ചടയന്‍ ഗോവിന്ദന്‍ അറിയാതെപോയ ജീവകാരുണ്യം
ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയറ്റിനു മുന്നില്‍ കഴിഞ്ഞ ദിവസം നടത്തിയ ആത്മാഹുതി സമരവും സമരമുഖത്ത് യുവതി കൂട്ടുകാരിയുടെ ചുമലില്‍ മുഖമമര്‍ത്തി തേങ്ങിക്കരഞ്ഞതും മനഃസാക്ഷി മരവിച്ചിട്ടില്ലാത്തവരുടെ ഉള്ളം പൊള്ളിക്കുന്നതാണ്. ഒരു തൊഴില്‍ എത്രമേല്‍ ജീവല്‍പ്രധാനമാണെന്ന് ആയുസിന്റെ ഒരുഭാഗം അതിനായി എരിയിച്ചു തീര്‍ക്കുന്ന യുവസമൂഹത്തിനു മാത്രമേ മനസിലാകൂ. നല്ലനിലയില്‍ പഠിച്ച് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി, പി.എസ്.സി പരീക്ഷകള്‍ക്കായി ഉറക്കമിളച്ചു പഠിച്ച് റാങ്ക് ലിസ്റ്റില്‍ ഉയര്‍ന്ന സ്ഥാനത്തെത്തുന്നതോടെ തന്റെയും കുടുംബത്തിന്റെയും ദുരിതകാലം കഴിഞ്ഞെന്ന് ആശ്വസിക്കുന്ന ആയിരങ്ങളുടെ നെഞ്ചിലേക്കാണ് പിന്‍വാതില്‍ നിയമനങ്ങളിലൂടെ സര്‍ക്കാര്‍ തീ കോരിയിട്ടുകൊണ്ടിരിക്കുന്നത്.
റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്നതോടെ, പി.എസ്.സി പരീക്ഷ എഴുതാനുള്ള അവസാനത്തെ അവസരവും നഷ്ടപ്പെടുകയാണല്ലോ എന്ന വ്യഥയില്‍ അടക്കിനിര്‍ത്താനാവാത്ത സങ്കടം കണ്ണീരായി ഒഴുകും. തലവഴി മണ്ണെണ്ണയൊഴിച്ച് ഒരു തീപ്പെട്ടിക്കൊള്ളിയുടെ അറ്റത്ത് മാത്രം തൂങ്ങിനില്‍ക്കുന്ന ജീവിതം എരിഞ്ഞുതീര്‍ന്നേക്കും. അതാണ് കഴിഞ്ഞദിവസം സെക്രട്ടേറിയറ്റ് നടയില്‍ കണ്ട നൊമ്പരക്കാഴ്ച. ഇതൊന്നും നമ്മുടെ ഭരണാധികാരികളെ ഒട്ടും അലട്ടുന്നില്ല എന്നതാണ് ഏറെ ദുഃഖകരം. ഏതൊരു സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു വീഴ്ച വന്നാലും, ഇടതുപക്ഷ സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്നവരില്‍നിന്ന് സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചയാണ് പുറംവാതില്‍ നിയമനങ്ങള്‍. ഇടതുപക്ഷമല്ലാത്ത സാധാരണക്കാരന്‍ പോലും ഈ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു തൊഴില്‍നിഷേധം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
മനുഷ്യത്വത്തിന്റെയും വര്‍ഗബോധത്തിന്റെയും മുഖമുണ്ടായിരുന്ന ഇടതുപക്ഷം പണ്ട് എ.കെ ഗോപാലന്‍ ഭയപ്പെട്ട ആഡംബരത്തിന്റെ അവസാനവാക്കായി തീര്‍ന്നതിനാലായിരിക്കുമോ ഇത്തരം അപചയങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്? സി.പി.എം എം.എല്‍.എമാരുടെയും പാര്‍ട്ടി നേതാക്കളുടെയും ഭാര്യമാരെയും മക്കളെയും പുറംവാതിലിലൂടെ തള്ളിക്കയറ്റുന്നതിനെ ജീവകാരുണ്യ പ്രവര്‍ത്തനമായി സി.പി.എം മന്ത്രി വിശേഷിപ്പിക്കുമ്പോള്‍ ഓര്‍ത്തുകാണില്ല, തൊഴിലിനുവേണ്ടി കാത്തിരുന്ന് ഒടുവില്‍ മരവിച്ച മനസോടെ അഞ്ചുമാസം മുന്‍പ് തിരുവനന്തപുരം കാരക്കോണം മൂന്നു സെന്റിലുള്ള കൊച്ചുവീട്ടില്‍, ഒരു തുണ്ട് കയറില്‍ ജീവനൊടുക്കിയ എസ്. അനു എന്ന ചെറുപ്പക്കാരനെ. മന്ത്രി പറയുന്ന ജീവകാരുണ്യ പ്രവര്‍ത്തനം എന്തുകൊണ്ട് ഈ നിര്‍ഭാഗ്യവാനായ ചെറുപ്പക്കാരനു വന്നെത്തിയില്ല? സിവില്‍ എക്‌സൈസ് ഓഫിസര്‍ ലിസ്റ്റിലെ എഴുപത്തിരണ്ടാമനെ നിയമിച്ചതോടെ പട്ടികയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് അനു ജീവനൊടുക്കിയത്. ലിസ്റ്റ് നീട്ടാന്‍ പി.എസ്.സി പറഞ്ഞിട്ടും സര്‍ക്കാര്‍ വഴങ്ങിയില്ല. ലിസ്റ്റിലെ അഞ്ചുപേര്‍ക്കു കൂടി നിയമനം കിട്ടിയിരുന്നുവെങ്കില്‍ അനു ഇന്നും അവന്റെ അമ്മയ്‌ക്കൊപ്പം ഉണ്ടാകുമായിരുന്നില്ലേ.
