രഞ്ജന്‍ ഗൊഗോയിക്കെതിരായ പരാമര്‍ശത്തില്‍ മഹുവ മോയിത്രക്കെതിരെ നടപടിയെടുക്കാനാവില്ല; കേന്ദ്ര സര്‍ക്കാര്‍ പിന്മാറി
ന്യൂഡല്‍ഹി: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മോയിത്ര പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ നടപടിയെടുക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സിറ്റിങ് ജഡ്ജിക്കെതിരെയല്ല, മുന്‍ ജഡ്ജിക്കെതിരായാണ് മഹുവയുടെ പ്രസ്താവനയെന്നും അതിനാല്‍ നടപടിയെടുക്കാനാവില്ലെന്നും നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ പിന്മാറ്റം.
മഹുവയ്‌ക്കെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരുമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞിരുന്നു. ഇന്ത്യയുടെ ഇരുണ്ടകാലത്ത് സത്യം പറഞ്ഞതിന് എനിക്കെതിരെ പ്രമേയം കൊണ്ടുവരികയാണെങ്കില്‍ അതൊരു അംഗീകാരമായി കണക്കാക്കുമെന്ന് മഹുവയും പ്രതികരിച്ചിരുന്നു.
കര്‍ഷകസമരം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രത്തിനുമെതിരെ രൂക്ഷ ഭാഷയില്‍ സംസാരിച്ച ശേഷമായിരുന്നു, രജ്ഞന്‍ ഗൊഗോയിക്കെതിരായ മഹുവ മോയിത്രയുടെ പരാമര്‍ശം.
'സര്‍ക്കാര്‍ മാത്രം പരാജയമാണെന്നതല്ല ഇന്ത്യയുടെ ഇന്നത്തെ ദുരന്തം. മാധ്യമങ്ങള്‍, ജുഡീഷ്യറി തുടങ്ങി അതിന്റെ ജനാധിപത്യസ്തംഭങ്ങളും പരാജയപ്പെട്ടുവെന്നതാണ്. സിറ്റിങ് ചീഫ് ജസ്റ്റിസ് ലൈംഗിക പീഡനാരോപണം നേരിട്ടപ്പോള്‍, അദ്ദേഹം തന്നെ വിചാരണ നടത്തി, അദ്ദേഹം തന്നെ കേസ് അവസാനിപ്പിച്ചപ്പോള്‍ ജുഡീഷ്യറിയുടെ വിശുദ്ധി നഷ്ടപ്പെട്ടു. റിട്ടയര്‍ ചെയ്തപ്പോള്‍ ഇസഡ് പ്ലസ് കാറ്റഗറിയില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുകയുമുണ്ടായി'- ഇതായിരുന്നു മഹുവ മോയിത്രയുടെ പ്രസംഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."