'പി.എസ്.സി എഴുതി കയറുകയല്ലല്ലോ, നാലു പേരെ ജോലിക്ക് കയറ്റി'; തൊഴില്‍ തട്ടിപ്പില്‍ സരിതയുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം: പണം വാങ്ങി തൊഴില്‍ വാഗ്ദാനം ചെയ്ത് തട്ടിച്ചുവെന്ന പരാതി ഉയര്‍ന്നതിനു പിന്നാലെ, സരിത എസ്. നായരുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. ആരോഗ്യകേരളം പദ്ധതിയില്‍ നാലുപേര്‍ക്ക് ജോലി നല്‍കിയെന്നും ജോലി ഉറപ്പിക്കാമെന്നും ഫോണിലൂടെ വാഗ്ദാനം ചെയ്യുന്നതാണ് സന്ദേശം. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ് പിന്‍വാതില്‍ നിയമനം നടത്തുന്നതെന്നും ഫോണിലൂടെ പറയുന്നുണ്ട്.
ബിവറേജസ് കോര്‍പ്പറേഷനിലും കെ.ടി.ഡി.സിയിലും ജോലിവാഗ്ദാനം ചെയ്ത് നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടുപേരില്‍ നിന്ന് പണം തട്ടിയെടുത്തുവെന്നാണ് സരിതയ്ക്കെതിരായ പരാതി. എന്നാല്‍ ഈ പരാതിയില്‍ പൊലിസ് നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല.
തനിക്ക് പണം ലഭിച്ചിട്ട് 15 ദിവസത്തില്‍ കുറച്ചേ ആയുള്ളൂവെന്നും നമ്മളിത് പിന്‍വാതിലിലൂടെ ചെയ്യുന്നതാണെന്നും ഫോണിലൂടെ പറയുന്നുണ്ട്. പി.എസ്.സി എഴുതി കയറുകയൊന്നുമല്ലല്ലോ, നമ്മള് ഒരുപാട് ക്ഷമ കാണിക്കണം. മൂന്നുമാസത്തെ പരിശ്രമത്തിനൊടുവില്‍ നാലുപേരെ ആരോഗ്യകേരളത്തില്‍ കയറ്റിയെന്നും ഫോണില്‍ പറയുന്നു.
കാശ് കൊടുത്തിട്ട് ഒരു വര്‍ഷത്തില്‍ കൂടുതലായെന്ന് പണം കൊടുത്ത അരുണ്‍ എന്നയാള്‍ പറയുമ്പോള്‍, എന്റെ കൈയില്‍ കിട്ടിയിട്ട് 15 ദിവസം പോലും ആയിട്ടില്ലെന്നും മറുപടി പറയുന്നു. വേറൊരു പൊളിറ്റിക്കല്‍ ആളുവഴിയാണ് ഇയാള്‍ എന്നെ മീറ്റ് ചെയ്യുന്നത്. ഒരാള്‍ക്ക് ഒരു ജോലി കൊടുക്കുമ്പോള്‍ ആ ഫാമിലിയിലുള്ള മൊത്തം പേരും പാര്‍ട്ടിക്കുവേണ്ടി നില്‍ക്കുമെന്നാണ് അവരുടെ ധാരണ.
തുച്ഛമായ തുകയാണ് അവര്‍ക്കും കൊടുക്കുന്നത്. തന്നെയുമല്ല, ഞാന്‍ പേയ്മെന്റ് അവസാനമേ വാങ്ങിക്കുള്ളൂവെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.
സോളാര്‍ തട്ടിപ്പുകേസ് പ്രതിയായ സരിത, തൊഴില്‍വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് പരാതി. ഇടനിലയ്ക്കാരായി പ്രവര്‍ത്തിച്ച രതീഷ്, ഷൈജു പാലിയോട് എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിരുന്നുവെങ്കിലും പൊലിസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."