പ്രതിഷേധത്തിന്റെ അതിരുകള്‍
അതിര്‍ത്തി കടക്കാനല്ലാതെ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് വിസ ആവശ്യമില്ല. അന്യരുടെ അഭിപ്രായപ്രകടനം രാജ്യത്തിന്റെ ആഭ്യന്തരകാര്യത്തിലുള്ള ഇടപെടലായി വ്യാഖ്യാനിച്ച് കേസെടുക്കാന്‍ ഒരുമ്പെടുന്നത് അപ്രായോഗികമായ അസംബന്ധമാണ്. മനുഷ്യാവകാശങ്ങളെ സംബന്ധിക്കുന്ന വിഷയമാകുമ്പോള്‍ അത് എല്ലാവരെയും ബാധിക്കുന്ന വിഷയമാകുന്നു. അഭിപ്രായം പറയുന്നതിനുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ അനുച്ഛേദം 19 (1)(എ) അനുസരിച്ച് ഇന്ത്യയിലെ പൗരന്മാര്‍ക്ക് ലഭിച്ചിരിക്കുന്ന മൗലികാവകാശമാണെങ്കില്‍ യു.എന്‍ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അനുച്ഛേദം 19 അനുസരിച്ച് അതു സമസ്തലോകത്തിനും ലഭിച്ച സാര്‍വത്രികമായ അവകാശമാണ്. പൗരത്വമെന്ന പരിമിതിയില്ലാതെ ഏവര്‍ക്കും അനുഭവിക്കാവുന്ന അവകാശമാണത്. രണ്ടു രേഖയിലും പ്രസക്തമായ വിഷയത്തില്‍ സംഖ്യ ഒന്നായത് യാദൃച്ഛികമാണെങ്കിലും അര്‍ഥവത്താണ്. അതുകൊണ്ട് പാസ്‌പോര്‍ട്ടിന്റെ പിന്‍ബലമില്ലാതെ സംസാരിക്കാം. ചോദ്യങ്ങളും ചോദ്യം ചെയ്യലും ചേരുന്നതാണ് സംസാരം. ഭരണകൂടത്തോടാകുമ്പോള്‍ അതു ജനാധിപത്യമാകുന്നു.
പരിഹാരമില്ലാതെ നീളുന്ന കര്‍ഷകപ്രക്ഷോഭം ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമായി പരിമിതപ്പെടുത്താനാവില്ല. ഭരണകൂടവുമായി കലഹിക്കേണ്ടിവരുന്നവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏവര്‍ക്കുമുണ്ട്. ഫ്രാന്‍സിലെയും അമേരിക്കയിലെയും വിപ്ലവകാരികള്‍ പരസ്പരം സഹകരിച്ചിട്ടുണ്ട്. അതിന്റെ ഓര്‍മയുമായാണ് ന്യൂയോര്‍ക് തുറമുഖത്ത് സ്വാതന്ത്ര്യപ്രതിമ ഉയര്‍ത്തിപ്പിടിച്ച ദീപശിഖയുമായി നില്‍ക്കുന്നത്. പരമാധികാരത്തെക്കുറിച്ചുള്ള സങ്കുചിതമായ ഫാസിസ്റ്റ് വീക്ഷണത്തില്‍ നിന്നാണ് വിദേശ ഇടപെടല്‍ എന്ന ആശങ്കയും ആരോപണവും ഉണ്ടാകുന്നത്. അയല്‍പക്കത്തു നിന്നുയരുന്നത് ആക്രോശമായാലും രോദനമായാലും ശ്രദ്ധിക്കാതിരിക്കാനാവില്ല. നമ്മുടെ ശ്രദ്ധയും ഇടപെടലും എവിടെയാണോ ആവശ്യം അതാണു നമ്മുടെ അയല്‍പക്കം. നല്ല ശമരിയാക്കാരന്റെ കഥയില്‍നിന്നു ലഭിക്കുന്ന സന്ദേശം ഇതാണ്. അമേരിക്കയില്‍ പൊലിസുകാരന്‍ തെരുവില്‍ ശ്വാസം മുട്ടിച്ചു കൊന്ന ജോര്‍ജ് ഫ്‌ളോയ്ഡ് നമ്മുടെയെല്ലാം ആകുലതയായി മാറിയത് ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. എവിടെയുമുള്ള മനുഷ്യന്റെ വേദന പങ്കുവയ്ക്കപ്പെടാനുള്ളതാണ്.
