കടം കയറി മുടിഞ്ഞവര്‍
കടം കയറി മുടിഞ്ഞ് നാടുവിടേണ്ടി വന്നവരുടെ കഥകള്‍ അത്ര പുതിയതൊന്നുമല്ല. എന്നാല്‍ കടമാണ് സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ സങ്കല്‍പത്തിലേക്ക് വഴിതുറന്നത് ചരിത്രത്തിന്റെ മറ്റൊരു വശമാണ്. പുരാതന മെസൊപ്പൊട്ടേമിയയില്‍ കടം കയറി മുടിഞ്ഞതിനാല്‍ മരുഭൂമിയില്‍ പോയി ജീവിക്കേണ്ടിവന്ന നിരവധി പേരുണ്ടായിരുന്നുവത്രെ. കര്‍ഷകരായിരുന്നു ഇവരില്‍ ഭൂരിഭാഗവും. കച്ചവടക്കാരില്‍നിന്നും ഉദ്യോഗസ്ഥരില്‍ നിന്നുമായിരുന്നു ഇവര്‍ കടം വാങ്ങിയിരുന്നത്. തിരിച്ചുകൊടുക്കാന്‍ പറ്റാതായാല്‍ വീട്ടിലെ ആടും പശുവും തുടങ്ങി വിലപിടിപ്പുള്ളതെല്ലാം അവര്‍ കൊണ്ടുപോകും. ഭാര്യയെയും മക്കളെയും വരെ കടം വീട്ടാനായി നല്‍കേണ്ടി വന്നവരുണ്ട്. ഇങ്ങനെ നാട്ടില്‍നിന്ന് പലായനം ചെയ്തവര്‍ മരുഭൂമിയില്‍ സംഘടിച്ച് കൊള്ളയും കവര്‍ച്ചയുമായി രാജ്യത്തിനു ഭീഷണിയായി. ഗതിമുട്ടിയപ്പോള്‍ സുമേറിയന്‍ ബാബിലോണിയന്‍ രാജാക്കന്‍മാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. കടക്കാര്‍ക്ക് നാട്ടിലേക്ക് തിരിച്ചുവരാനുള്ള അവസരമൊരുങ്ങി.
സ്വാതന്ത്ര്യം എന്ന പദം ആദ്യമായി ഗൗരവത്തില്‍ ഉപയോഗിക്കപ്പെട്ടത് സാമ്പത്തിക സ്വാതന്ത്ര്യം എന്ന അര്‍ഥത്തില്‍ ഇവിടെയായിരുന്നുവെന്നാണു ചരിത്രം. കടത്തിനു പകരമായി സമ്പന്നര്‍ അടിമകളാക്കിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടുംബത്തിലേക്ക് തിരിച്ചുപോകാനുള്ള സ്വാതന്ത്ര്യം എന്ന അര്‍ഥത്തിലായിരുന്നു ഇത്. ഗ്രീസിലും റോമിലും ആദ്യമായി വിപ്ലവമുണ്ടാകുന്നതു തന്നെ കടത്തിന്റെ പേരിലാണ്. കടം കയറി മുടിഞ്ഞവര്‍ വീടുവിട്ട് പോകുന്നതിനു പകരം സംഘടിച്ചു. ശക്തരായി മാറിയ അവര്‍ നിലവിലെ ഭരണസംവിധാനത്തെ അട്ടിമറിക്കുമെന്ന സാഹചര്യം വന്നു. ഗതിമുട്ടിയ ഭരണാധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു. രാജ്യത്തു സാമ്പത്തിക സന്തുലനം അനിവാര്യമെന്ന അവസ്ഥ വന്നു. അത്തീനിയന്‍ ജനാധിപത്യത്തിലേക്കും റോമന്‍ റിപ്പബ്ലിക്കിലേക്കും വഴി തുറന്നത് ഈ സംഭവമാണ്.
