത്തിയപ്പോള്‍ പാകിസ്താന്‍ ഖാലിസ്താനായി മാറിയെന്നു മാത്രം. ആരോപണങ്ങളുടെ മുന ഒന്നു തന്നെയായിരുന്നു. ഇവിടെയും ഇത്തിരി മുസ്‌ലിം വിരുദ്ധതയും വിദ്വേഷവും ചേര്‍ക്കാനും മറന്നില്ല ബന്ധപ്പെട്ടവര്‍. കാരണം മുസ്‌ലിം വിരുദ്ധത മാത്രം ആയുധമാക്കി അധികാരത്തിലേറിയവരാണല്ലോ ഇവര്‍.
ആയുധമേന്തിയെത്തി
മുഖംമൂടിയ 'നാട്ടുകാര്‍'
അക്രമങ്ങള്‍ അഴിച്ചു വിട്ടിടത്തുമുണ്ടായിരുന്നു ഇരുസമരങ്ങളിലും ഒരു സംഘ് സമാനത. 2020 ജനുവരി അഞ്ചിന് രാത്രിയിരുട്ടിയ ശേഷമാണ് ജെ.എന്‍.യുവിനുള്ളില്‍ മുഖംമൂടികള്‍ അഴിഞ്ഞാടിയതെങ്കില്‍ ഇക്കഴിഞ്ഞ ജനുവരി 29നായിരുന്നു കര്‍ഷകര്‍ക്ക് നേരെയുള്ള മുഖംമൂടി താണ്ഡവം. അന്ന് അന്‍പതെങ്കില്‍ ഇന്ന് ഇരുന്നൂറിലേറെ എന്നൊരു വ്യത്യാസം മാത്രം. നാട്ടുകാരെന്ന് സ്വയവും പൊലിസും പരിചയപ്പെടുത്തി ഈ അക്രമികളെ. ഇപ്പറഞ്ഞ പൊലിസുകാര്‍ രണ്ടിടത്തും നോക്കുകുത്തികളായിരുന്നുവെന്നതും മറ്റൊരു സമാനത. ജെ.എന്‍.യുവില്‍ അഴിഞ്ഞാടിയവര്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ഥികളെ തച്ചുനിരത്തി. യൂനിയന്‍ പ്രസിഡന്റ് ഐഷഘോഷിന് കാര്യമായി പരുക്കേറ്റിരുന്നു അന്ന്. തീവ്രവാദികളെന്നു പറഞ്ഞാണ് ഇരുസ്ഥലത്തും ഇവര്‍ അക്രമം നടത്തിയത്.
അതിനു മുന്‍പ് ഷഹീന്‍ബാഗെന്നൊരു സമരപ്പന്തല്‍ ഉയരാനിടയാക്കിയ ജാമിഅ നായാട്ട് നടത്തിയത് പൊലിസായിരുന്നു. ലോകം മുഴുവന്‍ തരിച്ചുനിന്നുപോയ രാവായിരുന്നു അത്. റിപ്പബ്ലിക് ദിനത്തില്‍ സമാധാനപരമായി റാലി നടത്തിയിരുന്ന കര്‍ഷകര്‍ക്കു നേരെ അക്രമം അഴിച്ചു വിട്ടതും പൊലിസുകാര്‍ തന്നെയായിരുന്നു.
ഒടുക്കം കൊന്നും കൊലവിളിച്ചും
ഒടുങ്ങാത്ത വീര്യവുമായി തുടര്‍ന്ന പൗരത്വ വിരുദ്ധ സമരങ്ങള്‍ തകര്‍ക്കാനുള്ള ആയുധമായിരുന്നു ഡല്‍ഹി വംശഹത്യ. വര്‍ഗീയ കലാപമായി ചിത്രീകരിക്കുമ്പോഴും വംശഹത്യ തന്നെയായിരുന്നു. നിരവധി ജീവനുകളെടുത്തു. പൗരത്വ സമരത്തിനു മുന്നില്‍ നിന്ന പലരേയും കലാപക്കുറ്റം ചുമത്തി തടവിലാക്കി. അപ്പോഴും പരസ്യമായി 'ഗോലി മാരോ' മുഴക്കിയ അനുരാഗ് താക്കൂറിനെപ്പോലുള്ളവര്‍ ഇസഡ് പ്ലസ് കാറ്റഗറിയില്‍ വിലസി.
ഇക്കൊല്ലവും അതുണ്ടായി. നുഴഞ്ഞുകയറി സംഘ് അനുകൂലികള്‍ കലാപത്തിന് കോപ്പുകൂട്ടിയെന്ന് വ്യക്തമായപ്പോഴും സമരനിരയിലുള്ളവരെ വേട്ടയാടല്‍ തുടരുന്നു. മുന്നിട്ടു നിന്നവരെത്തന്നെ വലിയ കുറ്റങ്ങള്‍ ചാര്‍ത്തി അറസ്റ്റ് ചെയ്യുന്നതിലൂടെ സമരത്തെ തന്നെ ഇല്ലാതാക്കാമെന്ന അന്നത്തെ കണക്കുകൂട്ടല്‍ വീണ്ടും പയറ്റുന്നു. അഭിപ്രായം പറഞ്ഞതൊന്നു കൊണ്ട് മാത്രം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവര്‍, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടവര്‍... പഴയതുപോലെ പ്രതിപ്പട്ടിക നീളുന്നു.
മുസ്‌ലിമില്‍ നിന്ന് സിഖിലേക്ക്
പൗരത്വസമരത്തില്‍ നിന്ന് കര്‍ഷക സമരത്തിലേക്കുള്ള സമാനതകളില്ലാത്ത ദൂരവും കാണിച്ചുതരുന്നു ഈ കോലാഹലങ്ങള്‍. മുസ്‌ലിമില്‍ നിന്ന് സിഖിലേക്കുള്ള ദൂരം. പാകിസ്താന്‍ സൃഷ്ടിച്ച ആഘാതം ഖാലിസ്താന്‍ മൂലമുണ്ടാവാഞ്ഞത് അതിനാലാണ്. പൗരത്വ വിരുദ്ധ സമരം ഒരു ചെറുസംഘത്തിന്റേതും കര്‍ഷക സമരം മറ്റൊരു സംഘത്തിന്റേതുമാണെന്നതിനാല്‍ ഇനിയൊരു ദുരന്തമുണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം. ഖാലിസ്താന്‍ വിദേശ ഫണ്ടിങ്ങുമൊക്കെ ഇവിടേയും വിളമ്പുന്നുണ്ടെങ്കിലും ജനമനസുകളില്‍ അത് മുസ്‌ലിം വിരുദ്ധത പോലെ ഏല്‍ക്കില്ല. സിഖ് കര്‍ഷകനെ ഒരു തീവ്രവാദിയായി ഒരിക്കലും ഇന്ത്യന്‍ സമൂഹത്തിന് കാണാന്‍ കഴിയില്ല.
എങ്കിലും ഈ സമരത്തിനെതിരെ അധികാരികളുടെ കൈയ്യില്‍ നിന്ന് മറ്റൊരു നീക്കം അടുത്തായി പ്രതീക്ഷിക്കാം. തീവ്രവാദ നുഴഞ്ഞുകയറ്റം പോലെ വോട്ടര്‍മാരുടെ മനസിളക്കുന്നൊരു തന്ത്രം വേവുന്നുണ്ടാവാം ഷാ മോദിമാരുടെ അടുപ്പില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."