'ഒരു വീട്ടില്‍ ഒരാള്‍ക്ക് ജോലി നല്‍കി വീട്ടുകാരെ ഒപ്പം നിര്‍ത്താം, പാര്‍ട്ടി ഫണ്ടും സ്വരൂപിക്കാം'- തട്ടിപ്പിന്റെ പിന്നാമ്പുറങ്ങള്‍ വെളിവാക്കി വീണ്ടും സരിതയുടെ ഓഡിയോ
തിരുവനന്തപുരം: തൊഴില്‍ത്തട്ടിപ്പിന് പിന്നില്‍ പാര്‍ട്ടി ലക്ഷ്യങ്ങളെന്ന് വെളിപെടുത്തി സരിതയുടെ ഓഡിയോ. പാര്‍ട്ടി ഫണ്ട് സ്വരൂപിക്കലാണ് തട്ടിപ്പിനു പിന്നിലെ ഒരു ലക്ഷ്യമെന്നാണ് രണ്ടാമത് പുറത്തു വന്ന ഓഡിയോ സന്ദേശത്തിലുള്ളത്. സരിത പരാതിക്കാരനോട് പറയുന്ന ഓഡിയോ സന്ദേശമാണിത്.
പാര്‍ട്ടി ഫണ്ട് ലഭിക്കുന്നതില്‍ ഒരു വിഹിതം സ്റ്റാഫിനാണ് ലഭിക്കുകയെന്നും സരിതയുടെ ഓഡിയോ സന്ദേശത്തിലുണ്ട്. തന്നെ പേടിയുള്ളത് കൊണ്ട് നന്നായി പിഴിഞ്ഞെടുത്തു എന്നും ശബ്ദസന്ദേശത്തില്‍ സരിത പറയുന്നുണ്ട്. സരിതയും പരാതിക്കാരനായ അരുണും തമ്മിലുള്ള സംഭാഷണത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
''റിസ്‌ക് എടുക്കേണ്ട. അരുണ്‍ എന്റെ വീട് കണ്ടിട്ടില്ല. അതുകൊണ്ടാണ് അരുണ്‍ പറയുന്നത്. ജീവിക്കുന്നത് പൈസക്ക് വേണ്ടിയായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോഴല്ല, ഒരു 2013 ന് മുമ്പ്.. മരിച്ച് പണിയെടുത്തിരുന്നു. എങ്ങനെയും പൈസ ഉണ്ടാക്കണമെന്ന് ചിന്തിച്ചിരുന്നു. അതില്‍ നിന്നും ഒരുപാട് താഴെയെത്തി. അന്ന് കോടികളാണ് മറിച്ചുകൊണ്ടിരിക്കുന്നത്. കോടികളുടെ കണക്ക് മാത്രമാണ് ഉണ്ടായിരുന്നത്. അവിടുന്ന് ഞാന്‍ സീറോയിലേക്കാണ് വീണത്. പിന്നെ 2014 ല്‍ അടിവെച്ചടിവെച്ച് കയറി വന്നതാണ്. ഇന്ന് അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാട് ഉണ്ട്. ഒരു കമ്പനിയുണ്ട്. പിആര്‍ വര്‍ക്ക് ഉണ്ട്. പിന്നെ ഞാനെന്തിന് ഇത് ചെയ്യുന്നുവെന്ന് ചോദിച്ചാല്‍, ഞാനിപ്പോള്‍ സപ്പോര്‍ട്ട് ചെയ്യുന്നത് പാര്‍ട്ടിയെയായത് കൊണ്ട്, അവരുടെ ഒരു അജണ്ടയുണ്ട്, ഒരു വീട്ടില്‍ ഒരാള്‍ക്ക് ജോലി കൊടുത്താല്‍ ആ വീട്ടുകാര്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കും. രണ്ടാമത് അവര്‍ക്ക് പാര്‍ട്ടി ഫണ്ട് സ്വരൂപിക്കുകയും ചെയ്യാം. 60 ശതമാനം പാര്‍ട്ടിക്കും സ്റ്റാഫിന് ഒരു പാക്കേജ് സിസ്റ്റം പറയുന്നുണ്ട്. ഞാനായത് കൊണ്ടാണ് എന്നെ കുറച്ച് പേടിയുള്ളത് കൊണ്ടാണ് കാര്യങ്ങള്‍ ഇങ്ങനെ.. അത് ഞാന്‍ ഉപയോഗപ്പെടുത്തുന്നു എന്നേയുള്ളൂ.. പിഴിഞ്ഞെടുക്കുക.'' ശബ്ദരേഖയില്‍ സരിത പറയുന്നു.
ആരോഗ്യ കേരളം പദ്ധതിയില്‍ നാലു പേര്‍ക്ക് ജോലി നല്‍കിയെന്ന് പരാതിക്കാരനുമായുള്ള സംഭാഷണത്തില്‍ ഇന്നലെ പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ സരിത പറയുന്നുണ്ടായിരുന്നു. പിന്‍വാതില്‍ നിയമനത്തിന് പിന്നില്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ടെന്നും സരിതയുടെ ശബ്ദരേഖയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."