ആഞ്ഞുവീശിയ മൂന്നാംതരംഗവും കുറയുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം
കൊവിഡ് മൂന്നാം തരംഗഭീതി അകലുന്നു. പ്രതിദിന രോഗസ്ഥിരീകരണ നിരക്കും രോഗികളുടെ എണ്ണവും കുത്തനെ കുറയുന്നു. ഫെബ്രുവരി രണ്ടാംവാരം അവസാനത്തോടെ കേസുകൾ പതിനായിരത്തിനു താഴെയാവുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. ഇത് കഴിഞ്ഞ അവലോകന യോഗത്തിലും വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളിൽ ഇളവുകളും വരുത്തിത്തുടങ്ങി.
സംസ്ഥാനത്തെ സ്‌കൂളുകളുകളും കോളജുകളും സജീവമായി. ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ അധ്യയനം തിങ്കളാഴ് പുനരാരംഭിക്കും. ഫെബ്രുവരി അവസാനത്തോടെ രാവിലെ മുതൽ വൈകിട്ടുവരെ എല്ലാ ക്ലാസുകളും സാധാരണ നിലയിൽ പ്രവർത്തിക്കും. ഞായറാഴ്ചത്തെ നിയന്ത്രണവും നീക്കി.
മൂന്നാം തരംഗത്തിൽ ആഞ്ഞടിച്ചത് ഒമിക്രോൺ എന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ഡിസംബർ 27ന് സംസ്ഥാനത്ത് 1,636 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡിസംബർ 28ന് 2,474 രോഗികളായി ഉയർന്നു. ജനുവരി 12ന് 12,742 പേർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചുദിവസത്തിനുള്ളിൽ ഇരുപതിനായിരം കവിഞ്ഞ് 22,946 ആയി. ജനുവരി 25ന് 55,475 രോഗികളായി. മൂന്നാം തരംഗത്തിൽ പ്രതിദിനം റിപ്പോർട്ട് ചെയ്ത ഏറ്റവുമുയർന്ന രോഗികളുടെ എണ്ണവും ഇതായിരുന്നു. രണ്ടാം തരംഗത്തിൽ കഴിഞ്ഞ വർഷം മേയ് 12ന് 43,529 ആയിരുന്നു ഏറ്റവും ഉയർന്ന കേസ്.
ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനമാണ് കൊവിഡ് കേസുകളിൽ വർധന. രണ്ടാം ആഴ്ചയിൽ 148 ശതമാനവും മൂന്നാം ആഴ്ചയിൽ 215 ശതമാനവും ആയി കേസുകൾ വർധിച്ചു. നാലാം ആഴ്ചയിൽ 71 ശതമാനമായി കുറഞ്ഞു. ജനുവരി 28 മുതൽ ഫെബ്രുവരി മൂന്നുവരെയുള്ള കണക്കനുസരിച്ച് പത്തു ശതമാനമായി കുറഞ്ഞു.
ഇപ്പോൾ വർധനവ് മൈനസ് 39 ശതമാനം മാത്രമാണ്. കേസുകൾ ഇനി വലിയ തോതിൽ വർധിക്കാനുള്ള സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.
54 ശതമാനം ഐ.സി.യു കിടക്കകളും ഒഴിവാണ്. 14.1 ശതമാനം പേർ മാത്രമാണ് വെന്റിലേറ്ററിലുള്ളത്. 85 ശതമാനത്തോളം വെന്റിലേറ്ററുകൾ ഒഴിവുമുണ്ട്.
വാക്‌സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിനും (2,68,55,970), 85 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിനും (2,27,05,219) നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."