ഉശിര് പിടിപ്പിച്ച, പഠിപ്പിച്ച നേതാവ്
അമീർ മുഹമ്മദ് ഷാജി
പകരക്കാരനില്ലാത്ത നേതാവ് എന്നൊക്കെ നമ്മൾ ആലങ്കാരികമായി പറയാറില്ലേ. വ്യാപാരരംഗത്തെ കേവലം കാൽനൂറ്റാണ്ടിന്റെ അനുഭവംവച്ച് എനിക്ക് പറയാൻ കഴിയും ഇല്ല, നസ്‌റുദ്ദീന് പകരക്കാരനില്ല. ഇത് എന്റെ മാത്രം വിലയിരുത്തലാവില്ല, കേരളത്തിലെ വ്യാപാര സമൂഹത്തെ മനസിലാക്കിയ മുഴുവൻ ആളുകളും ഈ അഭിപ്രായക്കാരാവും. വ്യാപാരികളുടെ പ്രശ്‌നങ്ങൾക്കായി ഇത്രയേറെ പോരാട്ടം നടത്തിയ മറ്റൊരു നേതാവുണ്ടായിട്ടില്ല. അസംഘടിതരായ വലിയ വിഭാഗത്തെ ഒരു മാലയിൽ കോർത്ത മുത്തുമണികൾ പോലെ ചേർത്തുനിർത്തിയ മാന്ത്രികനായിരുന്നു അദ്ദേഹം. മത,ജാതി,രാഷ്ട്രീയ വിഭാഗീയതകൾക്കപ്പുറം കച്ചവടക്കാർക്കൊരു അത്താണിയായി മാറാൻ നസ്‌റുദ്ദീന് കഴിഞ്ഞത് ആ മനക്കരുത്തും ധീരതയും കൊണ്ടായിരുന്നു.
എടുത്തുപറയാൻ ഒരായിരം കാര്യങ്ങളുണ്ട്. പക്ഷേ, ലക്ഷക്കണക്കിന് കച്ചവടക്കാരുടെ മനസിൽ ആദ്യം വരുന്ന കാര്യം വിൽപന നികുതി ഉദ്യോഗസ്ഥരുടെ പീഡന കഥകളാണ്. കച്ചവടസ്ഥാപനങ്ങളിൽ ഔചിത്യബോധം തെല്ലുമില്ലാതെ കയറി കാട്ടാന കയറിയ കരിമ്പിൻ തോട്ടം പോലെയാക്കി ധാർഷ്ട്യത്തോടെ ഇറങ്ങിപ്പോയ ഉദ്യോഗസ്ഥന്മാർ പകലന്തിയോളം പണിയെടുക്കുന്ന കച്ചവടക്കാരന്റെ കണ്ണീർ കണ്ടില്ല. വലിയ പൊലിസ് സന്നാഹങ്ങളുമായി എത്തി ഉടമയുടെ ഇരിപ്പിടത്തിൽ കയറിയിരുന്ന് എല്ലാം വാരി വലിച്ചിടുന്ന ഉദ്യോഗസ്ഥരെ നോക്കി മുട്ട് വിറച്ച് മാറിനിന്നവരെ മാറോട് ചേർത്തുനിർത്തി, ഉദ്യോഗസ്ഥരെ വലിച്ച് പുറത്തിട്ട ചരിത്രം കേരളം അഭിമാനപൂർവം സ്മരിക്കും. നിയമം പറയുന്നവരോട് നിയമത്തിന്റെ ഭാഷയിലും ധാർഷ്ട്യം പറയുന്നവരോട് മുഷ്ടി ചുരുട്ടിയും പ്രതികരിച്ചു നസ്‌റുദ്ദീൻ. കുത്തകകൾക്കായി വ്യാപാരമേഖല തുറന്ന് കൊടുത്തപ്പോൾ നടത്തിയ പ്രക്ഷോഭം മുതൽ ഏറ്റവുമൊടുവിൽ കൊവിഡ് പ്രതിസന്ധിയിൽ കടകൾ തുറക്കരുതെന്ന കർശന നിർദേശം വന്ന് കച്ചവടക്കാർ പൊറുതിമുട്ടിയപ്പോൾ അവശത മാറ്റിവച്ച് രംഗത്തിറങ്ങിയത് വരെ സംഭവ ബഹുലമായ ആ ജീവിതം മലയാള മനസിന്റെ തിരശ്ശീലയിൽ തെളിഞ്ഞ് നിൽക്കുന്നു.' വിരട്ടാൻ വരേണ്ട, ഞങ്ങൾ കടകൾ തുറക്കും. ഞങ്ങൾക്ക് ജീവിക്കണം' സത്യത്തിൽ നസ്‌റുദ്ദീന്റെ ആ പ്രഖ്യാപനമാണ് തീരുമാനങ്ങൾ മാറ്റിമറിച്ചത്.