എന്നാല്‍ മെസൊപ്പൊട്ടേമിയയിലെ പോലെ കടം എഴുതിത്തള്ളാന്‍ ഗ്രീക്കും റോമും തയാറായിരുന്നില്ല. കടം വീട്ടേണ്ട ബാധ്യത കടക്കാരില്‍ തുടര്‍ന്നു. നാണയം വരുന്നത് ഏകദേശം 600 ബി.സിയിലായിരുന്നുവെങ്കിലും കടത്തിന്റെ ചരിത്രത്തിനു 3,500 ബി.സിയോളം പഴക്കമുണ്ട്. ആദ്യകാലങ്ങളില്‍ ക്രയവിക്രയം നടക്കാനുള്ള സൗകര്യമെന്നതിലപ്പുറം കണക്കുകൂട്ടാനുള്ള സൗകര്യമെന്ന നിലയിലാണ് നാണയങ്ങള്‍ ഉപയോഗിച്ചിരുന്നത്. കടത്തിന്റെ മൂല്യം വടിയില്‍ രേഖപ്പെടുത്തും. വടി രണ്ടായി മുറിച്ച് ഒരുഭാഗം കടം നല്‍കിയയാളും മറുഭാഗം വാങ്ങിയയാളും സൂക്ഷിക്കും. ഗ്രീക്കുകാരും ചൈനക്കാരും ഈ രീതി തന്നെയാണ് ഉപയോഗിച്ചിരുന്നത്.
സൈനികര്‍ക്കു ശമ്പളം നല്‍കാന്‍ നാണയം ഉപയോഗിച്ചുതുടങ്ങിയ കാലം മുതലാണ് നാണയം കടം കൊടുക്കുന്ന രീതി വ്യാപകമാവുന്നത്. അക്കാലത്ത് യുദ്ധത്തിലൂടെ കൊള്ളമുതല്‍ കൈവശമെത്തുന്ന സൈനികരും കച്ചവടക്കാരും മാത്രമായിരുന്നു കടം നല്‍കാന്‍ ശേഷിയുള്ളവര്‍. കടമായിരുന്നു അന്നത്തെ രാഷ്ട്രീയചര്‍ച്ചകളുടെ കേന്ദ്രബിന്ദു. രാജാക്കന്‍മാരോട് മാപ്പപേക്ഷിച്ചിരുന്നതും കടത്തിന്റെ പേരിലായിരുന്നു. കടത്തിന്റെ പേരിലുള്ള അടിമത്തം പൂര്‍ണമായും ഇല്ലാതായത് ഇസ്‌ലാമിക ഭരണത്തിന്റെ വരവോടെയാണ്. പലിശരഹിത സംവിധാനമായിരുന്നു ഇതിലൊന്ന്. ചൈനയിലെ ബുദ്ധസന്യാസിമാരും കൊള്ളപ്പലിശക്കാരുടെ പിടിയില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ ഉദാരമായി കടം നല്‍കാന്‍ തുടങ്ങി.
കടത്തിന്റെയും കൊള്ളയുടെയും കാലത്ത് യൂറോപ്പിനു സങ്കല്‍പിക്കാന്‍ പോലുമാകാത്തതായിരുന്നു അറബ് ഉദാരതയെന്ന യാഥാര്‍ഥ്യം. ഇത്തരമൊരു ഉദാരതയാണ് ഇന്ന് അറബ് ലോകത്തിന്റെ സമ്പത്തിനും കേരളത്തിന്റെ സമൃദ്ധിക്കും ഹേതുവായത്. ലോകപ്രശസ്തമായ സാനിറ്ററി ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ക്രാനെ കമ്പനിയുടെ ഉടമ ചാള്‍സ് ആര്‍ ക്രാനെ സഊദി രാജാവ് അബ്ദുല്‍ അസീസ് ആല്‍ സുഊദിന്റെ ഈജിപ്തിലെ പ്രതിനിധി ശൈഖ് ഫൗസാന്‍ ആല്‍ സാബിഖിനെ കാണാനെത്തി.
