പി.വി അന്‍വറിൻ്റെ ഭാര്യാപിതാവിന്റെ ഭൂമിയിലെ റോപ്‌വേ പൊളിച്ചുതുടങ്ങി
നിലമ്പൂർ
പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവ് അനധികൃതമായി നിർമിച്ച റോപ് വേ പൊളിച്ചുതുടങ്ങി. റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണയ്ക്ക് കുറുകെ എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വേ രണ്ടുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പൊളിക്കല്‍ തുടങ്ങിയത്. നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് നടത്തിയ അഞ്ചുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് റോപ് വേ പൊളിക്കുന്നത്.
1,47,000 രൂപയുടെ ടെന്‍ഡര്‍ പ്രകാരമാണ് പൊളിക്കല്‍ ആരംഭിച്ചത്.
നേരത്തെ രണ്ടുതവണ റോപ് വേ പൊളിക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടെങ്കിലും സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് പഞ്ചായത്ത് നടപ്പാക്കിയിരുന്നില്ല. വീഴ്ചവരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്ന് പിഴ ഈടാക്കുമെന്ന് ഓംബുഡ്‌സ്മാന്‍ വ്യക്തമാക്കിയതോടെയാണ് റോപ് വേ പൊളിക്കാന്‍ പഞ്ചായത്ത് തയാറായത്.
റോപ് വേ പൊളിക്കാന്‍ പഞ്ചായത്ത് പലതവണ നോട്ടിസ് നല്‍കിയിട്ടും അബ്ദുല്‍ലത്തീഫ് തയാറായിരുന്നില്ല.
ഓംബുഡ്‌സ്മാന്‍ ഉത്തരവ് വന്നതോടെ പൊളിച്ചുനീക്കാന്‍ 15 ദിവസത്തെ സാവകാശംതേടി പഞ്ചായത്തിന് കത്തുനല്‍കി. എന്നാല്‍, പഞ്ചായത്ത് ഈ ആവശ്യം തള്ളുകയായിരുന്നു.
ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ പി.വി അന്‍വര്‍ കെട്ടിയ തടയണ പൊളിച്ചുനീക്കാന്‍ നേരത്തെ മലപ്പുറം കലക്ടര്‍ ഉത്തരവിട്ടിരുന്നു.
ഇതോടെ തടയണയും റോപ് വേയും ഉള്‍പ്പെടുന്ന സ്ഥലം എം.എല്‍.എ ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."