സ്വന്തക്കാരെ പുറംവാതിലിലൂടെ തള്ളിക്കയറ്റുന്നത് മന്ത്രിയുടെ നോട്ടത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനമാണെങ്കില്‍ എന്തേ ഈ തിരിച്ചറിവ് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദനും മുന്‍ മന്ത്രിയും പാര്‍ട്ടിയുടെ സമുന്നത നേതാവുമായ, ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന പാലോളി മുഹമ്മദ് കുട്ടിക്കും ഇല്ലാതെപോയി? പാര്‍ട്ടി പത്രത്തിലെ മകന്റെ താഴേക്കിടയിലുള്ള ജോലി പോലും വര്‍ഗരാഷ്ട്രീയ സിദ്ധാന്തത്തിന് എതിരായേക്കുമോ എന്ന് ആകുലപ്പെട്ട് മകനെക്കൊണ്ട് ജോലി രാജിവയ്പ്പിച്ച് നിത്യദാരിദ്ര്യത്തില്‍ കഴിഞ്ഞ ചടയന്‍ ഗോവിന്ദന്‍ മനസ് വച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ മകനും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ലാവണത്തില്‍ കയറിപ്പറ്റാമായിരുന്നില്ലേ. മക്കള്‍ക്ക് കൃഷിപ്പണി ചെയ്തു ജീവിക്കാന്‍ ഏക സമ്പാദ്യമായിരുന്ന, താമസിക്കുന്ന മലപ്പുറത്തെ വീട് വിറ്റ് നാട് ഉപേക്ഷിച്ച് പാലക്കാടിന്റെ ഉള്‍ഗ്രാമത്തിലേക്ക് പാലോളി മുഹമ്മദ് കുട്ടിക്ക് പോകേണ്ടിയിരുന്നോ?
സംസ്ഥാനത്തുടനീളം യുവജന സംഘടനകള്‍ ഇന്നലെ സര്‍വകലാശാലകള്‍ക്കു മുന്നില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ കടുത്ത പ്രതിഷേധമറിയിച്ചായിരുന്നു ഈ സമരങ്ങള്‍. കാലടി, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശലകള്‍ക്കു മുന്നിലായിരുന്നു യുവതയുടെ തൊഴില്‍ നിഷേധത്തിനെതിരേയുള്ള പോരാട്ട സമരം. പലയിടത്തും പൊലിസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് സമരക്കാരെ നേരിട്ടത്. പ്രതിപക്ഷമാണ് സമരക്കാരെ ഇളക്കിവിടുന്നതെന്നും അവരാണ് സമരങ്ങള്‍ക്ക് പിന്നിലെന്നും പറയാന്‍ ധനമന്ത്രി ടി.എം തോമസ് ഐസക്കിന് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല.
ഡല്‍ഹിയിലെ തൊലി തുളച്ചുകയറുന്ന തണുപ്പ് സഹിച്ചു മാസങ്ങളായി സമരം ചെയ്യുന്ന കര്‍ഷകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത് സമരജീവികള്‍ എന്നായിരുന്നു. അതില്‍ നിന്ന് എന്തു വ്യത്യാസമാണ് മന്ത്രി തോമസ് ഐസക്കിന്റെ പരാമര്‍ശത്തില്‍ ഉള്ളത്? സമരങ്ങളുടെ തീച്ചൂളകളില്‍ പൊരുതിക്കയറിയവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ എന്നാണു വയ്പ്. അത്തരം ഉറച്ച ധാരണകളെ തിരുത്തുന്നതാണ് പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന യുവജനങ്ങളോട് സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകളും മന്ത്രി തോമസ് ഐസക്കിനെ പോലുള്ളവരുടെ വാക്കുകളും.
