ക്വാറന്റൈൻ ഒഴിവാക്കി; വിദേശത്തുനിന്ന് എത്തുന്നവർക്ക് ഇനി 14 ദിവസം സ്വയംനിരീക്ഷണം
ന്യൂഡൽഹി
വിദേശത്തുനിന്നെത്തുന്നവർക്ക് ഏഴുദിവസത്തെ ക്വാറന്റെൻ വേണമെന്ന നിബന്ധന കേന്ദ്ര ആരോഗ്യമന്ത്രാലയം ഒഴിവാക്കി. അതിനുപകരം 14 ദിവസം സ്വയം നിരീക്ഷണം വേണം. ലക്ഷണങ്ങൾ കണ്ടാൽ പരിശോധന നടത്തണം. വിദേശരാജ്യങ്ങളിൽ അപകട സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയും ഒഴിവാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാർഗരേഖ പുറത്തിറക്കി. ഈ മാസം 14 മുതലാണ് ഇതുനിലവിൽ വരിക.
യാത്ര പുറപ്പെടും മുമ്പ് എയർ സുവിധ പോർട്ടലിൽ 14 ദിവസത്തെ യാത്രാ ചരിത്രം അടക്കമുള്ള വിവരങ്ങളുടെ സ്വയം സാക്ഷ്യപത്രം സമർപ്പിക്കണം. യാത്രാ തീയതിക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടിപി.സി.ആർ പരിശോധനാ ഫലവും അപ് ലോഡ് ചെയ്യണം. ഈ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയവരെ മാത്രമേ വിമാനക്കമ്പനികൾ യാത്ര ചെയ്യാൻ അനുവദിക്കാവൂ എന്നും മാർഗരേഖ പറയുന്നു.
ഇന്ത്യൻ വാക്‌സിൻ സർട്ടിഫിക്കറ്റ് അംഗീകരിച്ച സഊദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, ഇറാൻ, മലേഷ്യ, മാലദ്വീപ്, കാനഡ, ഹോങ്കോങ്, യു.എസ്.എ, ബ്രിട്ടൺ, ഓസ്‌ട്രേലിയ, ന്യൂസീലാൻഡ്, നേപ്പാൾ തുടങ്ങിയ 82 രാജ്യങ്ങളിൽനിന്നുള്ളവർ ആർ.ടി-പി.സി.ആർ ഫലത്തിനു പകരം രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താൽ മതിയാവും.
ആർ.ടി- പി.സി.ആർ ഫലം നെഗറ്റീവായവരെയും രോഗലക്ഷണങ്ങളില്ലാത്തവരെയും മാത്രമേ വിമാനത്തിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ. വിമാനത്താവളത്തിൽ രണ്ടു ശതമാനം ആളുകളെ റാൻഡം പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മാർഗരേഖയിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."