നിഷ്പക്ഷത വിദേശനയത്തിന്റെ കാതലായിരിക്കുമ്പോഴും മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇന്ത്യ നിര്‍ബാധം ഇടപെട്ടിട്ടുണ്ട്. സിക്കിമിലെ ആഭ്യന്തരപ്രശ്‌നത്തില്‍ ഇടപെട്ടുവെന്നു മാത്രമല്ല, ചോഗ്യാലിനെ സ്ഥാനഭ്രഷ്ടനാക്കി ആ ചെറുരാജ്യത്തെ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ചൈനയുമായി നിതാന്തമായ വിരോധം സമ്പാദിച്ചുകൊണ്ടാണ് നമ്മള്‍ തിബത്തിലെ ദലൈലാമയ്ക്ക് അഭയം നല്‍കിയത്. ശ്രീലങ്കയില്‍ തമിഴ് വംശജരുടെ താല്‍പര്യത്തെ അടിസ്ഥാനമാക്കി ഇന്ത്യ സൈനികമായ ഇടപെടല്‍ നടത്തി. സമാധാന പാലനത്തിനുള്ള ദൗത്യം എന്നാണ് അതറിയപ്പെട്ടത്. റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ വിഷയമായാലും പട്ടാളത്തിന്റെ അട്ടിമറിയായാലും മ്യാന്‍മറിലെ കാര്യങ്ങളില്‍ നമുക്ക് അഭിപ്രായമുണ്ട്. അതു പ്രകടിപ്പിക്കപ്പെടുന്നുണ്ട്. ഗസ്സ എവിടെയെന്നുപോലും അറിയാത്ത മലയാളികള്‍ അവിടുത്തെ വേദനിക്കുന്ന മനുഷ്യരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. തിയാനന്‍മെന്‍ ചത്വരം ചൈനയുടെ ആഭ്യന്തരപ്രശ്‌നമായല്ല നാം കണ്ടത്. സ്വന്തം പണിയിടം വിട്ട് ട്രാക്ടര്‍ എന്ന പണിയായുധവുമായി ഡല്‍ഹിയിലേക്കുള്ള വഴികളില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകരിലേക്ക് ലോകശ്രദ്ധ പതിയുന്നത് സ്വാഭാവികമാണ്. ശ്രദ്ധിക്കുന്നവര്‍ അഭിപ്രായം പറയുകയും നിലപാട് വ്യക്തമാക്കുകയും ചെയ്യും.
കര്‍ഷക സമരത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത ഗ്രേറ്റ തന്‍ബര്‍ഗും റിഹാനയും ഇപ്പോള്‍ ഇന്ത്യയില്‍ താരങ്ങളാണ്. സ്വീഡനിലെ കാലാവസ്ഥാ പ്രവര്‍ത്തകയാണ് നൊബേല്‍ സമാധാന പുരസ്‌കാരത്തിനു പരിഗണിക്കപ്പെട്ട തന്‍ബര്‍ഗ് എന്ന കൗമാരം കടന്നിട്ടില്ലാത്ത പെണ്‍കുട്ടി. റിഹാന പ്രശസ്തയായ പോപ് ഗായികയാണ്. അവര്‍ക്ക് അഭിപ്രായമുള്ളതുകൊണ്ട് അവര്‍ അതു പ്രകടിപ്പിച്ചു. അവര്‍ക്കു പിന്നാലെ ഓസ്‌കര്‍ ജേതാവായ ഹോളിവുഡ് നടി സൂസന്‍ സാരന്‍ഡര്‍ കര്‍ഷകര്‍ക്കു പിന്തുണയുമായെത്തി. കല കലയ്ക്കു വേണ്ടിയോ ജീവിതത്തിനു വേണ്ടിയോ എന്ന ചോദ്യത്തിനു ജീവിക്കുന്നതിനുവേണ്ടി എന്ന് ഉത്തരം നല്‍കുന്നവരായിരിക്കും കലാകാരന്മാരില്‍ അധികവും. പത്മശ്രീയെ പത്മഭൂഷണോ പത്മവിഭൂഷണോ ആക്കി അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിച്ചു നടക്കുന്നവര്‍ക്ക് ഭരണകൂടത്തെ പ്രീതിപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ ഉണ്ടായേക്കാം.