വ്യാപാരികളുടെ പ്രശ്‌നങ്ങൾക്ക് മുമ്പിൽ അദ്ദേഹത്തിന് മറ്റൊന്നും തടസമല്ല. ഉദ്യോഗസ്ഥരോടും നേതാക്കന്മാരോടും മന്ത്രിമാരോടും എല്ലാം ഒരേ ഭാഷയിൽ സംസാരിച്ചു. ചെറുകിട കച്ചവടക്കാർ മുതൽ വൻകിടക്കാർ വരെ വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ അംഗങ്ങളായി. വിവാദങ്ങൾ അദ്ദേഹത്തിന് കൂടപ്പിറപ്പിനെപ്പോലെയാണ്. അതുകൊണ്ടാണ് കുറേ ശത്രുക്കളും ഉണ്ടായത്. അതൊന്നും കാര്യമാക്കിയില്ല. കാരണം വ്യക്തിപരമല്ല ഈ പിണക്കങ്ങളെന്ന് അദ്ദേഹത്തിന് നിശ്ചയമുണ്ട്. വിശ്വാസമർപ്പിച്ച് കൂടെനിൽക്കുന്ന ജനലക്ഷങ്ങൾ വ്യാപാരം നടത്തുന്നത് ജീവിക്കാൻ വേണ്ടിയാണ്. അവർ ആരുടെയും പിന്നിൽ നിൽക്കേണ്ടവരല്ല, എവിടെയും നെഞ്ച് വിരിച്ച് നിൽക്കുന്നവരാവണം- അദ്ദേഹം സഹപ്രവർത്തകരെ പതിവായി ഓർമിപ്പിച്ചു. എതിർപ്പുകൾ അദ്ദേഹത്തിന് ഊർജം നൽകി.
നസ്‌റുദ്ദീന് വ്യക്തമായ രാഷ്ട്രീയുണ്ട്. പക്ഷേ, നമ്മൾ കണ്ടത് അദ്ദേഹത്തിന്റെ രാഷ്ട്രീയം ഏകോപന സമിതിയാണ്. ഏത് സർക്കാരുകൾ മാറി വന്നാലും വ്യാപാരികൾക്ക് നീതി കിട്ടുന്നില്ലെന്ന് തുറന്ന് പറയാനുള്ള ആർജവം കാണിച്ചു. ബജറ്റ് അവതരണങ്ങൾ കഴിഞ്ഞാൽ വ്യാപാരി പ്രശ്‌നങ്ങൾ കൃത്യമായി അവതരിപ്പിക്കും. ഏത് സർക്കാരാണെന്നത് ഒരിക്കലും വിഷയമേ ആയിരുന്നില്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ശ്രദ്ധേയമായിരുന്നു. സംഘടനാ യോഗങ്ങളിലെ പ്രഭാഷണങ്ങൾ സത്യത്തിൽ മോട്ടിവേഷൻ ക്ലാസുകൾ പോലെ ഹൃദ്യ മധുരമായിരുന്നു.
നസ്റുദ്ദീൻ പൈലറ്റാവാൻ പൂനയിലെ നാഷനൽ അക്കാദമിയിൽ ചേർന്നെങ്കിലും കണ്ണിന്ന് ചെറുപ്രായത്തിലേറ്റ പരുക്ക് കാരണം അത് നടന്നില്ല. കാലം അദ്ദേഹത്തിന് കരുതിവച്ചത് അസംഘടിതമായ ഒരു സമൂഹത്തെ ഒന്നായി ഒരു മഹാ പ്രസ്ഥാനമാക്കി പറത്തി ഉന്നതങ്ങളിലെത്തിക്കാനുള്ള ദൗത്യമായിരുന്നു. കച്ചവടം മുഖ്യതൊഴിലായി സ്വീകരിച്ച കേരളത്തിലെ ജനലക്ഷങ്ങളെ ഉശിര് പിടിപ്പിക്കുകയും അവരെ ഉശിര് പഠിപ്പിക്കുകയും ചെയ്തു ടി. നസ്‌റുദ്ദീൻ. ഏത് സാധാരണ കച്ചവടക്കാർക്കും അദ്ദേഹം പ്രാപ്യനായിരുന്നു. ഓഫിസിലായാലും വീട്ടിലായാലും ആർക്കും എപ്പോഴും കടന്നുചെല്ലാനും കാര്യങ്ങൾ പറയാനും കഴിഞ്ഞു. അവരുടെ പ്രശ്‌നങ്ങൾ സ്വന്തം പ്രശ്‌നമായി കണ്ടു. സംഘടനാ പ്രവർത്തകർക്ക് വല്ലാത്ത കരുത്തായിരുന്നു അദ്ദേഹം. നിയമപരമോ സംഘടനാപരമോ ആയ എന്ത് പ്രശ്‌നങ്ങൾക്കും ഒരു ഫോൺ കോളിൽ പരിഹാരം ലഭിച്ചിരുന്നു എന്നത് വലിയ അനുഗ്രഹമായിരുന്നു. തെറ്റുകളും വീഴ്ചകളും പറ്റുമ്പോഴും തള്ളിക്കളയുന്നതല്ല കൂടെ നിർത്തി തിരുത്തുന്നതായിരുന്നു ആ ശൈലി.
എല്ലാ ഡിസംബർ 25 നും നസ്റുദ്ദീൻ്റെ വീട്ടിൽ ആളുകൾ ഒഴുകിയെത്തും. അദ്ദേഹത്തിന്റെ ജന്മദിനമാണന്ന്. വരുന്നവർക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകി, ഒരു നല്ല കെയ്ക്കും നൽകിവിടുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഈ ഡിസംബർ 25 ന് ഞങ്ങളിനി അങ്ങോട്ട് പോവില്ല.
(കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രവർത്തകസമിതി അംഗമാണ്
ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."