സാബിഖിന്റെ കൈയില്‍ കരുത്തുറ്റ നിരവധി കുതിരകളുണ്ടായിരുന്നു. അതിലൊന്നിനെ നിങ്ങള്‍ എനിക്ക് വില്‍ക്കുമോയെന്ന് ക്രാനെ ചോദിച്ചു. രണ്ടു കുതിരകളെ ക്രാനെ തിരഞ്ഞെടുത്തു. ഇതിനെന്ത് വിലയാകും? ക്രാനെ ചോദിച്ചു. എടുത്തുകൊള്ളുക, സൗജന്യമാണ്. അതു നിങ്ങള്‍ക്കുള്ള എന്റെ സമ്മാനമാണ്. അറബ് ദാനശീലത്തെക്കുറിച്ച് ഏറെയൊന്നുമറിയാത്ത ക്രാനെ നിശബ്ദനായി അന്തിച്ചുനിന്നു. അന്ന് ക്രാനെ സാബിഖിനോട് പറഞ്ഞു: നിങ്ങളുടെ രാജ്യം ദരിദ്രമാണ്. എന്നാല്‍ അതിന്റെ മണ്ണിനടിയില്‍ അത്ഭുതനിധി ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അതു കണ്ടെത്താന്‍ ഞാന്‍ നിങ്ങളെ സഹായിക്കട്ടെ?
ഈ ചോദ്യമാണ് അറബ് ലോകത്തെ ആദ്യ എണ്ണക്കിണറിന്റെ കണ്ടെത്തലിനും പിന്നാലെ സഊദിയുടെയും അറബ് ലോകത്തിന്റെയും സമ്പത്തിനും കാരണമായത്. ക്രാനെയുടെ ചോദ്യത്തിന് അത്ര ഉറപ്പില്ലാത്ത മറുപടിയായിരുന്നു സാബിഖിന്റേത്. കുറേ കാലമായി സഊദി രാജാവ് അബ്ദുല്‍ അസീസ് ആല്‍ സുഊദ് അമേരിക്കക്കാരെ തന്റെ മണ്ണിലേക്ക് അടുപ്പിച്ചിരുന്നില്ല. 'താന്‍ റിയാദിലേക്ക് എഴുതാം'. പ്രതീക്ഷയൊന്നുമില്ലായിരുന്നെങ്കിലും സാബിഖ് മറുപടി നല്‍കി.
സാബിഖിനെ അമ്പരപ്പിക്കുന്നതായിരുന്നു അബ്ദുല്‍ അസീസിന്റെ മറുപടി. ക്രാനെയെ തന്റെ കൊട്ടാരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായിരുന്നു അത്. സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണത്തിനു പണം കണ്ടെത്താന്‍ കഴിയാത്തവിധം ദാരിദ്ര്യത്തിന്റെ നടുവിലായിരുന്നു അക്കാലത്ത് അബ്ദുല്‍ അസീസ് ആല്‍ സുഊദ്. ഇഖ്‌വാനുകള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയഭീഷണി ഒരുവശത്തും. 1929കളിലെ ലോക സാമ്പത്തികമാന്ദ്യം മൂലം സഊദിയുടെ പ്രധാന വരുമാന മാര്‍ഗമായിരുന്ന ഹജ്ജ് തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായി. 1920കളുടെ അവസാനം 1,30,000 ആയിരുന്ന തീര്‍ഥാടകരുടെ എണ്ണം 1930ല്‍ 40,000 ആയി കുറഞ്ഞു. നജ്ദില്‍ നിന്നുള്ള ഈത്തപ്പഴം കയറ്റുമതിയും കുറഞ്ഞതോടെ അബ്ദുല്‍ അസീസ് ദാരിദ്ര്യത്തിന്റെ പിടിയിലായി. 3,000 പൗണ്ട് മാത്രമായിരുന്നു അന്ന് ആഴ്ചയില്‍ സഊദിയുടെ വരുമാനം. ഗതികെട്ട അബ്ദുല്‍ അസീസ് മൂന്നു ലക്ഷം പൗണ്ട് കടം വാങ്ങി. ഖത്തറിലെയും ഒമാനിലെയും ഭരണാധികാരികളോട് പണത്തിനായി യാചിച്ചു.
