കൊവിഡ് വർധനവ്; ആവശ്യം വന്നാൽ കർഫ്യു നടപ്പാക്കുമെന്ന് സഊദി ആഭ്യന്തരമന്ത്രാലയ വക്താവ്
ജിദ്ദ: സഊദിയിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യം വന്നാൽ കർഫ്യു നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയ സുരക്ഷാ വക്താവ് കേണൽ തലാൽ അൽശൽഹൂബ് പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ 31,868 കൊവിഡ് മുൻകരുതൽ ചട്ടലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. കൊവിഡ് മുൻകരുതൽ നിയമലംഘനങ്ങൾ 72 ശതമാനമായി ഉയർന്നിട്ടുണ്ട്.
പൊതുജനാരോഗ്യം സംരക്ഷിക്കാനും കൊവിഡ് വ്യാപനം തടയാനും നിരവധി മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട് പരിഭ്രാന്തിയുണ്ടാക്കുന്ന അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിന് എതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. നടപടിക്രമങ്ങൾ തുടർച്ചയായി വിലയിരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സഊദിയിലെ വിവിധ പ്രവിശ്യകളിൽ കൊറോണ വൈറസ് ബാധ പ്രതിരോധിക്കുവാൻ വേണ്ടി ആരോഗ്യ മന്ത്രാലയവും നഗരസഭയും നിശ്ചയിച്ച നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. പൊലിസും നഗരസഭയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമങ്ങൾ പാലിക്കാത്തത് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."