യു.പിയിൽ വിധി നിർണയിക്കുന്നതിൽ ഒന്നാം സ്ഥാനത്ത് താങ്ങുവില , അലഞ്ഞുനടക്കുന്ന കാലികളും ചർച്ചാവിഷയം
പ്രത്യേക ലേഖകൻ
ആഗ്ര
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിധി നിർണയിക്കുന്ന വിഷയങ്ങളിൽ ഒന്നാം സ്ഥാനം കാർഷികോൽപ്പന്നങ്ങളുടെ മിനിമം താങ്ങുവിലയ്ക്ക്. ഇതു തിരിച്ചറിഞ്ഞ് രാഷ്ട്രീയ കക്ഷികൾ പ്രകടനപത്രികയിൽ താങ്ങുവിലയ്ക്ക് പ്രധാന ഇടം നൽകിയിട്ടുണ്ട്.
ഡൽഹിയിൽ നടന്ന കർഷക സമരത്തിൽ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന് താങ്ങുവിലയായിരുന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും താങ്ങുവില പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. ഈ വിഷയം ഇപ്പോഴും സംസ്ഥാനത്ത് കത്തിനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് കർഷക സമൂഹത്തിന് മുൻതൂക്കമുള്ള ജില്ലകളിൽ നടന്ന കർഷക മഹാ പഞ്ചായത്തുകളിൽ താങ്ങുവില പ്രധാന ചർച്ചാവിഷയമായിരുന്നു. തെരഞ്ഞെടുപ്പ് വന്നപ്പോൾ ആ ചർച്ച കൂടുതൽ ചൂടുപിടിച്ചു. കർഷക നേതാവ് രാകേഷ് ടിക്കായത്ത് ഇപ്പോഴും പല വേദികളിലായി ഈ വിഷയം ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇതിനെക്കുറിച്ച് എന്തെങ്കിലും പറയാതിരിക്കാനാവാത്ത അവസ്ഥയിലാണ് രാഷ്ട്രീയ കക്ഷികൾ.
കർഷക രോഷത്തെ ഏറെ ഭയപ്പെടുന്ന ബി.ജെ.പിയടക്കം പ്രകടനപത്രിക പുറത്തിറക്കിയ കക്ഷികളളെല്ലാം തന്നെ താങ്ങുവില വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രകടപത്രികയില്ലാത്ത ബി.എസ്.പിയും പ്രചാരണങ്ങളിൽ അതിനെക്കുറിച്ചു പറയുന്നു. കൂടാതെ കർഷകർക്ക് മറ്റു പലതരം ആനുകൂല്യങ്ങളും എല്ലാവരും വാഗ്ദാനം ചെയ്യുന്നു.
അലഞ്ഞുനടക്കുന്ന കാലികളിൽനിന്നുണ്ടാകുന്ന ശല്യങ്ങളും തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയമാണ്. സംസ്ഥാനത്ത് ഗോവധ നിരോധനമുള്ളതിനാൽ പ്രായമേറിയ കാളകളും പശുക്കളും കർഷകർക്ക് വലിയൊരു ബാധ്യതയാണ്. വരുമാനം നൽകാത്ത ഇവയെ തീറ്റിപ്പോറ്റാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാൽ കർഷകർ അഴിച്ചുവിടുകയാണ് പതിവ്. അലഞ്ഞുനടക്കുന്ന കാലികൾ വലിയ തോതിൽ വിളനാശമുണ്ടാക്കുന്നുണ്ട്. പ്രായമായ കാലികളെ സംരക്ഷിക്കാൻ സംസ്ഥാനത്തുടനീളം ഗോശാലകൾ സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും നാമമാത്രമായേ നടപ്പാക്കിയിട്ടുള്ളൂ.
കർഷകരിൽനിന്ന് സർക്കാർ സംഭരിച്ച കരിമ്പിന്റെ വില കുടിശ്ശികയായിക്കിടക്കുന്നതാണ് മറ്റൊരു പ്രധാന ചർച്ചാവിഷയം. ഇപ്പോൾ 3,753 കോടി രൂപ സംസ്ഥാനത്ത് ഈ ഇനത്തിൽ കുടിശ്ശികയായിക്കിടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."