1931 ഫെബ്രുവരി 25നു ജിദ്ദയിലെത്തിയ ക്രാനെയെ അബ്ദുല്‍ അസീസ് അറബ് ഉപചാരങ്ങളോടെ സ്വീകരിച്ചു. അബ്ദുല്‍ അസീസ് നേരിട്ടു കാണുന്ന ആദ്യ അമേരിക്കക്കാരനായിരുന്നു ക്രാനെ. ദീര്‍ഘവീക്ഷണമുള്ള നാണം കുണുങ്ങിയായ മനുഷ്യനായിരുന്നു അബ്ദുല്‍ അസീസെന്ന് ക്രാനെ പിന്നീട് തന്റെ ഡയറിയില്‍ എഴുതി. കാലിഫോര്‍ണിയയില്‍നിന്ന് കൊണ്ടുവന്ന ഈന്തപ്പഴമായിരുന്നു അബ്ദുല്‍ അസീസിനു ക്രാനെയുടെ സമ്മാനം. ഈന്തപ്പഴങ്ങളുടെ സമൃദ്ധിയില്‍ കഴിയുന്ന അബ്ദുല്‍ അസീസ് അതുകണ്ട് ചിരിച്ചുവത്രെ. രണ്ടുനാള്‍ ക്രാനെ അബ്ദുല്‍ അസീസിന്റെ അതിഥിയായിരുന്നു. കൂടിക്കാഴ്ച കഴിഞ്ഞ് ആഴ്ചകള്‍ക്കു ശേഷം സാബിഖിനു കെയ്‌റോയുടെ ഓഫിസിലേക്ക് 20 എന്‍ജിനീയര്‍മാരുടെ ലിസ്റ്റ് ക്രാനെ എത്തിച്ചു. അതില്‍നിന്ന് ഒരാളെ തിരഞ്ഞെടുക്കാനായിരുന്നു നിര്‍ദേശം. ഇംഗ്ലീഷറിയാത്ത സാബിഖ് ലിസ്റ്റ് തലതിരിച്ചു പിടിച്ചാണത്രെ വായിക്കാന്‍ ശ്രമിച്ചത്. എന്നിട്ട് അതിനു നടുവിലുള്ള ഒരു പേരില്‍ വിരല്‍തൊട്ടു. കാള്‍സ് എസ്. ടിറ്റ്‌ഷെല്‍. അബ്‌സീനിയയിലും യമനിലും ക്രാനെയ്ക്കു വേണ്ടി സര്‍വേ നടത്തിയ മിടുക്കനായ എന്‍ജിനീയര്‍.
