'ചര്‍ച്ച വേണ്ടാത്ത മാവോ ലൈന്‍'; പിണറായി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി അങ്കമാലി അതിരൂപത മുഖപത്രം
കൊച്ചി: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം എഡിറ്റോറിയല്‍. പിണറായി സര്‍ക്കാരിന്റേത് ചര്‍ച്ച വേണ്ടാത്ത മാവോ ലൈന്‍ ആണെന്നായിരുന്നു സത്യദീപത്തിന്റെ എഡിറ്റോറിയലില്‍ പറയുന്നത്.
കേരളത്തിന്റെ വികസന മുരടിപ്പിന് കെറെയില്‍ മാത്രമാണ് ഏക പരിഹാരമെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും ആവര്‍ത്തിക്കുകയും പാവപ്പെട്ടവരുടെ അടുക്കളകളില്‍പ്പോലും അതിരടയാളക്കുറ്റി തറയ്ക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍. ഇത് മനസ്സിലാകുന്നില്ലെന്ന് ബഹുഭൂരിപക്ഷവും പറയുമ്പോള്‍, മനസ്സിലായാലും ഇല്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടെന്ന 'മാവോ' ലൈനിലാണ് സര്‍ക്കാര്‍. സത്യദീപം വിമര്‍ശിച്ചു.
പിണറായിക്ക് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എന്തവകാശമെന്ന് ചോദിച്ച സത്യദീപം അറിവില്ലായ്മയെ അധികാരം സ്ഥാപിക്കാനുള്ള മാര്‍ഗ്ഗമാക്കുന്നത് ഫാസിസ്റ്റ് തന്ത്രമാണെന്നും വിമര്‍ശിച്ചു. നേരത്തെ ഏക പാര്‍ട്ടി രാഷ്ട്രമായിരുന്ന ചൈന ഇപ്പോള്‍ ഏക വ്യക്തി രാഷ്ട്രമായി മാറിയിരിക്കുന്നു. ഈ മധുര മനോജ്ഞ ചൈനയെ കണ്ടുപഠിക്കാനാണ് ഈയിടെ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന സൈദ്ധാന്തികന്‍ പാര്‍ട്ടി സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടി സെക്രട്ടറി അതാവര്‍ത്തിക്കുകയും ചെയ്തു. സത്യദീപം വിമര്‍ശിച്ചു.
പറയുന്നത് മനസ്സിലാകുന്നുണ്ടോ എന്നത് പ്രശ്‌നമാക്കേണ്ടതില്ല. പറഞ്ഞത് പാര്‍ട്ടിയായതിനാല്‍ മനസ്സിലായില്ലെങ്കിലും കുഴപ്പമില്ലെന്ന കുഴപ്പംപിടിച്ച സിദ്ധാന്തത്തിന്റെ പ്രയോക്താക്കളാണ് വികസനത്തിന്റെ അവസാന വണ്ടിയായി കെ-റെയിലിനെ അവതരിപ്പിക്കുന്നത്. ''ഇത്ര വേഗത്തില്‍ ഇതെങ്ങോട്ടെന്ന്'' മനസ്സിലാകാഞ്ഞതിനെ ഇടതുസഹയാത്രികനായ പ്രശസ്ത കവി കവിതയായി കുറിച്ചപ്പോല്‍ അത് കുറച്ചിലായി തോന്നിയ സഖാക്കള്‍ 'സാമൂഹ്യ' മര്‍ദ്ദനമഴിച്ചുവിട്ടതാണ് നവോത്ഥാന കേരളത്തിലെ ഒടുവിലത്തെ സാംസ്‌കാരിക പാഠം.
സൈബര്‍ ചാവേറുകളുടെ പ്രതിരോധബലത്തില്‍ എന്തും നടത്തിയെടുക്കാം എന്ന ചിന്ത ജനാധിപത്യവിരുദ്ധമാണെന്നും പദ്ധതി നടപ്പിലാക്കും മുന്‍പ് സംഭാഷണങ്ങളിലൂടെ വെളിച്ചപ്പെടാനുള്ള സന്മനസ്സുണ്ടാകണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
പ്രശ്‌നം കെറെയില്‍ പദ്ധതി മാത്രമല്ല. അത് വന്ന വഴിയുടെ കൂടിയാണ്. ചര്‍ച്ചകളെ ഒഴിവാക്കി, എതിര്‍സ്വരങ്ങളെ നിശബ്ദമാക്കി ഇത്ര തിടുക്കത്തില്‍ ഇതെന്തിന് എന്ന ചോദ്യത്തിന് പാവപ്പെട്ടവരുടെ അടുക്കളകളില്‍പ്പോലും അതിരടയാളക്കുറ്റി തറച്ചുകൊണ്ടായിരുന്നു സര്‍ക്കാരിന്റെ മറുപടി. തത്വത്തിലുള്ള അംഗീകാരം ഭൂമി ഏറ്റെടുക്കലിനുള്ള അനുമതിയല്ലെന്നാണ് കേന്ദ്ര നിലപാട്. സത്യദീപം വിമര്‍ശിക്കുന്നു. അറിവില്ലായ്മയെ അധികാരം സ്ഥാപിക്കാനുള്ള മാര്‍ഗ്ഗമാക്കുന്നത് പ്രാഥമികമായ ഒരു ഫാസിസ്റ്റ് തന്ത്രമാണ് എന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
ചര്‍ച്ച വേണ്ടാത്ത മാവോലൈന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."