സെക്രട്ടേറിയറ്റിന് മുന്നില്‍ രണ്ട് ഉദ്യോഗാര്‍ഥികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെ മാറിനിന്ന് കരയുന്ന ഉദ്യോഗാര്‍ഥി; ഉള്ളുലയ്ക്കുന്ന ചിത്രം
തിരുവനന്തപുരം: പിന്‍വാതില്‍ നിയമന വിവാദം ശക്തമാകുന്നതിനിടെ, സെക്രട്ടേറിയറ്റിനു മുന്നില്‍ ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലെ രണ്ട് ഉദ്യോഗാര്‍ഥികള്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചു. പിന്നാലെ സമരത്തെ അഭിസംബോധന ചെയ്ത ലയ എന്ന ഉദ്യോഗാര്‍ഥി മാറിനിന്ന് കരയുന്ന ചിത്രം ഇപ്പോള്‍ വൈറലാവുകയാണ്. ആരുടെയും ഉള്ളുലയ്ക്കുന്നതാണ് ചിത്രമെന്ന് ഫെയ്സ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
'ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി പി.എസ്.സിയെ നോക്കുകുത്തിയാക്കിയ പിണറായി വിജയന് സര്‍ക്കാരിന് പക്ഷേ ഈ കണ്ണീര് കാണേണ്ട. പത്താം ക്ലാസുകാരി സ്വപ്നയ്ക്ക് ലക്ഷത്തിലധികം രൂപ പ്രതിമാസം നല്കി നിയമിക്കാനാണ് അവരുടെ താല്പര്യം. ഒപ്പം തോറ്റ എംപിമാരുടെ ഭാര്യമാര്‍ക്ക് സര്‍വകലാശാല ജോലി നല്‍കാനും'- അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
മൂന്നുലക്ഷത്തോളം അനധികൃത നിയമനങ്ങളാണ് കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടന്നിട്ടുള്ളതെന്ന് ചെന്നിത്തല ആരോപിച്ചു. ഇതിന്റെ അര്‍ഥം മൂന്നുലക്ഷം ചെറുപ്പക്കാര്‍ക്ക് വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ജോലി നിഷേധിക്കപ്പെട്ടെന്നാണ്. യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ അനധികൃത നിയമനങ്ങള്‍ക്കെതിരേ സമഗ്രമായ നിയമനിര്‍മാണം നടത്തും. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. മൂന്നു മാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവു കിട്ടാവുന്നതായിരിക്കും ഈ കുറ്റം. താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയിമെന്റ് എക്സ്ച്ചേഞ്ച് വഴിയാക്കുമെന്നും ഇനിയൊരു ഉദ്യോഗാര്‍ഥിയുടെയും കണ്ണീര് ഇവിടെ വീഴരുതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."