സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസ്: പണം കൈമാറിയത് കരാര്‍ രേഖയില്ലാതെ, അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത് പരാതിക്കാരനല്ലെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസില്‍ വഴിത്തിരിവ്. പരാതിക്കാരന് പണം കൈമാറിയതിന് കരാര്‍ രേഖയില്ലെന്ന് കണ്ടെത്തല്‍. നടിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത് മറ്റ് ചിലരാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കുകയാണെന്നും ക്രൈംബ്രാഞ്ച് എസ്.പി ടോമി സെബാസ്റ്റിയന് പറഞ്ഞു.
അതേ സമയം പണം കൈമാറിയത്തിന് കരാര്‍ രേഖയില്ലെന്ന് പരാതിക്കാരന് ഷിയാസ് സമ്മതിച്ചു. പണം നല്‍കിയത് മറ്റ് രണ്ട് പേരാണെന്നും പരാതി നല്കാന് തന്നെ അവര്‍ ചുമതലപ്പെടുത്തിയതാണെന്നുമാണ് ഷിയാസ് ഇപ്പോള്‍ പറയുന്നത്.ഇക്കാര്യങ്ങളില്‍ വ്യക്തത ലഭിക്കാനാണ് പരാതിക്കാരന്റെ മൊഴി എടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.
കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. കഴിഞ്ഞ 2016 മുതലാണ് കൊച്ചിയിലെ വിവിധ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 12 തവണയായി ഇത്രയും പണം സണ്ണി ലിയോണ്‍ തട്ടിയെടുത്തതെന്നും പരാതിയിലുണ്ട്. പണം വാങ്ങിയെന്ന കാര്യം നടിയും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സംഘാടകരുടെ പിഴവ് മൂലമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും നടി പറഞ്ഞിരുന്നു.
വഞ്ചനാകേസില്‍ സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. സണ്ണി ലിയോണ്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."