വിദേശ സെലിബ്രിറ്റികളെ നാടന്‍ സെലിബ്രിറ്റികളെ ഇറക്കി പ്രതിരോധിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. അവരുടെ വാക്കുകള്‍ക്ക് അസാധാരണമായ രീതിയില്‍ സാമ്യമുണ്ട്. എഴുതിക്കിട്ടിയതാണ് അവര്‍ ട്വീറ്റ് ചെയ്യുന്നത്. ഭാരത് രത്‌ന നേടിയവരാണ് സച്ചിന്‍ തെണ്ടുല്‍ക്കറും ലതാ മങ്കേഷ്‌കറും. രണ്ടു രത്‌നങ്ങളും സര്‍ക്കാര്‍പക്ഷത്താണ്. അറിയാത്ത വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ അവധാനത വേണമെന്ന് ശരത് പവാര്‍ നല്‍കിയ ഉപദേശം സച്ചിനു മാത്രമല്ല ബാധകമാകുന്നത്. മേജര്‍ രവി തുടങ്ങിയ മൈനര്‍ സെറ്റ് ദേശാഭിമാനപ്രേരിതരായി സര്‍ക്കാരിനു പിന്തുണയുമായെത്തിയപ്പോള്‍ മലയാളത്തിലെ താരങ്ങളോ സൂപ്പര്‍ താരങ്ങളോ കര്‍ഷകപ്രക്ഷോഭത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ല. സമയമുണ്ടല്ലോ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. എല്ലാറ്റിനും ഒരു സമയമുണ്ടെന്നത് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു സിനിമയിലെ പ്രസിദ്ധമായ ഡയലോഗാണ്.
സൂസന്‍ സാരന്‍ഡര്‍ അവിസ്മരണീയമായ ഹോളിവുഡ് പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരിയാണ്. 1963ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് നേതൃത്വം നല്‍കിയ പൗരാവകാശ മാര്‍ച്ചിന്റെ മുന്‍നിരയില്‍ പ്രസിദ്ധരായ ഹോളിവുഡ് താരങ്ങള്‍ ഉണ്ടായിരുന്നു. സിനിമയില്‍ വിമോചകനായ മോസസിന്റെ വേഷമിട്ട് പ്രശസ്തനായ ചാള്‍ട്ടണ്‍ ഹെസ്റ്റണും കറുത്ത വര്‍ഗക്കാരനായ സിഡ്‌നി പൊയ്റ്റിയറും അക്കൂട്ടത്തിലുണ്ടായിരുന്നു. പിന്തിരിപ്പിക്കാന്‍ ഫെഡറല്‍ ഏജന്‍സികള്‍ നടത്തിയ ശ്രമത്തെ അതിജീവിച്ചുകൊണ്ടാണ് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ അവര്‍ വാഷിങ്ടണില്‍ എത്തിയത്
.
അകത്ത് അധികാരവും പുറത്ത് ആരാധനയും കാംക്ഷിക്കുന്നയാളാണ് നരേന്ദ്ര മോദി. പൗരത്വപ്രക്ഷോഭത്തില്‍ തട്ടിത്തുടങ്ങിയ ഇടിവ് കര്‍ഷകസമരത്തോടെ പൂര്‍ണമായിക്കൊണ്ടിരിക്കുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറും ബോളിവുഡ് താരങ്ങളും നല്‍കിയ പിന്തുണ മോദിയുടെ പ്രതിച്ഛായയെ മെച്ചപ്പെടുത്തുന്നില്ല. ആരുടെയും പിന്തുണയില്ലാതെ പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍ കെല്‍പ്പുള്ളവരാണ് ഇന്ത്യയിലെ കര്‍ഷകര്‍. പുരുഷന്മാര്‍ തെരുവിലേക്കിറങ്ങുമ്പോള്‍ സ്ത്രീകള്‍ വയലുകളിലേക്കിറങ്ങുന്നു. പ്രതിഷേധിക്കുന്നതിനും പ്രതിഷേധത്തില്‍ പങ്കുചേരുന്നതിനുമുള്ള അവകാശം മനുഷ്യാവകാശമാണ്. കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ യു.എന്‍ മനുഷ്യാവകാശ ഓഫിസ് ഇക്കാര്യം ഓര്‍മപ്പെടുത്തിയിട്ടുണ്ട്.
