റിയാദിൽ വിദേശികളുടെ താമസ സ്ഥലത്ത് ഗ്യാസ് പൊട്ടിത്തെറിച്ച് ഒരു മരണം; ആറു പേരുടെ നില ഗുരുതരം
റിയാദ്: ഗ്യാസ് ചോർന്ന് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തലസ്ഥാന നഗരിയായ റിയാദിലെ അൽ റിമാലിൽ ഉണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇവരിൽ ആറു പേരുടെ നില അതീവ ഗുരുതരമാണ്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അപകടം. വിദേശികളുടെ താമസ സ്ഥലത്ത് ഗ്യാസ് ചോർന്ന് അപകടമുണ്ടായതായി സ്വദേശിയുടെ സന്ദേശത്തെ തുടർന്നെത്തിയ സേനയാണ് അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തി ആസ്പത്രയിലേക്ക് മാറ്റിയത്.
സംഭവത്തിൽ പരിക്കേറ്റ ആറു പേരുടെ നില അതീവ ഗുരുതരമാണെന്ന് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ റെഡ്ക്രസന്റ് വിഭാഗം അറിയിച്ചു. ഇവരിൽ രണ്ടു പേരെ നാഷണൽ ഗാർഡിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലും രണ്ടു പേരെ കിംഗ് അബ്ദുല്ലാഹ് സർവ്വകലാശാല ആശുപത്രയിലും രണ്ടു പേരെ മുവാസാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ രണ്ടു പേർക്ക് സംഭവ സ്ഥലത്ത് വെച്ച് തന്നെ ശുശ്രൂഷ നൽകി വിട്ടയച്ചു. സംഭവത്തിൽ ഉൾപ്പെട്ടവർ ഏത് രാജ്യക്കാരാണെന്ന് വ്യക്‌തമല്ല. റെഡ് ക്രസന്റിന്റെ എട്ട് യൂണിറ്റ് ആംബുലൻസുകളും സംവിധാനങ്ങളും ഉടനടി സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."