തരൂരിന്റെയും മാധ്യമപ്രവർത്തകരുടേയും അറസ്റ്റ് തടഞ്ഞ് സുപ്രിം കോടതി; കേന്ദ്രത്തിനും അഞ്ച് സംസ്ഥാനങ്ങൾക്കും നോട്ടിസ്
ന്യൂഡൽഹി: ശശി തരൂർ ഉൾപെടെയുള്ളവരുടെ അറസ്റ്റ് തടഞ്ഞ് സുപ്രിം കോടതി. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട ട്വീറ്റിന്റെ പേരിലായിരുന്നു നടപടി. ചീപ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്രത്തിനും അഞ്ച് സംസ്ഥാനങ്ങൾക്കും നോട്ടിസ് അയച്ചിട്ടുണ്ട്. രണ്ടാഴ്ചക്കകം മറുപടി നൽകണം. യു.പി പൊലിസിനും ഡൽഹി പൊലിസിനും നോട്ടിസ് അയച്ചിട്ടുണ്ട്.
ട്രാക്ടർറാലിക്കിടെ കർഷകൻ വെടിയേറ്റുമരിച്ചെന്ന് ട്വീറ്റ് ചെയ്തതിനാണ് ശശി തരൂർ എം.പി.ക്കെതിരേ യു.പി. പൊലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.
ഇന്ത്യടുഡേയിലെ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി, നാഷണൽ ഹെറാൾഡിലെ മൃണാൾ പാണ്ഡെ, ഖ്വാമി ആവാസ് എഡിറ്റർ സഫർ അഗ, കാരവാൻ മാസിക സ്ഥാപക എഡിറ്റർ പരേഷ് നാഥ്, എഡിറ്റർ അനന്ത് നാഗ്, എക്‌സിക്യുട്ടീവ് എഡിറ്റർ വിനോദ് കെ. ജോസ് എന്നിവർക്കെതിരേയും കേസെടുത്തിരുന്നു. കർഷകൻ വെടിയേറ്റു മരിച്ചെന്നായിരുന്നു ആദ്യം കർഷകസംഘടനകൾ ആരോപിച്ചിരുന്നത്.
കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞാണെന്ന് ഡൽഹി പൊലിസ് പിന്നീട് ദൃശ്യങ്ങൾ സഹിതം വിശദീകരിച്ചിരുന്നു.
വെടിയേറ്റ് മരിച്ചെന്ന് വാർത്ത നൽകിയതിനും ട്വീറ്റിനും ഇന്ത്യടുഡേ മാനേജ്‌മെന്റ് സർദേശായിയെ രണ്ടാഴ്ചത്തേക്ക് ചാനലിൽ വിലക്കിയിരുന്നു. ഒരു മാസത്തെശമ്പളം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."