സെക്രട്ടേറിയറ്റ് പടിക്കലില്‍ ഒരു ഉദ്യോഗാര്‍ഥി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മാഹുതി സമരം നടത്തിയിട്ടും ഇടതുമുന്നണി സര്‍ക്കാരിനെ അതൊട്ടും ഏശിയില്ല. വകതിരിവില്ലാതെ ഏതെങ്കിലുമൊരാള്‍ ഒരു തീപ്പെട്ടിക്കൊള്ളിയുരച്ച് ആ ഉദ്യോഗാര്‍ഥികള്‍ക്കു നേരെ എറിഞ്ഞിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? സര്‍ക്കാര്‍ ചെയ്ത ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളുടെ മേന്മകളെയെല്ലാം മായ്ച്ചുകളയുന്നതാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന അനധികൃത നിയമനങ്ങള്‍. സമരം നീട്ടിക്കൊണ്ടു പോകാതെ വഴിവിട്ട രീതിയില്‍ സര്‍ക്കാര്‍ നടത്തിയ നിയമനങ്ങളൊക്കെയും റദ്ദ് ചെയ്യുകയാണു വേണ്ടത്. സിഡിറ്ററില്‍ 114 പേരെ നിയമിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പുറംവാതില്‍ നിയമനങ്ങള്‍ക്കു തുടക്കമിട്ടത്. പിന്നീട് വിവിധ വകുപ്പുകളില്‍ വ്യാപകമായ നിയമനങ്ങളാണ് നടന്നത്. സര്‍വകലാശാലകളിലെ അധ്യാപക തസ്തികകളൊക്കെയും സി.പി.എം എം.എല്‍.എമാരുടെയും നേതാക്കളുടെയും ഭാര്യമാര്‍ക്കു സംവരണം ചെയ്യപ്പെട്ടതാണോ എന്നു തോന്നിപ്പിക്കും വിധമായിരുന്നു നിയമനങ്ങള്‍.
ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്ന് ഭാഷാവിദഗ്ധര്‍ പ്രതികൂലാഭിപ്രായം എഴുതിയിട്ടും എം.ബി രാജേഷിന്റെ ഭാര്യയ്ക്കു തന്നെ കാലടി സര്‍വകലാശാല നിയമനം നല്‍കി. പ്രതികൂലാഭിപ്രായം എഴുതിയ മൂന്നു പേരില്‍ ഡോ. ടി. പവിത്രന്‍ തന്റെ മുന്‍ നിലപാടില്‍ നിന്ന് മാറി. സി.പി.എം അനുഭാവിയായ അദ്ദേഹത്തിനുമേല്‍ പാര്‍ട്ടി സമ്മര്‍ദം വന്നിരിക്കാം. വകുപ്പ് സെക്രട്ടറിമാരുടെയും ധനവകുപ്പിന്റെയും എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ ഈ നിയമനങ്ങളൊക്കെയും നടത്തിയത്. സര്‍ക്കാരിന്റെ നീക്കം തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും അംഗീകരിക്കാതിരിക്കലാണ് ഉചിതമെന്നും വകുപ്പ് സെക്രട്ടറിമാര്‍ ഫയലുകളില്‍ വിയോജനക്കുറിപ്പെഴുതിയതും സര്‍ക്കാര്‍ അവഗണിച്ചു.
പുറംവാതില്‍ നിയമനങ്ങളൊക്കെയും പിന്‍വലിച്ച് പതിനായിരങ്ങള്‍ വരുന്ന ഉദ്യോഗാര്‍ഥികളുടെ കണ്ണീര്‍ ഇനിയും ഈ മണ്ണില്‍ വീഴാന്‍ അനുവദിക്കാതിരിക്കുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടത്. കോടതിവിധികളെ പോലും വെല്ലുവിളിച്ച്, പി.എസ്.സിയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന അനധികൃത നിയമനങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലെങ്കിലും സ്വന്തക്കാര്‍ക്ക് പുറംവാതില്‍ നിയമനങ്ങള്‍ നല്‍കുന്ന തീരുമാനങ്ങള്‍ ഉണ്ടാകില്ലെന്ന് ആശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."