'ട്വിറ്റര്‍ ഇന്ത്യന്‍ നിയമങ്ങള്‍ മാനിക്കണം'- കുരുക്ക് കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: അക്കൗണ്ടുകള്‍ നീക്കാനുള്ള അടിയന്തര നിര്‍ദ്ദേശത്തോടുള്ള ട്വിറ്ററിന്റെ പ്രതികരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്രം. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമെന്ന നിലയില്‍ ട്വിറ്റര്‍ ഇന്ത്യന്‍ നിയമങ്ങളെ മാനിക്കുകയും അത് പിന്‍പറ്റുകയും വേണം. ട്വിറ്ററിന്റെ സ്വന്തം നിയമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിഗണിക്കുകയല്ല ചെയ്യേണ്ടത്. അക്കൗണ്ടുകള്‍ ഉടന്‍ തന്നെ ബ്ലോക്ക് ചെയ്യണമെന്ന കാര്യത്തിലൂന്നി കേന്ദ്ര വക്താവ് അറിയിച്ചു.
കേന്ദ്രത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കഴിഞ്ഞ ദിവസം ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കിത്തുടങ്ങിയിരുന്നു.
മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അറസ്റ്റിനും വന്‍തുക പിഴക്കും സാധ്യത ഉയര്‍ന്നതോടെയാണ് ട്വിറ്റര്‍ നടപടിയിലേക്ക് നീങ്ങിയത്.
പ്രകോപനപരവും വിഭാഗീയവുമായ പ്രതികരണങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് പറഞ്ഞ് വിലക്കാന്‍ നിര്‍ദേശിച്ച അക്കൗണ്ടുകളാണ് ട്വിറ്റര്‍ നീക്കിതുടങ്ങിയത്. 1,200 ഓളം അക്കൗണ്ടുകളുടെ പട്ടികയാണ് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നല്‍കിയിരുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായതിനാല്‍ വിലക്കാനാകില്ലെന്നായിരുന്നു ഇതുവരെയും ട്വിറ്റര്‍ നല്‍കിയ മറുപടി.
'മോദി കര്‍ഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു' എന്ന ഹാഷ്ടാഗില്‍ ദിവസങ്ങളായി ട്വിറ്ററില്‍ പ്രതികരണം സജീവമാണ്. ഇവ സമരമുഖം കൂടുതല്‍ സജീവമാക്കുമെന്ന തിരിച്ചറിവിലാണ് കേന്ദ്ര നീക്കം. ഐ.ടി നിയമം 69 എ വകുപ്പില്‍ പെടുത്തിയാണ് ട്വിറ്ററിന് നോട്ടിസ് നല്‍കിയത്.
ആദ്യമായി 'മോദി കര്‍ഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു' എന്ന ഹാഷ്ടാഗ് ട്വീറ്റ് ചെയ്ത 257 ഹാന്‍ഡിലുകളില്‍ 126 എണ്ണം ഇതുവരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഖലിസ്താനി, പാക് ശക്തികളുമായി ബന്ധമെന്ന് സര്‍ക്കാര്‍ ആരോപിച്ച 1,178 ഹാന്‍ഡിലുകളില്‍ 583 എണ്ണത്തിനും വിലക്കുവീണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."