ലോകം ഓണ്‍ലൈനായ കാലത്ത് ഐക്യദാര്‍ഢ്യവും ഓണ്‍ലൈനായാണ് പ്രകടിപ്പിക്കപ്പെടുന്നത്. ട്വിറ്ററാണ് പുതിയ സമരായുധം. ആയുധത്തിന്റെ മുനയൊടിക്കുന്നതിനുള്ള ശ്രമങ്ങളുണ്ട്. അടിയന്തരാവസ്ഥയുടെ ആദ്യരാവില്‍ വൈദ്യുതി വിച്ഛേദിച്ചുകൊണ്ടാണ് പത്രങ്ങളുടെ പ്രസിദ്ധീകരണം തടഞ്ഞത്. അതിനുശേഷം സെന്‍സര്‍ഷിപ്പുണ്ടായി. ഇതെല്ലാം ഓണ്‍ലൈനിലും സാധ്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞുകൊണ്ടിരിക്കുന്നു. ലൈന്‍മാന്‍ ഫ്യൂസ് ഊരുന്ന ലാഘവത്തോടെയാണ് ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെടുന്നത്. സംസ്ഥാനപദവി നഷ്ടപ്പെട്ട കശ്മിര്‍ 223 ദിവസം ഇന്റര്‍നെറ്റ് ഷട്ട്ഡൗണില്‍ കഴിഞ്ഞു. സാങ്കേതികവിദ്യ മനുഷ്യനെ പൂര്‍ണമായും സ്വതന്ത്രനാക്കിയിട്ടില്ല. ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തിനു മുന്‍പും ആഗോളതലത്തിലുള്ള പ്രതിഷേധം സാധ്യമായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഫലസിദ്ധിക്ക് വിദേശങ്ങളിലെ അഭിപ്രായപ്രകടനങ്ങള്‍ സഹായകമായിട്ടുണ്ട്.
അടിയന്തരാവസ്ഥയ്‌ക്കെതിരേ ശക്തമായ ലോകാഭിപ്രായം ഉണ്ടായപ്പോഴാണ് അതിനെ പ്രതിരോധിക്കുന്നതിന് ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പ് നടത്തിയത്. വിദേശകരങ്ങള്‍ എന്ന ആരോപണം അന്നും കേട്ടു. ഇടപെടുന്ന കരവും പ്രതികരിക്കുന്ന നാവും സ്വദേശിയായിരിക്കണമെന്ന നിര്‍ബന്ധം ഫാസിസ്റ്റ് സ്വഭാവമുള്ള ഏകാധിപത്യത്തിന്റേതാണ്. വ്യാജനിര്‍മിതമായ ദേശീയബോധത്താല്‍ ഏതു സുനാമിയെയും അവര്‍ തടുക്കും. മ്യാന്‍മറിലെ സംഭവവികാസങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്കണ്ഠ പ്രകടിപ്പിച്ചപ്പോള്‍ യാങ്കൂണില്‍നിന്ന് വിദേശഇടപെടല്‍ എന്ന പ്രത്യാക്രമണം ഉണ്ടായില്ല. മനുഷ്യത്വപരമായ ഇടപെടല്‍ എവിടെയും സാധൂകരിക്കപ്പെടുന്നതുപോലെ എവിടെനിന്നും കേള്‍ക്കുന്ന നല്ല വാക്കുകള്‍ സ്വീകരിക്കപ്പെടണം. വൈദേശികമായ ഇടപെടലുകളിലൂടെയും അധിനിവേശത്തിലൂടെയുമാണ് ഇന്ത്യ എന്ന ആശയം വികസിച്ചതെന്ന കാര്യവും മറക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."