മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധി; ചെലവഴിക്കാതെ 772.38 കോടി
പി.കെ മുഹമ്മദ് ഹാത്തിഫ്
കോഴിക്കോട്
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലെ കോടിക്കണക്കിനു രൂപ ചെലവഴിക്കാതെ കിടക്കുന്നുവെന്ന് കണക്കുകൾ. 2018ലെയും 2019ലെയും പ്രളയ ദുരന്തങ്ങളെ തുടർന്ന് 4,912.45 കോടി രൂപയാണ് സംഭാവനയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്തിയത്. ഇതിൽ 772.38 കോടി രൂപ ഇതുവരെ ചെലവാക്കിയിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രളയബാധിതരായ പലർക്കും ഇപ്പോഴും സഹായം കിട്ടിയിട്ടില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പോർട്ടലിലെ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.
31,000 കോടി രൂപയാണ് പ്രളയത്തിൽ നിന്നു കരകയറാൻ വേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയും സർക്കാരും വെളിപ്പെടുത്തിയത്. എന്നാൽ, കിട്ടിയ തുക ചെലവഴിക്കാതെ അക്കൗണ്ടിൽ സൂക്ഷിക്കുന്നത് എന്തിനെന്ന ചോദ്യമുയരുന്നുണ്ട്. പൊതുജനങ്ങളുടെ സംഭാവന, സാലറി ചാലഞ്ച് തുടങ്ങിയവ വഴിയാണ് ഇത്രയധികം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത്.
ഇതിൽ സംസ്ഥാന സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി, കെ.എസ്.എഫ്.ഇയുടെ ഷെൽറ്റർ ഹോം, കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ, പുനർഗേഹം പദ്ധതി, ചെറുകിട സംരംഭകർക്കുള്ള ഉജ്ജീവൻ പദ്ധതി തുടങ്ങിയവയ്ക്ക് പണം ചെലവഴിച്ചുവെന്നാണ് കണക്കുകളിൽ സൂചിപ്പിക്കുന്നത്. എന്നാൽ, ഇവയെല്ലാം കള്ളക്കണക്കുകളാണെന്നും ഫണ്ടിൽ ദുരുപയോഗം നടന്നുവെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."