സല്യൂട്ട് സൗമ്യ ; സങ്കടക്കടൽ താണ്ടി ആദിവാസി ഊരിൽ നിന്നൊരു എസ്.ഐ
പുതുക്കാട്
സങ്കടക്കടലിന്റെ നടുവിൽ നിന്ന് നടന്നുകയറിയ സൗമ്യ ഇനി പാലപ്പിള്ളി എലിക്കോട് ആദിവാസി ഊരിൽനിന്നുള്ള ആദ്യത്തെ പൊലിസ് ഇൻസ്പെക്ടറായി ജോലി ഏറ്റെടുക്കും. കഴിഞ്ഞ ജനുവരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഊരുമൂപ്പൻ ഉണ്ണിച്ചെക്കൻ്റെ മകളാണ് സൗമ്യ.
വനമേഖലയിൽ ഫയർലൈൻ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ഉണ്ണിച്ചെക്കൻ 2021 ജനുവരിയിൽ ഒറ്റയാൻ്റെ മുന്നിൽ പെടുകയായിരുന്നു. കൂട്ടംതെറ്റി കാട്ടിലലഞ്ഞിരുന്ന മോഴയാന ഉണ്ണിച്ചെക്കനെ ആക്രമിക്കുകയായിരുന്നു.ഓടി മാറുന്നതിനിടെ വീണ മൂപ്പൻ മോഴയുടെ തേറ്റ കൊണ്ടുള്ള കുത്തേറ്റാണ് മരിച്ചത്. അച്ഛൻ മരിക്കുമ്പോൾ സങ്കടം ഉള്ളിലൊതുക്കി രാമവർമപുരം പൊലിസ് ക്യാംപിൽ പരിശീലനത്തിലായിരുന്നു സൗമ്യ.
രാമവർമപുരം പൊലിസ് അക്കാദമിയിൽ മുപ്പതാമത് സി ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയ സൗമ്യയ്ക്ക് കണ്ണൂരിലാണ് നിയമനം ലഭിച്ചിരിക്കുന്നത്.
തൃശൂർ കേരളവർമ കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ സൗമ്യ തിരുവനന്തപുരത്ത് ബി.എഡും പൂർത്തിയാക്കിയിട്ടുണ്ട്. അമ്മ മണിയും ഭർത്താവ് അരിമ്പൂർ തറയിൽ സുബിനും സർവ പിന്തുണയുമായി സൗമ്യയോടൊപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച്, പാസിങ് ഔട്ട് പരേഡ് പൂർത്തിയാക്കി, പൊലിസ് യൂണിഫോം ധരിച്ചെത്തിയ സൗമ്യ നടന്നു കയറുന്നത് എലിക്കോട് ആദിവാസി ഊരിൽനിന്നുള്ള ആദ്യത്തെ പൊലിസ് ഇൻസ്പെക്ടർ എന്ന ചരിത്രത്തിലേക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."