അതേ വര്‍ഷം തന്നെ ഏപ്രിലിലെത്തിയ ടിറ്റ്‌ഷെല്‍ സര്‍വേ ആരംഭിച്ചു. ശൈത്യകാലം മുഴുവന്‍ കിഴക്കന്‍ പ്രവിശ്യയില്‍ അലഞ്ഞ ടിറ്റ്‌ഷെല്ലിനു പക്ഷേ, എണ്ണയൊന്നും കണ്ടെത്താനായില്ല. എന്നാല്‍ 1931 ഒക്ടോബര്‍ 16നു ദമാമിലെ കടലതിര്‍ത്തിയില്‍നിന്ന് കിലോമീറ്ററുകള്‍ക്കപ്പുറത്ത് ബഹ്‌റൈനില്‍ ടിറ്റ്‌ഷെല്‍ അടങ്ങുന്ന സംഘം എണ്ണ കണ്ടെത്തി. ജബല്‍ അദ്ദുഖാന്‍ നമ്പര്‍ 1 എന്ന ഗള്‍ഫിലെ ആദ്യ എണ്ണക്കിണര്‍ രൂപംകൊണ്ടു. ബഹ്‌റൈനിലെയും സഊദിയിലെയും ഭൂഘടന തമ്മില്‍ വ്യത്യാസമൊന്നുമില്ല. ബഹ്‌റൈനില്‍ എണ്ണയുണ്ടെങ്കില്‍ താങ്കളുടെ മണ്ണിലും അതുണ്ടാകും. തിരികെ റിയാദിലേക്ക് മടങ്ങുമ്പോള്‍ ടിറ്റ്‌ഷെല്‍ അബ്ദുല്‍ അസീസിനോട് പറഞ്ഞു. പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം 1935ല്‍ സൗദിയില്‍ എണ്ണ കണ്ടെത്തി. 1938 മാര്‍ച്ച് നാലിനു സഊദിയുടെ ആദ്യ വാണിജ്യ എണ്ണക്കിണറായ ദമാം7 കണ്ടെത്തി. മത്സ്യവും മുത്തുകളും മാത്രം വരുമാനമുണ്ടായിരുന്ന ബഹ്‌റൈനിന്റെ വിധി ജബല്‍ അദ്ദുഖാന്‍ മാറ്റിയെഴുതി. മണിക്കൂറില്‍ 400 ബാരലായിരുന്നു തുടക്കത്തില്‍ ജബല്‍ അദ്ദുഖാനില്‍നിന്ന് ലഭിച്ചിരുന്നത്. മരംകൊണ്ട് നിര്‍മിച്ച വീപ്പകളില്‍ കഴുതപ്പുറത്തായിരുന്നു എണ്ണ സംസ്‌കരണത്തിനായി എത്തിച്ചിരുന്നത്. ആധുനികതയിലേക്കുള്ള ബഹ്‌റൈനിന്റെ പ്രയാണം തുടങ്ങുന്നത് ആദ്യ എണ്ണക്കിണറിന്റെ പിറവിക്കു ശേഷമാണ്. എണ്ണക്കിണറുകള്‍ ചുറ്റപ്പെട്ട സാഖിര്‍ മരുഭൂമിയുടെ ആസുരതയില്‍ ബഹ്‌റൈന്‍ പെട്രോളിയം കമ്പനിയുടെ മ്യൂസിയത്തിനടുത്ത് ജബല്‍ അദ്ദുഖാന് രാജകീയ സ്ഥാനമുണ്ട്.
പൂമ്പാറ്റയെ പിടിക്കാനുള്ള വലയുമായി മരുഭൂമിയില്‍ എണ്ണ തേടിയലഞ്ഞ മേജര്‍ ഫ്രാങ്ക് ഹോംസാണത്രെ 1927ല്‍ അറബ് ലോകത്തെ ഭൂമിക്കടിയിലെ അത്ഭുതനിധിയെ ആദ്യം അറിയുന്നത്. പാശ്ചാത്യരുടെ അറേബ്യയിലെ സാന്നിധ്യം ഭരണാധികാരികള്‍ സംശയത്തോടെ കണ്ടിരുന്നതിനാല്‍ പൂമ്പാറ്റ ഗവേഷണമെന്ന വ്യാജേനയായിരുന്നു ഹോംസ് അറേബ്യയില്‍ എണ്ണ കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നത്. 1930കളില്‍ യൂറോപ്പ് രണ്ടാംലോക മഹായുദ്ധത്തിന്റെ കെടുതിയിലേക്ക് വീഴുമ്പോള്‍ അറബ് ലോകം എണ്ണ കണ്ടെത്തിയ ആവേശത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."