'പ്രതിപക്ഷം മനപ്പൂര്‍വ്വം കുത്തിപ്പൊക്കി ഇളക്കി വിടുന്ന സമരം'- ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ വിമര്‍ശനവുമായി ധനമന്ത്രി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. സെക്രട്ടറിയേറ്റ് സമരത്തിനു പിന്നില്‍ പ്രതിപക്ഷമാണെന്നാണ് ധനമന്ത്രിയുടെ ആരോപണം. പ്രതിപക്ഷം മനപ്പൂര്‍വ്വം കുത്തിപ്പൊക്കി ഇളക്കി വിടുന്ന സമരം. യു.ഡി.എഫ് പ്രേരണയില്‍ ചില ഉദ്യോഗാര്‍ത്ഥികള്‍ കരുക്കളായി മാറുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.
വിജ്ഞാപനം ചെയ്ത പോസ്റ്റുകളിലല്ലേ നിയമനം നല്‍കാനാവൂ. ഏറ്റവുമധികം നിയമനങ്ങള്‍ നടത്തിയത് എല്‍.ഡി.എഫ് സര്‍ക്കാറാണെന്നും ചാനലിന് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ സമരം 14 ദിവസം പിന്നിടുകയാണ്. സമരം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഒരുറപ്പും ലഭിച്ചിട്ടില്ല. റാങ്ക് പട്ടികയുടെ കാലാവധി ദീര്‍ഘിച്ചെന്ന സര്‍ക്കാര്‍ പ്രഖ്യാപനം തട്ടിപ്പാണെന്നും റാങ്ക് പട്ടികയില്‍ നിന്നുള്ള പകുതിപ്പേര്‍ക്ക് പോലും നിയമനം ലഭിക്കില്ലെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
അതിനിടെ, സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യാ ശ്രമവും നടന്നിരുന്നു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചായിരുന്നു ആത്മഹത്യ ഭീഷണി. ജോലി അല്ലെങ്കില്‍ മരണം. ഒരാള്‍ ജീവന്‍ വെടിഞ്ഞാല്‍ മറ്റുള്ളവരുടെ കാര്യമെങ്കിലും പരിഗണിച്ചാലോ. ഇതായിരുന്നു സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി എത്തിയ ഉദ്യോഗാര്‍ഥികളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."